UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊള്ളയടിക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല: പി.തിലോത്തമന്‍/അഭിമുഖം

Avatar

പി.തിലോത്തമന്‍ / ഡി ധനസുമോദ്

അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും ഒരു സര്‍ക്കാരിനെതിരെ ജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. പലപ്പോഴും സര്‍ക്കാരുകള്‍ വിജയിക്കുന്നതും പൊതുവിപണികള്‍ സാധാരണക്കാരില്‍ ഉണ്ടാക്കുന്ന അസംതൃപ്തി ഇല്ലാതാക്കുന്നിടത്താണ്. കേരളം പോലൊരു ഉപഭോക്തൃ സമൂഹത്തില്‍ വിലക്കയറ്റവും സാധനങ്ങളുടെ ദൗര്‍ലഭ്യവും ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പുതുതായി ചുമതലയേറ്റ ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയും പൊതുവിപണിയില്‍ നിന്നു തന്നെയാണ്. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളും അയഥാര്‍ത്ഥ്യങ്ങളുമുണ്ടോ? ഈ പറയുന്നതു പോലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്? ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഈ വിഷയങ്ങളോട് പ്രതികരിക്കുന്നു.

ധനസുമോദ്: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പാണ് ഭക്ഷ്യ, പൊതുവിതരണം. എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ തൃപ്തിപ്പെടുത്താനായി വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്?

തിലോത്തമന്‍: വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഒരു സംവിധാനമാണ് പൊതുവിതരണ കേന്ദ്രങ്ങള്‍. അതില്‍ ഏറ്റവും പ്രധാനമായ പങ്കുവഹിക്കുകയാണ് സപ്ലൈകോ. സപ്ലൈകോയുടെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഞാന്‍ തന്നെയാണ് വിലക്കയറ്റത്തിനെതിരെ ഏറ്റവും കൂടുതല്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക, അവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുക അതാണ് സപ്ലൈകോ സ്ഥാപിച്ചതുകൊണ്ടുള്ള ഉദ്ദേശം. ഇതിനു മുമ്പ് കഴിഞ്ഞ ഗവണ്‍മെന്റ് പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ അതില്‍ 20 ശതമാനം സബ്‌സിഡി കുറച്ചാണ് 13 ഇനങ്ങള്‍ വിറ്റിരുന്നത്. ഞങ്ങള്‍ ഇപ്പോഴുള്ള 13 ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നേയില്ല. അതു മാത്രമല്ല  ഒരുത്പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വര്‍ദ്ധിപ്പിക്കേണ്ട ഘട്ടമുണ്ടായിട്ടും വര്‍ദ്ധിപ്പിക്കണ്ടയെന്ന് പറഞ്ഞു.

 

: സപ്ലൈകോയിലും സാധനങ്ങളുടെ വില വര്‍ദ്ധിച്ചിട്ടുണ്ടല്ലോ ?

തി: മറ്റു സാധനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചതായി അറിഞ്ഞപ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. ആ ഉത്തരവാദിത്തം കൂടി സപ്ലൈകോ ഏറ്റെടുത്തിരിക്കുകയാണ്.

 

: തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് റെക്കോഡ് വിലക്കയറ്റം ആണല്ലോ, ഒരു കിലോയ്ക്ക് നൂറു രൂപയിലധികമായി. ഇതെങ്ങനെ ജനങ്ങള്‍ താങ്ങും?

തി: സമീപകാലത്ത് തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില കൂടി. സപ്ലൈക്കോ ഓണക്കാലം ഉള്‍പ്പെടെയുള്ള ഉത്സവകാലത്ത് മാത്രമേ പച്ചക്കറികളുടെ വില്‍പ്പന കൈകാര്യം ചെയ്യുന്നുള്ളു. അത് കൈകാര്യം ചെയ്യുന്നത് കൃഷിവകുപ്പിന്റെ ഹോര്‍ട്ടികോര്‍പ്പാണ്. അവര്‍ പച്ചക്കറികള്‍ 35 ശതമാനം വിലകുറച്ച് കൊടുക്കുവാന്‍ തീരുമാനിച്ചു. മറ്റൊരു കാര്യം കൂടി പറയട്ടെ , നമ്മള്‍ മലയാളികള്‍ തക്കാളി അങ്ങനെ അധികം ഉപയോഗിക്കില്ല. സാമ്പാറിലും രസത്തിലും ഇടാനാണ് തക്കാളി വാങ്ങുന്നത്. തക്കാളി ഉപയോഗിച്ചുള്ള കറി അധികം ഇല്ലാത്തതിനാല്‍ തക്കാളിയുടെ വിലക്കയറ്റം കാര്യമായി ബാധിക്കില്ല.

 

: വിലക്കയറ്റം ഒരു വലിയ പ്രശ്‌നമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്?

തി: കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങി വിപണനം ചെയ്യുന്ന ഇടത്തട്ടുകാരാണ് വിലവര്‍ദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ ജയ അരിയുടെ വില വര്‍ദ്ധിച്ചു. അത് നമ്മള്‍ അന്വേഷിച്ചു. ആന്ധ്രയിലെ രണ്ടുമൂന്നു മില്ലുടമകളുണ്ട്. അവരാണ് ഇതിന്റെ പ്രധാനപ്പെട്ട കസ്‌റ്റോഡിയന്‍മാര്‍. കൊല്ലത്തെ ചില ബ്രോക്കന്‍മാരാണ് ഇത് സ്‌റ്റോക്ക് ചെയ്യുന്നത്. അവര്‍ മനപ്പൂര്‍വ്വം ചെയ്ത നടപടിയാണിത്. ഞാനത് അന്വേഷിച്ചു. ഒന്നോ രണ്ടോ രൂപ കൂടിയാല്‍ മനസ്സിലാക്കാം. ഇത് ഒറ്റയടിക്ക് നാലും അഞ്ചും ആണ് വര്‍ദ്ധിപ്പിക്കുന്നത്. സപ്ലൈകോ ക്വോട്ട് ചെയ്യുന്നതും കൂടിയ വിലയ്ക്കാണ്. ഏഴ് റാക്ക് അരി വന്നിരുന്നത് ഒരു റാക്കായി ചുരുക്കി. അങ്ങനെ കൃത്രിമ ക്ഷാമം സൃഷ്ടിച്ചിട്ടാണ് ഈ വില കൂട്ടിയത്. അങ്ങനെ ആന്ധ്രയിലെ ചില മില്ലുടമകളും ഇവിടുത്തെ ചില ബ്രോക്കര്‍മാരും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിപ്പിക്കാം എന്ന് വിചാരിക്കണ്ട. ഞങ്ങള്‍ അരി കിട്ടാവുന്ന സ്ഥലത്ത് പോയി വാങ്ങിക്കും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ പ്രശ്‌നമുണ്ടായി. അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ബംഗാളില്‍ നിന്നുവരെ അരി കൊണ്ടുവന്നു. അതുകൊണ്ട് ഞങ്ങളുടെ കാലത്ത് വെട്ടിക്കാം എന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് നടക്കില്ല.

 

: വെട്ടിപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

തി: വിലക്കയറ്റത്തിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്നറിയണം. അതിനായി ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഉണ്ടാക്കുന്ന ജയ അരി കേരളത്തിലേ വില്‍ക്കൂ… ഇന്ത്യയില്‍ വേറൊരിടത്തും ഇത് ഉപയോഗിക്കുന്നില്ല. നോമ്പ് മാസമാണ്. ഓണം വരികയാണ്… ഈ ഉത്സവവേളകളിലാണ് ഏറ്റവും വലിയ തീവെട്ടിക്കൊള്ള കച്ചവടക്കാര്‍ നടത്തുന്നത്. കഴിഞ്ഞ തവണ 64 റംസാന്‍ ചന്തകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 90 ആയി ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കുകയെന്നതാണ് ലക്ഷ്യം. ജയ അരി ഇവിടെ കൊണ്ടുവന്നാലേ വില്‍ക്കാന്‍ പറ്റൂ. നമ്മള്‍ വേണ്ടെന്ന് വിചാരിച്ചാല്‍ അത് അവിടെ ഇരിക്കുകയേയുള്ളു. നമ്മള്‍ വിചാരിച്ചാല്‍ ഇത് ഉപേക്ഷിക്കാന്‍ പറ്റും. നമുക്ക് വേറെ അരി കിട്ടും. ജയ അരിക്ക് അല്‍പ്പം രുചി കൂടുതലാണ്. അതാണ് ആള്‍ക്കാര്‍ അത് വാങ്ങിക്കഴിക്കുന്നത്.

 

: എല്ലാ വിഭാഗം ആളുകളും നോമ്പ് അനുഷ്ഠിച്ചാല്‍ ഭക്ഷ്യക്ഷാമം കുറയും എന്നു താങ്കള്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പരിഹാസം പ്രചരിക്കുന്നുണ്ടല്ലോ, ശരിക്കും ഇങ്ങനെ പറഞ്ഞോ?

തി : ഒരിക്കലും പറഞ്ഞിട്ടില്ല, ഇതു അപവാദ പ്രചാരണമാണ്. വിശ്വസിക്കരുത്.

 

: ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപവാദം പ്രചരിപ്പിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിച്ചു കൂടെ?

തി: ജനങ്ങളെയാണ് സത്യം ബോധ്യപ്പെടുത്തേണ്ടത്. ഫെയ്‌സ്ബുക്കിലൂടെയും മറ്റും യാഥാര്‍ത്ഥ്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. നിയമ നടപടിയൊന്നും തല്‍ക്കാലം സ്വീകരിക്കുന്നില്ല. (പുതിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ടോ എന്നു മന്ത്രി തിരക്കി. പുതിയ ട്രോള്‍ പോസ്റ്റുകള്‍ കാണിച്ചു കൊടുത്തപ്പോള്‍ കുറച്ചു നേരത്തേക്ക് മന്ത്രി മൗനം പാലിച്ചു) ഇതൊക്കെ വേറെ ഏതോ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണ്. ഒരു പത്രത്തിലും ചാനലുകളിലും ഇത്തരം വാര്‍ത്ത വന്നിട്ടില്ല. അതുകൊണ്ട് സത്യം ജനങ്ങള്‍ അറിയണം. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല.

 

: ഓണത്തിണ് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ ആണ് വകുപ്പ് ചെയ്യുന്നത്?

തി: ഓണച്ചന്തകളെല്ലാം ഭംഗിയായിട്ട് നടത്തും. ഉത്പന്നങ്ങള്‍ ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നും സംഭരിക്കുകയാണ് ലക്ഷ്യം. അത്രയും വിലകുറച്ച് ന്യായവിലയ്ക്ക് കൊടുക്കാന്‍ കഴിയും. മറ്റു സംസ്ഥാനങ്ങളിലും പോകും. അവിടത്തെ റിയാലിറ്റി അറിഞ്ഞിട്ട് അവിടെ ടെണ്ടര്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ അവിടെ ടെണ്ടര്‍ ചെയ്യും. ഇപ്പോള്‍ തന്നെ പ്രിപ്പറേഷന്‍ ആരംഭിക്കുകയാണ് ഞങ്ങള്‍. പച്ചക്കറിയും ഇറച്ചിയും എല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് ലക്ഷ്യം. എം.പി.ഐ, കയര്‍ഫെഡ്, മത്സ്യഫെഡ് ഇതെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍. ഓണത്തിന് ഇറച്ചിയും മീനും അധികം വേണ്ടിവരില്ല, കൂടുതല്‍ പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ എത്തിക്കും.

 

താലൂക്ക് ഡിപ്പോകളിലും ജില്ലാ കേന്ദ്രങ്ങളിലുമെല്ലാം പച്ചക്കറിയും മില്‍മ ഉല്‍പ്പന്നങ്ങളും കിട്ടുന്ന ഓണച്ചന്തയുണ്ടാവും. മത്സ്യഫെഡിന്റെയും കയര്‍ഫെഡിന്റെയും സഹകരണമുണ്ടാവും. കുറേ കയറുല്‍പ്പന്നങ്ങളും വിറ്റഴിക്കപ്പെടും. ഇതെല്ലാം കൊണ്ട് നല്ലൊരു മേളയായിട്ട് നടത്താം എന്നാണ് ഐഡിയ. വലിയ ഷോപ്പിംഗ് മാളുകളാണല്ലോ വരുന്നത്. അവരെ തോല്‍പ്പിക്കുന്ന രീതിയിലുള്ള ക്വാളിറ്റിയുള്ള സാധനങ്ങള്‍ എത്തിക്കും.

ധ: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കപ്പെടുമോ?

തി: റേഷന്‍ കാര്‍ഡിലെ ഡാറ്റ നേരത്തെ കളക്ട് ചെയ്തുവച്ചിട്ടുണ്ടല്ലോ. അത് ഉടനെ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ചിട്ട് അതിലെ ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ സമയം കൊടുക്കും. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ സമിതികള്‍ രൂപീകരിച്ചിട്ട് ആക്ഷേപങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഒരുപാട് അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ട്. അര്‍ഹതയുള്ള ഒരുപാട് പേര്‍ക്ക് കിട്ടിയിട്ടില്ല. കുറേപേര്‍ എ.പി.എല്ലില്‍ കിടക്കുകയാണ്. ആ പരാതിക്കും പരിഹാരമുണ്ടാക്കും.

ഭക്ഷ്യസുരക്ഷാ നിയമം വന്നാല്‍ ഇതിനൊരു പരിഹാരമുണ്ടാകും. പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി സെക്ഷനായി മാറും. അരിവിഹിതത്തില്‍ കുറവുണ്ടാവില്ല. പത്തുലക്ഷം മതി നമുക്ക് അരി കൊടുക്കാന്‍. ഇപ്പോള്‍ 14.5 ലക്ഷം കിട്ടുന്നുണ്ട്. കിട്ടുന്നത് കുറയില്ല എന്ന് നിയമത്തില്‍ പറയുന്നുണ്ട്.

ധ: ഭക്ഷ്യസുരക്ഷാ നിയമം എപ്പോള്‍ നടപ്പാക്കും? 

തി: പ്രാരംഭ പരിപാടികള്‍ നടന്നുവരികയാണ്. നാലഞ്ച് മാസത്തിനുള്ളില്‍ നടപ്പാക്കും. വാതില്‍പ്പടി വിതരണമാണ് നടത്തുന്നത്. ബയോമെട്രിക്‌സ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ സാധനം വാങ്ങിച്ചാല്‍ മാത്രം ബില്ല് സെറ്റിലാവുന്ന മെഷീന്‍ എല്ലാ റേഷന്‍ കടകളിലും സ്ഥാപിക്കും. അപ്പോള്‍ മറിച്ചുകൊടുത്തുള്ള അനധികൃതവില്‍പ്പന നടക്കില്ല. അങ്ങനെ നന്നായിട്ട് അത് ചെയ്യാം. അതിലെ അഴിമതി അവസാനിപ്പിക്കാം.

ഇത് നടത്തിവരുമ്പോള്‍ ഹോള്‍സെയില്‍ കടകളുണ്ടാവില്ല. അവിടെയാണ് ഇപ്പോള്‍ അഴിമതിയുടെ പ്രധാനപ്പെട്ട കേന്ദ്രം. ഇനി എഫ്.സി.ഐയില്‍ നിന്ന് നേരെ റേഷന്‍ കടകളിലേക്കായിരിക്കും. ഹോള്‍സെയില്‍ കട ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പൊതുവിതരണ രംഗം നമ്മള്‍ ശുദ്ധമാക്കും.

ധ: നെല്ല് സംഭരിച്ചവരുടെ കുടിശ്ശികയെ കുറിച്ച്? 

തി: അതെല്ലാം ഇപ്പോള്‍ കൊടുത്തു തീര്‍ക്കും. 48 കോടി രൂപയുടെ ഫണ്ട് റിലീസാക്കി. കഴിഞ്ഞ ഗവണ്‍മെന്റ് വരുത്തിയ കുടിശ്ശികയാണ്. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ഇക്കാര്യം പാസാക്കിയെടുത്തു.

ധ: മില്ലുകാരുടെ വെട്ടിപ്പിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നുണ്ട്? 

തി: അത് അന്വേഷിക്കും.

ധ: മന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ ഉത്തരവ് ഏതായിരുന്നു?

തി: സര്‍ക്കാര്‍ ഭരണമേറ്റെടുത്തശേഷം ആദ്യത്തെ ഉത്തരവുകളിലൊന്ന് മാര്‍ക്കറ്റ് ഇടപെടല്‍ 70 കോടിയായിരുന്നത് 150 കോടിയായി വര്‍ദ്ധിപ്പിച്ചതാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വേണ്ടി. നയപരമായ തീരുമാനം 90 റംസാന്‍ ചന്തകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നടത്താന്‍ തീരുമാനിച്ചത് തന്നെയാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ധനസുമോദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍