UPDATES

ഐസിബി

കാഴ്ചപ്പാട്

ഐസിബി

ന്യൂസ് അപ്ഡേറ്റ്സ്

ചില മണവും മനുഷ്യരുമുണ്ടല്ലോ… എന്റെ സാറേ… പിന്നത്തെ കാര്യം പറയേ വേണ്ട

ഐസിബി

പരിചിതമായ ഒരു സ്ഥലം വിട്ടുവന്നതിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും വ്യക്തമായ ഓര്‍മ്മകള്‍ പലപ്പോഴും അവിടെയുള്ള മനുഷ്യരും പിന്നെ ഭക്ഷണവുമാണ്. ഓരോ സ്ഥലങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും മുന്‍ധാരണകള്‍ ഉണ്ടാവുക എന്നത് മനുഷ്യ സഹജമായ ഒരു സംഭവമാണെന്ന് തോന്നുന്നു. ‘ഓ വടക്ക്ള്ള കാക്കാമാര്‍ക്ക് ദിവസവും ബിരിയാണിയും കോഴിപൊരിച്ചതും ആണെന്നെ’; ‘ഈ അച്ചായന്മാരൊക്കെ ദൗസോം കള്ളു കുടിക്കും പോലും! ഓരെ കരളൊന്നും കരിഞ്ഞോവൂലെ പടച്ചോനെ?’; ‘ദാ നോക്ക് ഇഞ്ഞി ഒരു കാര്യം സൂക്ഷിച്ചോളണ്ടി… ഫിലിപ്പൈനിച്ചിയോളു ആണുങ്ങളെ മണിച്ച് കൊണ്ടോവും… അന്റെ പിയാപ്ലനേം കൊണ്ട് ഓള് മുങ്ങും, ഇഞ്ഞി മോങ്ങും’ അങ്ങനങ്ങനെ എല്ലാവരെയും കുറിച്ച് നമുക്ക് വ്യക്തമായ ധാരണകളും വിശ്വാസങ്ങളും ഉണ്ട്; അത് സത്യമാണെങ്കിലും അല്ലെങ്കിലും. അതാണിത്; ലോകത്തിന്റെ ഒരിത്!

 

ചൈനയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന അന്നുമുതല്‍ കേട്ട് കേട്ട് തല പെരുത്ത ഒരു കാര്യമാണ്, ‘ഓ നിന്നെ കൊണ്ട് ഇത്രേം കാലം മനുഷ്യര്‍ക്കായിരുന്നു എടങ്ങേറ്, ഇനിയിപ്പം പല്ലീം പാറ്റേം കൂടി പെട്ടല്ലോ?’ നമ്മുടെയൊക്കെ ഒരു ഉറച്ച വിശ്വാസമാണ് ചൈനക്കാരു മുഴുവനും രാവിലെ ചായയുടെ കൂടെ രണ്ടു എട്ടുകാലി വാട്ടിയത്, ഉച്ചക്ക് പാറ്റ മുളകിട്ടതും പല്ലി വറുത്തതും, രാത്രി ചപ്പാത്തീം പാമ്പ് ചുട്ടതും എന്നിങ്ങനെയാണ് എന്നൊക്കെ. എന്റെ സാറേ, വെറുതെയാ. ചൈനയിലെ ചില ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇന്നും വ്യാപകമായി പ്രാണികളെ കഴിക്കാറുള്ളൂ. എന്നാല്‍ അതും ഇന്ന് ഇല്ലാതായി വരികയാണ്. പലപ്പോഴും വിനോദസഞ്ചാരികള്‍ക്കായി ഇന്‍സെക്റ്റ് സ്ട്രീറ്റുകളും നൈറ്റ് മാര്‍ക്കറ്റുകളും മാത്രമായി ചുരുങ്ങി. ക്യാമറയും തൂക്കിയ ‘അയ്യോ, ബ്വാ’ എന്ന് മുഖം കോട്ടി വിദേശികള്‍ക്കൊപ്പം ചൈനക്കാരെയും കാണാം.

ഇന്ത്യക്കാരെ കുറിച്ച് ചൈനക്കാരുടെ പൊതുവെ ഉള്ള വിശ്വാസം നമ്മുടെ ഭക്ഷണമൊക്കെ ഭയങ്കരം മണം ആണെന്നാണ്. വെളുത്തുള്ളി ഇടാതെ വെള്ളം പോലും കുടിക്കില്ല എന്ന പോലെയാണു അവരുടെ കണ്ണില്‍ ഞങ്ങള്‍. പലപ്പോഴും വാടകക്ക് വീടുകള്‍ തരാന്‍ ഈ കാരണം പറഞ്ഞ് അവര്‍ പിന്മാറാറുമുണ്ട്. അവരുടെ പ്രിയനേതാവ് മാവോയുടെ ഇഷ്ട ഭക്ഷണമായ ‘ചൗ ദൗഫു’ അഥവാ സ്റ്റിങ്കി ടോഫു പേരു പോലെ തന്നെ ഈരേഴുലോകവും നാറി പൊട്ടിക്കാന്‍ പോരുന്നതാണ്. എന്നിട്ടാണ് നമ്മളോടു വെളുത്തുള്ളിയും പറഞ്ഞു ഒടക്കാന്‍ വരുന്നത്! ‘നിങ്ങള്‍ക്ക് നമ്മുടെ ഭക്ഷണം ഭയങ്കര ഇഷ്ടമായിരിക്കുമല്ലേ? നിങ്ങളുടെത് മണം കൊണ്ട് തിന്നാന്‍ പറ്റുഒ?‘ എന്ന് എന്നോടു ചോദിച്ച ചൈനീസ് മുതലുകളുണ്ട്. ‘ഇങ്ങള് ബിരിയാണി, കപ്പയും മീങ്കറിയും, ബീഫ് ചില്ലിയും പൊറാട്ടയും, പത്തിരിയും മീന്‍ മപ്പാസും കഴിച്ചിട്ടുണ്ടോ അമ്മച്ചീ?’ എന്ന് ചോദിക്കാനാണ് എനിക്ക് തോന്നിയത്! ഇങ്ങളെ ഒരു ദൗഫുവും മിയന്‍തിയാവോയും കോപ്പും! ആങ്ഹാ!

 

 

‘നീ ഇപ്പോ ഫുള്‍ ചീങ്ങ് ചോങ് ചൂ എന്നല്ലേ പറയൂ?’ എന്ന് ചോദിക്കുമ്പോ എനിക്ക് തോന്നാറുള്ളത് ‘നിനക്ക് ‘വാഴപ്പഴം’, ‘പുഴ’ എന്നൊക്കെ പറയാന്‍ പറ്റുമോ?’ എന്ന് കോഴിക്കോട്കാരിയായത് കൊണ്ട് എന്നോടു ചോദിക്കുമ്പോള്‍ ഉള്ള ചൊറിച്ചലാണ്. വടക്കേയിന്ത്യക്കാര് ‘തും ലോഗോം കാ മല്യാലം, അപ്പിടി ലംലം ചേറ്റാ കലം ഒന്ത്ര്.. സഹി ബോലാ നാ?’ എന്ന് തെക്കേ ഇന്ത്യയിലെ ഏതു ‘മദ്രാസി’യെ കണ്ടാലും ചോദിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ ചൊറിച്ചില്‍! ഞങ്ങളുടെ ഒരുപാട് ചൈനീസ് സുഹൃത്തുക്കളും ഇത് പറഞ്ഞിട്ടുണ്ട്, ചൈനീസ് എന്നും പറഞ്ഞ് കണ്ണു പകുതി ഇറുക്കി ടിംഗ് പിംഗ് ചീങ്ങ് ചോങ് എന്ന് പറഞ്ഞ് ഉറക്കെ ചിരിക്കുന്നവരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ട് വീക്കാന്‍ തോന്നുമെന്ന്. എല്ലാവര്‍ക്കും അവരുടെ മാതൃഭാഷ സുന്ദരവും പ്രിയപെട്ടതും ആണെന്ന തിരിച്ചറിവ് ചില കന്നാലികള്‍ക്ക് കുറവാണ്. എന്റെ ഭാഷയാണ് ഏറ്റവും ശ്രേഷ്ഠമെന്ന് തെക്കന്മാരും അതല്ല ഞമ്മളെതാണെന്ന് വടക്കന്മാരും മനസ്സിലാക്കുന്നു. ഞാന്‍ തറവാടിന് ഇത്തോത്ത് എന്ന് പറയുന്നത് കേട്ട് ആര്‍ത്തു ചിരിച്ച് ആഘോഷമാക്കിയ തെക്കനച്ചായന്‍ അവരുടെ കുടുംബത്തിലെ ‘പെരവാസ്‌തോലി’ക്ക് എന്നെ വിളിച്ചപ്പൊ സ്‌കോര്‍ ഞാനങ്ങോട്ട് സെറ്റില്‍ ആക്കി. ആവോലി, നെത്തോലി എന്നൊക്കെ കേട്ടിട്ടുണ്ട്… പെരവാസ്‌തോലി പോലും! ഹ… ഹ… ഹ… അയ്യോ… ഹ.. ഹ ഹ!!

 

ഓരോ നാട്ടിലെ ആളുകളുടെയും സ്വഭാവത്തെക്കുറിച്ചുമുണ്ട് നമുക്ക് ഇതുപോലെയുള്ള മുന്‍ധാരണകള്‍. ഇന്നയാളുകള്‍ക്ക് വൃത്തിയില്ല, ആ നാട്ടുകാരു മനുഷ്യപ്പറ്റില്ലാത്ത വര്‍ഗ്ഗമാണ്, ആ രാജ്യക്കാര് മുഴുവന്‍ തല്ലിപ്പൊളികളാണ് എന്നിങ്ങനെ. ചൈനക്കാരെക്കുറിച്ച് അങ്ങനെ ഉള്ള ഒരു കേള്‍വി ആയിരുന്നു അവരുടെ മുന്‍കോപം. പലപ്പോഴും അത് ശരിയുമായിരുന്നു. എത്രയോ തവണ അടുത്ത വീടുകളില്‍ നിന്നും ഉറക്കെയുറക്കെയുള്ള കരച്ചിലും ശകാരവും വാതില് വലിച്ചടച്ചുള്ള ഇറങ്ങിപ്പോക്കും കണ്ടിട്ടുണ്ട്. അതുപോലെ തന്നെ വഴിവക്കിലും കടയിലും കയ്യും കാലും ശബ്ദവും പൊങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാലും എന്നെ വളരെയധികം സ്വാധീനിച്ച ഒരു അനുഭവം എനിക്കുണ്ടായി. വൈകുന്നേരങ്ങളില്‍ താഴെയുള്ള ഒരു പാര്‍ക്കില്‍ മകനെയും കൊണ്ട് ഞാന്‍ സ്ഥിരമായി പോകാറുണ്ട്. വലിയ ഒരു പാര്‍ക്കാണ്; ഒരുപാടു പ്രായമായവരും കുടുംബങ്ങളും കുഞ്ഞുങ്ങളും അവിടെ കളിക്കാനും ചുമ്മാ വന്നിരിക്കാനും വരാരുണ്ട്. ഒരുദിവസം അവിടെ ചൈനീസ് ചെസ്സ് എന്ന് വിളിക്കുന്ന ക്ഷിയാന്‍ ഛി കളിക്കുകയായിരുന്ന രണ്ട് പുരുഷന്മാര് തമ്മില്‍ നല്ല ഉഗ്രന്‍ വാക്ക് തര്‍ക്കം തുടങ്ങി. ചൈനീസ് തെറികളൊന്നും അതുവരെ പഠിക്കാന്‍ ഒരു അവസരം ഒത്തുവരാഞ്ഞത് കൊണ്ട് ഞാനൊക്കെ ചെവിയും കൂര്‍പ്പിച്ച് ഇരിക്കുകയാണ്. ഇപ്പം വിളിക്കും തന്തക്ക്, ഉച്ചാരണം കറക്ടായി റിക്കാര്‍ഡ് ചെയ്യണം എന്നൊക്കെ കണക്കുകൂട്ടി ഇരിക്കുന്ന ഞാന്‍, കളിയൊക്കെ മതിയാക്കി ഇവരെയും നോക്കി നില്‍ക്കുന്ന കുട്ടികള്‍, അവരോടു കാര്യം അന്വേഷിക്കുന്ന മറ്റുള്ളവര്‍, ഇതൊക്കെ എന്ത് എന്നുള്ള മുഖഭാവവുമായി പുറത്ത് സോപ്പ് തേക്കുമ്പോള്‍ സ്റ്റക്ക് ആയിപ്പോയ പോലെ നില്‍ക്കുന്ന കുറെ തായ് ചി ഉപാസകര്‍… എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് ഒരു പോരാളി പറയുകയാണ് ‘ഇവിടെ കുട്ടികള്‍ ഒരുപാടുണ്ട്. നമുക്ക് അങ്ങോട്ട് മാറി നിന്ന് ഇത് തീര്‍ക്കാം’ എന്ന്! എന്നിട്ട് രണ്ടുംകൂടി റോഡ് മുറിച്ചുകടന്ന് അപ്പുറത്ത് നിന്ന് ഭയങ്കര അടി! ഒന്നും ഇങ്ങോട്ട് കേള്‍ക്കുന്നില്ല. കുട്ടികളൊക്കെ വീണ്ടും കളിയിലേക്ക് തിരിച്ചു പോയി. താല്‍പര്യമുള്ളവര്‍ റോഡൊക്കെ മുറിച്ച് കടന്നു ഭാഷ പഠിക്കാന്‍ പോയി. ദേഷ്യത്തിന്റെ ആ പരമോന്നതിയില്‍ നില്‍ക്കുമ്പോള്‍ നമ്മളില്‍ എത്ര പേര്‍ക്ക് ചുറ്റും നില്‍ക്കുന്നവരെ ഓര്‍മ്മ വരും? ഭാവി തലമുറ കണ്ട് പഠിക്കും എന്ന കാര്യം?

 

 

ബെയ്ജിങ്ങില്‍ നിന്നും സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അവര്‍ കുടുംബബന്ധങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം. വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍ മുഴുവനായി പുറത്തിറങ്ങി കളിക്കുന്നത് കാണാന്‍ തന്നെ ഒരു ചേലാണ്. നമ്മുടെ ടീംസ് ‘പരസ്പരോം’ ‘കണ്ണിലുണ്ണി’യും കണ്ട് മൂക്ക് പിഴിഞ്ഞ് സമയം കളയുമ്പോള്‍ അവിടെ വൈകുന്നേരങ്ങള്‍ കളിയും വിനോദങ്ങളുമായി പങ്കിട്ടു തീരുന്നു. അച്ഛനമ്മമാര്‍ കുട്ടികളെ പല തരം കളികളും കൈവേലകളും പഠിപ്പിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇന്ന് നമ്മളില്‍ പലര്‍ക്കും കഴിഞ്ഞ തലമുറ കളിച്ചിരുന്ന പല കളികളും അറിയില്ല, അത് പകര്‍ന്നു കിട്ടിയിട്ടുമില്ല. അതിനൊന്നും സമയമില്ല. ചൈനീസ് കാലിഗ്രാഫി, ബ്രഷു വെള്ളത്തില്‍ മുക്കി നടപ്പാതയില്‍ എഴുതി പ്രാക്ടീസ് ചെയ്യുന്ന വയോധികരെ വഴിയിലുടനീളം കാണാം. മിക്കപ്പോഴും അവരുടെ കൂടെ അവരുടെ പേരക്കിടാവോ ഒരു കുഞ്ഞോ കാണാം. അവരേയും സൂക്ഷ്മമായി ബ്രഷ് പിടിക്കേണ്ട ശരിയായ രീതിയും കൈത്തണ്ട മടങ്ങേണ്ട അവസരവും പറഞ്ഞു കൊടുക്കുന്നത് കാണാം. അമ്മയും മകനും ബാഡ്മിന്റന്‍ കളിക്കുകയാണെങ്കില്‍ മകനെ ബാറ്റ് ശരിയായ രീതിയില്‍ പിടിക്കാന്‍ ഒന്നിലധികം തവണ ഓര്‍മ്മപെടുതുന്നത് കാണാം. ഞാന്‍ എന്നും വൈകുന്നേരം കാണാറുള്ള ഒരു മകനും അമ്മയുമാണ് എന്റെ ബെയ്ജിങ്ങിനെ കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ ചിത്രം. തൊണ്ണൂറിനടുത്ത് കാണും അമ്മയുടെ വയസ്സ്, മകന് നാല്‍പ്പതിനടുത്തും. അമ്മ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നു വീല്‍ചെയറിലാണ് ദിവസേന പാര്‍ക്കില്‍ വരുന്നത്. പാര്‍ക്കില്‍ കുറച്ചിരുന്നതിനുശേഷം, മകന്‍ ഒരു ബെഡ്ഷീറ്റ് എടുത്ത് മടക്കി അമ്മയുടെ പിറകിലൂടെ എടുത്ത് തന്റെ രണ്ടു തോളിലൂടെയും കോര്‍ത്തുകെട്ടി അമ്മയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നു. മകന്റെ പിറകില്‍ ഒരു ബാഗിലിട്ട പോലെയാണ് അമ്മയിപ്പോള്‍, കാലു നിലത്തു ചെറുതായി തൊടുന്നു, എന്നിട്ട് ഈ അമ്മയേയും ചുമന്ന് അവന്‍ നടക്കാന്‍ പോകും. പാര്‍ക്കില്‍ അമ്മയുടെ കൂട്ടുകാരികളും അവന്റെ കൂട്ടുകാരും എല്ലാരും കാണും സംസാരിച്ച് കൂടെ നടക്കാന്‍. പാര്‍ക്കില്‍ പോയ എല്ലാ ദിവസവും ഈ കാഴ്ച്ച ഞാന്‍ മുടങ്ങാതെ കണ്ടു.

 

‘തന്റെ നാടു തനിക്ക് മിസ്ര്‍’ എന്നൊരു മലബാറി പഴഞ്ചൊല്ലുണ്ട്. എല്ലാവര്‍ക്കും അവരവരുടെ നാടു ഈജിപ്ത് (മിസ്ര്‍) പോലെ സുന്ദരമാണെന്ന്. ചിലപ്പോള്‍ സൂക്ഷിച്ചു നോക്കിയാല്‍ മറ്റുള്ള നാടിനുമുണ്ട് ഒരു സൌന്ദര്യോം കുണുങ്ങലും ഒക്കെ. ഒളിങ്കണ്ണിട്ട് നോക്കണം എന്നെ ഉള്ളൂ.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍