UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫുഡ്‌ ഫോര്‍ ഫ്രീഡം കഫറ്റീരിയ; തടവറയില്‍ നിന്ന്‍ സ്വാതന്ത്ര്യത്തിലേക്ക് ഒരു ചുവടുകൂടി

Avatar

വിഷ്ണു ശൈലജ വിജയന്‍ 

തിരുവനന്തപുരത്ത് എവിടെയാണ് നല്ല ബിരിയാണി കിട്ടുക? കിഴക്കേകോട്ടയിലെ ബുഹാരിയിലോ, മെഡിക്കല്‍ കോളേജ് റോഡിലെ ആസാദ് ഹോട്ടലിലോ പോയാല്‍ നല്ല കലക്കന്‍ ബിരിയാണി കഴിക്കാം എന്നാകും പലരുടെയും ആദ്യ ഉത്തരം. എന്നാല്‍ ബിരിയാണിയും ചുരിദാറും ഒരേയിടത്ത് ലഭിക്കുന്ന കട എവിടെ ഉണ്ട് എന്ന് ചോദിച്ചാല്‍ തലസ്ഥാന വാസികള്‍ ഒന്നും ആലോചിക്കാതെ പറയും; പൂജപ്പുര സെന്‍ട്രല്‍ ജയില്‍!

 

മുഖം ചുളിക്കാന്‍ വരട്ടെ, പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നിലുള്ള ഫുഡ്‌ ഫോര്‍ ഫ്രീഡം കഫറ്റീരിയയെ കുറിച്ചാണ്  പറയുന്നത്. 

സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ആരംഭിച്ചിരിക്കുന്ന ഫുഡ്‌ ഫോര്‍ ഫ്രീഡം കഫറ്റീരിയയില്‍ ചെന്നാല്‍ നല്ല അസല്‍ ചിക്കന്‍ ബിരിയാണി 60 രൂപയ്ക്ക് ലഭിക്കും. ബിരിയാണി മാത്രമല്ല, ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചെറിയൊരു ഷോപ്പിങ്ങും നടത്താം.

ഫുഡ്‌ ഫോര്‍ ഫ്രീഡം എന്ന പേരില്‍ ആരംഭിച്ച കഫറ്റീരിയയിലൂടെ തടവ്‌ പുള്ളികളുടെ കൈപ്പുണ്യം നാട് മുഴുവന്‍ പരക്കുകയാണ്.

ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിക്കും കോഴിക്കറിക്കും ഡിമാന്‍ഡ് കൂടിയപ്പോള്‍ തലസ്ഥാന നഗരിയിലെ ചില ഹോട്ടലുകളുടെയെങ്കിലും കച്ചവടം തീരെക്കുറഞ്ഞു. സ്വാഭാവികമായും കച്ചവടം കുറഞ്ഞവരുടെ കുത്സിതപ്രവര്‍ത്തനങ്ങളും ഉണ്ടായി. “ജയില്‍ പുള്ളികള്‍ ഉണ്ടാക്കുന്ന ആഹാരം കഴിച്ചാല്‍ കഴിക്കുന്നവരിലും ക്രിമിനല്‍ വാസന കൂടും” എന്നായിരുന്നു ചിലര്‍ ജയില്‍ ചപ്പാത്തിയേയും കോഴിക്കറിയേയും ഒതുക്കാന്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍. അത് പൊളിഞ്ഞു എന്ന് മാത്രമല്ല ചപ്പാത്തിക്കും കോഴിക്കറിക്കും വലിയ ഡിമാന്‍ഡുമായി. ദിനംപ്രതി ആവശ്യക്കാര്‍ കൂടി വന്നു. ജയില്‍ ചപ്പാത്തിയ്ക്ക് ലഭിച്ച ആ സ്വീകാര്യതയാണ് ഫുഡ്‌ ഫോര്‍ ഫ്രീഡം എന്ന കഫറ്റീരിയ തുടങ്ങുവാന്‍ അധികൃതരെ പ്രോത്സാഹിപ്പിച്ചത്.

2011-ല്‍ ജയില്‍ ഡിജിപി ആയിരുന്ന അലക്സാണ്ടര്‍ ജേക്കബ് ആയിരുന്നു ജയിലില്‍ നിന്നും ചപ്പാത്തി ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് നല്‍കാം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. തടവറകളില്‍ കഴിയുന്നവരുടെ കഴിവ് പൊതുജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനതയ്ക്ക് ഒരു ആശ്വാസം എത്തിക്കാം എന്നതൊക്കെയായിരുന്നു അദ്ദേഹത്തെ ഇങ്ങനെയൊരു ആശയത്തില്‍ കൊണ്ടെത്തിച്ചത്.

അന്ന് മുതല്‍ കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലും ജില്ലാ ജയിലുകളിലും ചപ്പാത്തി ഉണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ പുതിയ പോലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ ഒരു പടി കൂടി കടന്നു ചിന്തിച്ചു. ഭക്ഷണവും ഷോപ്പിങ്ങും ഒരു കുടക്കീഴില്‍ എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. പാചക വിദഗ്ദ്ധന്മാര്‍ മാത്രമല്ലല്ലോ കലാകാരന്മാരും ജയിലിനകത്ത് ഉണ്ടല്ലോ. അവര്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കട്ടെ, അതുവഴി വരുമാനം ഉണ്ടാക്കാമല്ലോ, ഇതായിരുന്നു ബെഹ്‌റയുടെ ചിന്ത. ആ ചിന്ത വിജയം കാണുകയും ചെയ്തു.

അങ്ങനെയാണ് ജയിലിന് പുറത്ത് കഫറ്റീരിയ നിര്‍മ്മിക്കുന്നത്. ജനുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച കഫറ്റീരിയയില്‍ ആദ്യമൊന്നും വലിയ തിരക്കില്ലായിരുന്നു. എന്നാല്‍ പതിയെ ആളുകള്‍ അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെട്ടു തുടങ്ങി. മിതമായ നിരക്കും സ്വസ്ഥമായ അന്തരീക്ഷവും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കുടുംബങ്ങളെയാണ്. യുവാക്കളും വിദ്യാര്‍ഥികളും സ്ഥിരമായി എത്തുന്നുണ്ട് ഇപ്പോള്‍. ജയില്‍ ചപ്പാത്തി നല്‍കുന്ന അതെ വിലക്കുറവില്‍ തന്നെ എസി കഫറ്റീരിയയിലും ഭക്ഷണ സാധനങ്ങള്‍ ലഭിക്കും.

 

ഒരു മാസം ഒരു ലക്ഷം രൂപയോളം ലാഭം ലഭിക്കുന്നുണ്ട്. കസ്റ്റമേഴ്സിന്‍റെ തിരക്ക് ഏറി വരുന്നത് കണക്കിലെടുത്ത് കുറച്ചു കൂടി വലിയ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ ഉള്ള ആലോചനയിലാണ് ഇപ്പോള്‍ ജയിലധികൃതര്‍.

“ഞാന്‍ ഇവിടെ സ്ഥിരം വരുന്ന ഒരാളാണ്. നല്ല അന്തരീക്ഷമാണ്. ഞങ്ങള്‍ ഇവിടെയിരുന്നാണ് പല കാര്യങ്ങളും ഡിസ്കസ് ചെയ്യാറുള്ളത്. ഇതൊരു ഫൈവ്സ്റ്റാര്‍ ഫെസിലിറ്റി ഉള്ള സ്ഥലമൊന്നും അല്ല. എന്നാലും സാധാരണക്കാരന് ഉതകുന്ന വിലയില്‍ ഭക്ഷണം നല്‍കുന്നു എന്ന ഒറ്റക്കാര്യം ആളുകളെ ഇങ്ങോട്ട് അടുപ്പിക്കുന്നു. മാത്രവുമല്ല ഇവര്‍ ചെയ്യുന്ന ഏറ്റവും വലിയ കാര്യമെന്ന് പറയുന്നത് തടവ്‌ പുള്ളികളെ മുഖ്യധാരയുമായി അടുപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ്. പൊതുജനങ്ങള്‍ക്ക് തടവുപുള്ളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന ഭയം കുറയ്ക്കുന്നു എന്നതാണ്.” കഫറ്റീരിയയില്‍ പതിവായി എത്താറുള്ള തിരക്കഥാകൃത്ത്‌ സന്തോഷ്‌ ഇടുക്കി പറയുന്നു.

ഇത് ഭക്ഷണത്തിന്‍റെ കാര്യം. ഫ്രീ ഫാഷനിസ്റ്റ എന്ന പേരില്‍ തടവ് പുള്ളികള്‍ ഡിസൈന്‍ ചെയ്ത് തുന്നിയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു ഷോറൂമും ഇവിടെയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കൈയില്‍ കുറച്ചു കാശുണ്ടെങ്കില്‍ ഭക്ഷണവും കഴിച്ചു വസ്ത്രങ്ങളും വാങ്ങിപ്പോകാം.

 

800 മുതല്‍ 2500 രൂപവരെ വിലയുള്ള സ്ത്രീകളുടെ ഡിസൈനര്‍ കുര്‍ത്തകള്‍ ഇവിടെ ഉണ്ട്. 900 രൂപയാണ് പലാസോയുടെ വില. കാലന്‍ കുട 350 രൂപയ്ക്കും ത്രീഫോള്‍ഡ് കുട 275 രൂപയ്ക്കും ലഭിക്കും.

ഒരു വര്‍ഷമായി ജയിലില്‍ തുടരുന്ന സംരംഭമാണ് ഇപ്പോള്‍ ഫ്രീ ഫാഷനിസ്റ്റ എന്ന പേരില്‍ എല്ലാവര്‍ക്കുമായി തുറന്നു നല്‍കിയത്. 50-ഓളം പേരുള്ള യൂണിറ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരളത്തിലും പുറത്തുമുള്ള മില്ലുകളില്‍ നിന്ന് നൂലെത്തിച്ച് നെയ്യും. അന്തേവാസികള്‍ക്ക് പുറമേ ഉദ്യോഗസ്ഥര്‍ക്കുള്ള യൂണിഫോമും ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ശേഷമാണ് ഡിസൈനര്‍ വെയര്‍ എന്ന നൂതനാശയത്തിലെത്തിയത്.

16 പേര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കി. ഡിസൈനര്‍ വെയര്‍ സംരംഭമായ വേദികയുടെ സഹായമുണ്ടായിരുന്നു. ജയിലിന്റെ തന്നെ ഫുഡ് ഫോര്‍ ഫ്രീഡം കഫ്റ്റീരിയക്കൊപ്പമുള്ള പഴയ ക്വാര്‍ട്ടേഴ്സിനെയാണ് കടയാക്കി മാറ്റിയത്. ഫ്രീ ഫാഷനിസ്റ്റ എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങി ഓണ്‍ലൈനില്‍ വില്‍പ്പന നടത്താനും ജയില്‍ വകുപ്പിന് ആലോചനയുണ്ട്.

ഒരുകാര്യം ഇപ്പോള്‍ സമ്മതിക്കാം. സെന്‍ട്രല്‍ ജയില്‍ എന്നു കേട്ടാലുള്ള അകല്‍ച്ച ഇപ്പോള്‍ ആര്‍ക്കുമില്ല. പകരം, നല്ല ബിരിയാണിയുടേയും ചിക്കന്‍ കറിയുടേയും കൊതിയൂറുന്ന മണവും, അണിയാന്‍ തോന്നുന്ന പുതുവസ്ത്രങ്ങളുടെ ശേഖരവുമൊക്കെയാണ് മനസിലേക്ക് വരുന്നത്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍