UPDATES

യാത്ര

ബംഗളൂരുവിലെ കിടിലന്‍ പാതിരാ ചായ; പോരൂ, ശിവാജി നഗറിലെ സവേര ചായക്കടയിലേക്ക്

ഇത്രയും കാലങ്ങളായി സവേരയിലെ ചായയുടെ രുചിയില്‍ എനിക്കൊരു മാറ്റവും അനുഭവപ്പെട്ടിട്ടില്ല

ബംഗളൂരുവിലെ ശിവാജി നഗറിലെ സവേര ചായക്കടയില്‍ 1998 മുതല്‍ക്ക് ഞാന്‍ പോകുന്നത് എന്റെ പാതിരാ ചായ കുടിക്കാനാണ്. പക്ഷേ ഈ സ്ഥലത്ത് അതിലേറെയുമുണ്ട്. 23 വയസിലാണ് ഞാന്‍ ബംഗളൂരുവിലേക്ക് മാറുന്നത്. പഴയ HAL വിമാനത്താവളത്തിലെ വിമാനത്തിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന വിഭാഗത്തിലെ പാചകക്കാരനായിരുന്നിട്ടും അന്നൊന്നും ഭക്ഷണഭൂമികയില്‍ അധികം അലച്ചിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളും വെള്ളമടിയും വിരുന്നുകളുമായിരുന്നു അന്നത്തെ പ്രധാന പരിപാടികള്‍. ഭക്ഷണം വളരെ പിന്നീടാണ് വന്നത്.

ശിവാജി നഗറും ബ്ലാക്പള്ളി കഥയും
ശിവാജി നഗറിനെക്കുറിച്ച് വായിച്ചപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ പേര് ബ്ലാക്പള്ളി എന്നാണെന്ന് ഞാന്‍ അറിഞ്ഞത്. ശ്രീരംഗപട്ടണത്ത് നിന്നും ബംഗളൂരുവിലേക്ക് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആസ്ഥാനം മാറ്റിയ 1800-കളില്‍ തന്നെ, സുന്ദരമായ കാലാവസ്ഥ മൂലം ബംഗളൂരു ഏറ്റവും വലിയ ബ്രിട്ടീഷ് കന്‍റോണ്‍മെന്‍റുകളില്‍ ഒന്നായി മാറിയിരുന്നു. ബ്ലാക്പള്ളി എന്ന പേര് വന്നതിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളുമുണ്ട്. ഈ പ്രദേശത്ത് വളരുന്ന ഒരുതരം കറുത്ത നെല്ലിനത്തില്‍ നിന്നാണ് ഈ പേര് എന്നാണ് ഒരു വാദം. കര്‍ണാടകത്തില്‍ കറുത്ത നെല്ലിനം ഇല്ലാത്തതിനാല്‍ ഈ വാദം സാധൂകരണം ഇല്ലാത്തതാണ്.

മറ്റൊരു വിശദീകരണം, ബില്ലി അക്കി എന്നാല്‍ കണ്ണടയില്‍ വെളുത്ത അരി എന്നാണെന്നും ഈ പ്രദേശത്ത് തൂവെള്ള അരി ഉത്പാദിപ്പിച്ചിരുന്നു എന്നുമാണ്. അതുകൊണ്ട് ബില്ലിയക്കി പള്ളി എന്ന പേര് വന്നു. പിന്നീടത് ബ്രിട്ടീഷ് കാലത്ത് ലോപിച്ച് ബ്ലാക്പള്ളി എന്നായി. ഇത് സാധ്യതയുള്ള കാര്യമാണ്. മൂന്നാമത്തെ വാദം, ബംഗളൂര്‍ കന്റോണ്മെന്റിന്റെ ആദ്യ രൂപരേഖ ഉണ്ടാക്കിയ മദ്രാസ് സാപ്പേഴ്സ് ആന്‍ഡ് മൈനെഴ്സിലെ ജോണ്‍ ബ്ലാകിസ്റ്റനേ തുടര്‍ന്നാണ് ഈ പേരുവന്നത് എന്നാണ്. ഞാന്‍ ചരിത്രകാരനല്ല, അതുകൊണ്ട് ബാക്കി നിങ്ങളുടെ ജോലിയാണ്.

മറ്റ് പല ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി ബാംഗളൂര്‍ ഇപ്പൊഴും പല ഇംഗ്ലീഷ് പേരുകളുമുണ്ട്. ശിവാജി നഗറിലെ റസല്‍ മാര്‍ക്കറ്റ് അത്തരത്തിലൊന്നാണ്. ഇത് മുന്‍ഭാഗത്ത് പൂക്കളും പച്ചക്കറികളും, പിന്നില്‍ മത്സ്യ മാംസവും വില്‍ക്കുന്ന അങ്ങാടിയാണ്. കന്‍റോണ്‍മെന്‍റ് പ്രദേശത്ത് താമസിക്കുന്ന പട്ടാളക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ള പ്രധാന അങ്ങാടി ഇതാണ്. പ്രാദേശിക വികാരം കണക്കിലെടുത്തു, പോത്തിറച്ചി വില്‍പ്പന പ്രധാന കെട്ടിടത്തില്‍ നിന്നും അല്പം മാറി വേറൊരു കെട്ടിടത്തിലാണ്. പന്നിയിറച്ചി കച്ചവടം ദൂരേക്ക് മാറ്റിയിരിക്കുന്നു. മിക്ക കശാപ്പുകാരും മുസ്ലീങ്ങളായിരുന്നതിനാല്‍ (ഇപ്പൊഴും അങ്ങനെയാണ്) ശിവാജി നഗറിലെ മിക്ക ഭാഗങ്ങളിലും മുസ്ലീങ്ങളാണ് കൂടുതല്‍. നല്ല മുസ്ലീം ഭക്ഷണവും ഫാല്‍ എന്ന ഒരു പ്രത്യേക ഭക്ഷണവും ഇവിടെ കിട്ടും.

ശിവാജി നഗറിലെ പാതിരാ ചായ
സവേര ചായക്കടയില്‍ ദിവസം മുഴുവനും ചായ വില്‍പ്പനയുണ്ട്. അതുകൊണ്ടു ഏത് സമയത്തും കയറിച്ചെല്ലാം. പാതിരാ ചായക്ക് മാത്രമേ ഞാനവിടെ പോകാറുള്ളൂ. ശിവാജി നഗറിലേത് പോലെ ചിലവ ഒഴിച്ചുനിര്‍ത്തിയാല്‍ ബംഗളൂരുവില്‍ അര്‍ദ്ധരാത്രി ചായയ്ക്കോ വഴിയോര ഭക്ഷണത്തിനോ അധികം സാധ്യതയില്ല. സജീവമായ രാത്രികാല തെരുവോര ഭക്ഷണമുള്ള ശിവാജി നഗറില്‍ ഒരു അത്താഴത്തിനുശേഷം സവേരയിലെ ഒരു ചായ നിര്‍ബന്ധമായും കുടിക്കേണ്ടതാണ്.

ഇത്രയും കാലങ്ങളായി സവേരയിലെ ചായയുടെ രുചിയില്‍ എനിക്കൊരു മാറ്റവും അനുഭവപ്പെട്ടിട്ടില്ല. അതെനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സംഗതിയാണ്. ഭക്ഷണ, പാനീയ വ്യാപാരം ഒരു ജനകീയ വ്യാപാരമാണ്. യന്ത്രങ്ങള്‍ നടത്തുന്ന ഒന്നല്ല. എല്ലാ ദിവസവും, എല്ലാ വര്‍ഷവും ഒരേ തരത്തിലെ രുചി ഉണ്ടാക്കുക എന്നത് എളുപ്പമല്ല. സമോസ, ഖജൂര്‍, തുടങ്ങി ചില ചെറുകടികളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. പക്ഷേ ഞാനിവിടെ വരുന്നത് അവര്‍ നല്‍കുന്ന ഈ കിടിലന്‍ ചായ കുടിയ്ക്കാനാണ്.

സവേര ചായക്കട ഇനിയും വിപുലമാക്കി, ബംഗളൂരുവില്‍ മറ്റിടങ്ങളിലും ഈ പാതിരാ ചായ ലഭ്യമാക്കും എന്നാണെന്റെ പ്രതീക്ഷ. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ഈ ചായ കുടിക്കാനും ആസ്വദിക്കാനും കഴിയട്ടെ.

അതിനവര്‍ക്ക് ശക്തിയുണ്ടാകട്ടെ!

അവരുടെ ജി പി എസ് സ്ഥാനം ഇതാണ്  : 12°59′10″ N 77°36′18″ E

ചൗഡര്‍ സിംഗ്

ചൗഡര്‍ സിംഗ്

വിവിധതരം ഭക്ഷങ്ങളെക്കുറിച്ചും തെരുവ് ഭക്ഷണ ശാലകളെക്കുറിച്ചും എല്ലാം എഴുതുന്ന ബ്ലോഗര്‍ എന്ന നിലയില്‍ ശ്രദ്ധേയന്‍. ചൗഡര്‍ സിംഗ് ബ്ലോഗ്‌ നെയിം ആണ്. ബ്ലോഗറുടെ യഥാര്‍ത്ഥ പേര് മോഹിത് ബാലചന്ദ്രന്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍