UPDATES

കായികം

യുവേഫ നേഷൻസ് ലീഗ് : സ്പാനിഷ് നിരയെ തകർത്ത് ഇംഗ്ലണ്ട് ആദ്യ ജയം സ്വന്തമാക്കി

രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പെയിന്‍ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി ഇംഗ്ലണ്ട് അവിസ്മരണീ ജയം പിടിച്ചെടുത്തു.

യുവേഫ നാഷന്‍സ് ലീഗില്‍ സ്‌പെയിനിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകർത്ത് ഇംഗ്ലണ്ട്.  ഇതോടെ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ സ്പെയിനിന്റെ വിജയക്കുതിപ്പിന് അവസാനമായി.1987 ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സ്‌പെയിനില്‍ വിജയം കണ്ടെത്തുന്നത്.

മത്സരത്തില്‍ ആദ്യ പകുതിയില്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ആദ്യ 38 മിനുറ്റുകളില്‍ തന്നെ ഇംഗ്ലണ്ട് മൂന്നു ഗോളുകള്‍ നേടിയിരുന്നു. സ്‌റ്റെര്‍ലിംഗ്, റാഷ്‌ഫോര്‍ഡ്, ഹാരി കെയ്ന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് ഗുണമായത്. സ്‌റ്റെര്‍ലിംഗ് മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടി. സ്‌റ്റെര്‍ലിംഗിന്റെ  ഇംഗ്ലണ്ട് ടീമിലെ ആദ്യ എവേ ഗോളുകളില്‍ ഒന്നായിരുന്നു  മത്സരത്തിലേത്. റാഷ് ഫോര്‍ഡ് ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു.

ഹാരി കെയ്ന്‍ രണ്ട് ഗോള്‍ അവസരങ്ങളാണ് ഒരുക്കികൊടുത്തത്. ഇംഗ്ലീഷ് ഗോളി പിക്‌ഫോര്‍ഡിന്റെ പ്രകടനവും മികച്ചതായിരുന്നു. മികച്ച സേവുകളാന് താരം നടത്തിയത്. രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പെയിന്‍ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി ഇംഗ്ലണ്ട് അവിസ്മരണീ ജയം പിടിച്ചെടുത്തു.

സ്‌പെയിന്‍ നിരയില്‍ അല്‍കസാറും റാമോസുമാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 98 ാം മിനിറ്റിലാണ് റാമോസ് ഗോള്‍ നേടിയത്. നാഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിജയം കൂടിയാണിത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയുമായിരുന്നു ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്താനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതയേറി.

ഗ്രൂപ്പ് എയിലെ മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് 2-1ന് ഐസ്ലാന്‍ഡിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ബോസ്നിയ ഹെര്‍സെഗോവിന 2-0നു വടക്കന്‍ അയര്‍ലാന്‍ഡിനെയും ഗ്രൂപ്പ് സിയില്‍ ഫിന്‍ലാന്‍ഡ് 2-0നു ഗ്രീസിനെയും തോല്‍പ്പിച്ചു. ഹംഗറി- എസ്റ്റോണിയ മല്‍സരം 3-3നു അവസാനിച്ചു. ഗ്രൂപ്പ് ഡിയില്‍ ലക്സംബര്‍ഗ് 3-0നു സാന്‍ മരിനോയെ തകര്‍ത്തുവിട്ടപ്പോള്‍ ബെലാറസും മാള്‍ഡോവയും ഗോള്‍രഹിത സമനില സമ്മതിച്ചു പിരിഞ്ഞു. അതേസമയം, സൗഹൃദ മല്‍സരത്തില്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജോര്‍ദാനെ തോല്‍പ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍