UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെമന്‍, സൗദിയുടെ വിയറ്റ്‌നാം

Avatar

ഹഫ് നെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യെമനില്‍ സൗദി നയിക്കുന്ന വ്യോമാക്രമണങ്ങളുടെ രണ്ടാഴ്ച, രാജ്യത്തെ പരസ്പരം പോരാടുന്ന ഗോത്രവിഭാഗവും സൈന്യവുമായി വിഭജിക്കുകയെന്ന പ്രക്രിയ മാത്രമാണു പുരോഗമിക്കുന്നത്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരിച്ച് ഭരണത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം നിറവേറ്റാന്‍ അതിനു ഒന്നും ചെയ്യാനായിട്ടില്ലെന്നു നിരീക്ഷകരും അവിടത്തെ നിവാസികളും പറയുന്നു. 

ഹൗതികള്‍ എന്ന് അറിയപ്പെടുന്ന യെമനിലെ കലാപകാരികള്‍ നിന്ദ്യമായ പ്രവൃത്തികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ബോംബാക്രമണത്തില്‍ നിന്ന് ആയുധശേഖരങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകാമെന്നും നിരീക്ഷിക്കപ്പെടുന്നു. യുദ്ധത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്, ഒരു ലക്ഷത്തിലധികം പേര്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നു, നയതന്ത്രപ്രധാനമായ തെക്കന്‍ നഗരമായ ഏദനില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.

പ്രസിഡന്റ് ആബേദ് റാബോ മന്‍സൂര്‍ ഹാദിയെ എതിര്‍ക്കുന്ന വിമതരും പിന്തുണക്കുന്ന ശക്തികളും എന്നതിന് അപ്പുറത്തുള്ള പ്രശ്‌നങ്ങള്‍ യുദ്ധം കൂടുതലായി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അപകടകരമാം വിധമുള്ള പോഷകാഹാരക്കുറവിനാല്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുന്ന രാജ്യത്ത് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത കുറയാനും അല്‍ഖ്വെയ്ദക്ക് പ്രാദേശിക മുന്നേറ്റം നടത്താന്‍ അനുവദിക്കുന്ന സുരക്ഷാ വീഴ്ച സൃഷ്ടിക്കാനും സംഘര്‍ഷത്തിന് കഴിഞ്ഞിട്ടുണ്ട്. 

നിരീക്ഷകരുടെ അഭിപ്രായത്തില്‍ യെമനിലെ സൈനിക നീക്കങ്ങള്‍ സൗദി സര്‍ക്കാരിനും സഖ്യകക്ഷികള്‍ക്കും പ്രതിസന്ധിഘട്ടമായേക്കാം. 

‘ലക്ഷക്കണക്കിന് പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടത് മാത്രമല്ല വലിയ രീതിയില്‍ രോഗങ്ങള്‍ പടരുന്നതിന്റെയും പട്ടിണിയുടെയും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയുടെയും കൂടെ, വിമത സംഘങ്ങള്‍ പരസ്യമായി പ്രവര്‍ത്തിക്കുകയും ആളുകളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന പരിതസ്ഥിതി കൂടി ഉണ്ടാകുന്നത് കാര്യങ്ങള്‍ മാറ്റി മറിക്കും,’ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടര്‍ ജോണ് ആല്‍ട്ടര്‍മാന്‍ പറഞ്ഞു. 

കലാപം ആരാണ് തുടങ്ങിയതെന്നോ എങ്ങനെയാണ് അവസാനിപ്പിക്കേണ്ടതെന്നോ ആര്‍ക്കും മനസ്സിലാക്കാനാകാത്ത സാഹചര്യത്തിലേക്ക് യെമനിലെ കലാപം മാറുമെന്നും അദ്ദേഹം പറഞ്ഞു. 

യെമനിലെ ഹൗതി വിമതര്‍ ഷിയാ ഇറാന്റെ അനുകൂലികളാണെന്നാണ് സുന്നി ശക്തികേന്ദ്രമായ സൗദി അറേബ്യ പറയുന്നത്. ഇറാഖ്, സിറിയ, ലെബനന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ പ്രബലമായ സ്വാധീനം സൃഷ്ടിച്ച ഇറാനുള്ള മറുപടിയായാണ് മാര്‍ച്ച് 25 മുതല്‍ സൗദി വ്യോമാക്രമണം നടത്തിയതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 

രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് ഹാദി, തലസ്ഥാനമായ സനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഫെബ്രുവരിയിലാണ്. കഴിഞ്ഞ മാസം റിയാദിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാകും മുമ്പ് ഏദനില്‍ അധികാരം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

ഏദനില്‍ ഹൗതി വിമതര്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവര്‍ സംഘങ്ങളായി യുദ്ധത്തില്‍ നിന്ന് പിന്മാറുകയാണെും പറഞ്ഞു കൊണ്ട് അയല്‍പക്കമായ യെമനിലെ അക്രമങ്ങളെക്കുറിച്ച് വളരെ ശുഭകരമായ ചിത്രമാണ് സൗദിയുടെ സൈനിക വക്താവ് യെമനിലെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച നല്‍കിയത്. ഉദ്യമത്തിന്റെ വരും വരായ്കകള്‍ വിലയിരുത്താന്‍ രണ്ടാഴ്ച സമയം എന്നത് വളരെ ചെറുതാണെന്ന് സൗദി ഔദ്യോഗിക തലത്തില്‍ വാദിക്കുന്നു. സാധാരണക്കാരുടെ ജീവന് ഭീഷണി ആകാത്ത തരത്തില്‍ ശ്രദ്ധയോടെ നീങ്ങാനാണ് തങ്ങള്‍ ശ്രമിക്കുതെന്നും അവര്‍ ഊന്നി പറയുന്നു. 

ഇന്റലിജന്‍സ് കൊണ്ടും ആയുധങ്ങള്‍ കൊണ്ടും യു എസ് സര്‍ക്കാര്‍ പിന്തുണക്കുന്ന സൗദി സഖ്യത്തില്‍ കൂടുതലും അറബ്, സുന്നി മുസ്ലിം രാജ്യങ്ങളാണ്. അവരുടെ സൈന്യങ്ങള്‍ തമ്മിലുള്ള നിശബ്ദമായ ഏകോപനത്തിന്റെ തലം നിരീക്ഷകരില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. സൈനികത്താവളങ്ങളും ആയുധ സംഭരണശാലകളും നശിപ്പിച്ച വ്യോമാക്രമണങ്ങളില്‍ സൗദി അറേബ്യയുടെ കൂടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ജോര്‍ദാനും പങ്കുണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് മധ്യപൗരസ്ത്യ സൈനിക വിഷയങ്ങളില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശകലന വിദഗ്ധന്‍ തിയോഡോര്‍ കരാസിക് പറയുന്നു. യെമനിലെ തീരദേശങ്ങളില്‍ റോന്തു ചുറ്റാന്‍ ഈജ്പിഷ്യന്‍ നാവിക സേനയുടെ സഹായവും സൗദി നേടിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. 

ഹൗതി പ്രക്ഷോഭകാരികള്‍ ആയുധശേഖരങ്ങളെ ബോംബാക്രമണത്തില്‍ നിന്ന് സംരക്ഷിച്ചത് വടക്കന്‍ സദായിലെ പര്‍വതനിരകളിലേക്ക് അതിനെ മാറ്റിക്കൊണ്ടാകാമെന്നും കരാസിക് പറഞ്ഞു. ആ ആയുധങ്ങള്‍ നശിപ്പിക്കാനും, അക്രമങ്ങള്‍ നിര്‍ത്തിവെച്ച് സമാധാന ചര്‍ച്ചക്കായി ഹൗതികളെ അനുനയിപ്പിക്കാനും ഒരു കരയാക്രമണം ആവശ്യമാണെും കരാസിക് പറഞ്ഞു. 

‘കരയിലുള്ള എതിരാളികളുടെ ആയുധങ്ങളും ശേഷിയും ഇല്ലാതാക്കാന്‍ വ്യോമമാര്‍ഗമുള്ള ആക്രമങ്ങള്‍ മാത്രം മതിയാകില്ലെന്നതിന്റെ തെളിവാണ് ഇത്’, കരാസിക് പറഞ്ഞു. ‘ഇത് അവരെ ചിതറിപ്പിക്കുകയും ആയുധങ്ങള്‍ പിന്നൊരു ദിവസത്തേക്ക് ഒളിച്ചുവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.’

ഹൗതി കലാപകാരികളുടെ ഇടയില്‍ നിന്ന് വളരെ ശക്തമായ പ്രതിരോധം തന്നെയാണ് കരയാക്രമണങ്ങള്‍ക്ക് നേരിടേണ്ടി വരിക. അനുഭവസ്ഥരായ ഗറില്ലാ പോരാളികള്‍ 2009ലെ ഹ്രസ്വ യുദ്ധത്തില്‍ സൗദി അറേബ്യയുടെ തെക്കന്‍ ഭാഗങ്ങള്‍ പിടിച്ചടക്കുകയും നൂറോളം സൗദി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

ഒരു കരയാക്രമണത്തെ സൗദി അറേബ്യ തള്ളിക്കളഞ്ഞിട്ടില്ല, എന്നാല്‍ അതിന്റെ സഖ്യ കക്ഷികള്‍ അത്തരത്തിലൊരു നീക്കത്തിന് ജാഗരൂകരായാണ് കാണപ്പെടുന്നത്. ആക്രമണങ്ങള്‍ക്കായി സൈന്യത്തെ വിട്ടു നല്‍കാന്‍ പാകിസ്ഥാനോട് സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ സ്വന്തം ഷിയാ ന്യൂനപക്ഷത്തിന്റെ ഇഷ്ടക്കേട് വിളിച്ചു വരുത്തുന്ന ഉദ്യമത്തില്‍ പങ്കെടുക്കുന്നതില്‍ രാജ്യത്ത് ആഴത്തിലുള്ള ഭിന്നിപ്പുണ്ട്. 

അപകടസാധ്യതകള്‍ ഏറെയാണെങ്കിലും തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും കരമാര്‍ഗമുള്ള കടന്നുകയറ്റത്തിന്റെ സാധ്യതകളും മാത്രമാണ് സൗദി അറേബ്യക്ക് മുന്നിലെ വഴികളെന്ന് ലബനീസ് അമേരിക്കന്‍ സര്‍വകലാശാലയിലെ മധ്യപൗരസ്ത്യ വിദഗ്ധന്‍ ഇമാദ് സാലമി പറഞ്ഞു. വിട്ടുവീഴ്ച കാണിക്കുന്നത്, ഇറാനില്‍ പ്രത്യേകിച്ച് ശക്തിയില്ലായ്മയായി കണക്കാക്കിയേക്കുമെന്നതില്‍ റിയാദിലെ ഉദ്യോഗസ്ഥര്‍ക്ക് ഉത്കണ്ഠ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

യെമനെ പിന്നാമ്പുറമായി നിര്‍ത്താനും സൗദി അറേബ്യ കണക്കാക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ”സൗദികളെ സംബന്ധിച്ച് ഈ യുദ്ധം അവരുടെ മാതൃരാജ്യത്തിന് വേണ്ടിയുള്ളതാണ്, അവരുടെ വാഴ്ച നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്.”

സൗദി നയിച്ച കൊലപാതകങ്ങളെ വളരെ ശക്തമായ രീതിയില്‍ ഇറാനിലെ നേതാക്കള്‍ അപലപിച്ചിരുന്നു. അതൊരു കുറ്റകൃത്യമാണെന്നും കൂട്ടക്കുരുതിയാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമെയ്‌നി ടെലിവിഷനിലൂടെയുള്ള ഒരു പ്രസംഗത്തില്‍ പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയിലുള്ള ഉത്കണ്ഠ കാരണം ഊര്‍ജിതമായ സൗദിയുടെ പ്രസ്താവിത നയത്തിന്റെ ഭാഗമാണ് യെമനിലെ ആക്രമണം. പ്രാദേശികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇറാന്റെ സ്വാധീനത്തിന് അമേരിക്ക നല്‍കിയ അംഗീകാരമായി കരാര്‍ മാറുമെന്ന ഭീതിയിലാണ് സൗദി.

ഹാദി സര്‍ക്കാറിനെ പുനസ്ഥാപിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്ന് സൗദിയിലുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിളര്‍ന്ന സൈന്യത്തിലും പൊതുജനമധ്യത്തിലും പ്രസിഡന്റിനുള്ള പിന്തുണ ഇല്ലാതായിക്കൊണ്ടിരിക്കുന്നതായാണ് കാണപ്പെടുന്നത്. 

ഏദനില്‍ താമസിക്കുന്നവര്‍ സായുധരായ ഹൗതികളെയും അവരുടെ സഖ്യങ്ങളെയും നേരിടുമ്പോള്‍ വിദേശത്തു നിന്നുള്ള ആക്രമങ്ങളില്‍ ആഹ്ലാദിക്കാന്‍ ഹാദിക്കും നാടുവിട്ടു പോയ മറ്റ് നേതാക്കള്‍ക്കും എങ്ങനെ കഴിയുന്നുവെന്ന് നാട്ടുകാര്‍ രോഷത്തോടെ ചോദിക്കുന്നു. 

”ഞങ്ങളെ അസ്വസ്ഥരാക്കുക മാത്രമാണ് അദ്ദേഹം എപ്പോഴും ചെയ്തുകൊണ്ടിരുന്നത്”, തൊഴില്‍രഹിതനും ഏദന്‍ നിവാസിയുമായ 28കാരന്‍ അലി മുഹമ്മദ് പറഞ്ഞു.

ഏദനില്‍ ഹൗതികളോട് പോരാട്ടം നയിക്കുന്ന നാല്‍പ്പതുകാരനായ വദാഹ് അല്‍ ദുബൈശ് പറയുന്നത് ഹാദി നഗരത്തില്‍ ഇനി മുതല്‍ സ്വീകാര്യനല്ലെന്നാണ്. ”അദ്ദേഹത്തെ ഇനി ഞങ്ങള്‍ക്ക് ഇവിടെ ആവശ്യമില്ല, അദ്ദേഹത്തിന്റെ മുഖം പോലും ഇവിടെ കണ്ടു പോകരുത്”

ഹൗതി വിരുദ്ധ വികാരം തീവ്രമായ പ്രദേശങ്ങളിലും ഹാദിയുടെ പിന്തുണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വിമതര്‍ക്കെതിരെ സൈനിക പ്രതിരോധം നടത്താത്തതിന് ഹാദിയെ പഴിക്കുകയാണ് ഹൂതികളോട് എതിര്‍പ്പുള്ള, ടായിസ് എന്ന തെക്കന്‍ നഗരത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ അഹ്മദ് ഒത്ത്മാന്‍. നഗരത്തിലെ ഹൗതി മേഖലകളില്‍ തിരിച്ചറിയപ്പെടാത്ത കലാപകാരികള്‍ ആക്രമണം നടത്തുന്നത് വര്‍ധിച്ചു വരുന്നതിലുള്ള ഭയവും അദ്ദേഹം പ്രകടിപ്പിച്ചു.

”ടായിസില്‍ ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സുരക്ഷിതത്വം ഇല്ലാത്തതാണ്”, അദ്ദേഹം പറഞ്ഞു.

ഹൗതിയോടുള്ള എതിര്‍പ്പ് രൂക്ഷമായിട്ടുള്ള പ്രവിശ്യകളില്‍ പ്രത്യേകിച്ച് തെക്കന്‍ പ്രവിശ്യകളില്‍, കലാപകാരികളെ എതിര്‍ക്കാന്‍ ഗോത്രവിഭാഗങ്ങള്‍ പ്രധാനമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുകയാണ്. 

യെമനിലെ നിരീക്ഷകനും കാര്‍ണേജ് മിഡില്‍ ഈസ്റ്റ് സെന്ററിലെ വിസിറ്റിങ് സ്‌കോളറുമായ ഫറാ അല്‍ മുസ്ലീമി പറയുന്നത് സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ചത് പൊതുജനത്തിനിടയില്‍ വിദ്വേഷം വളര്‍ത്തിയിട്ടുണ്ടെന്നാണ്. ”വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവ് അവസ്ഥ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ഖ്വെയ്ദ പോലുള്ള തീവ്രവാദിസംഘങ്ങള്‍ക്ക് കലാപം വളക്കൂറുള്ള മണ്ണ് ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ലോകത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചു വിടാനുള്ള അടിത്തറയായി യെമനെ ഉപയോഗിക്കുന്ന അല്‍ഖ്വെയ്ദ സംഘം പ്രബലമായ പ്രദേശങ്ങളൊക്കെ പോരാട്ടത്തിനിടയില്‍ പിടിച്ചടക്കിയിട്ടുണ്ട്. അതില്‍ യെമന്റെ അഞ്ചാമത്തെ വലിയ നഗരവും സൗദി അറേബ്യയുമായുള്ള അതിര്‍ത്തിയിലെ സൈനികത്താവളവും ഉള്‍പ്പെടുന്നു.

യെമനെ പഴയതുപോലെ ഒന്നിച്ചാക്കാന്‍ സാധിക്കുമായിരിക്കും, മുസ്ലിമി പറഞ്ഞു: ‘യെമന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഇടപാടുകള്‍ നടത്താനും ഒരാള്‍ മതിയെന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു.’ സ്വാഭാവികമായും നയതന്ത്ര തലത്തിലും സൈനിക തലത്തിലും പുറത്ത് കടക്കേണ്ടതില്ലാത്ത അവസ്ഥയാണ് സൗദിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ” ഇവിടം അവരുടെ വിയറ്റ്‌നാം ആയി മാറിക്കൊണ്ടിരിക്കുകയാണ്”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍