UPDATES

അമിത് ഷാ വായിച്ചറിയാന്‍; മലപ്പുറത്ത് നിന്നുള്ള ഈ ബീഫ് പ്രസ്താവന സത്യമാണ്

ഇങ്ങനെ പോയാല്‍ 2022 ഓടെ മോദിയും അമിത് ഷായും ലക്ഷ്യമിടുന്ന പുതിയഭാരതം പൂര്‍ണ ഹിന്ദുത്വരാഷ്ട്രമായിരിക്കും

ആറര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യം ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്നാണ് ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് ജനവിധി നല്‍കുന്ന സൂചന. ഒരു പുതിയ ഭാരതത്തിന്റെ നിര്‍മ്മിതിയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഹൃദയം കവര്‍ന്ന് അധികാരത്തിലേറിയ നരേന്ദ്ര ദാമോദര്‍ദാസ് മോദിയും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ അമിത് ഷായും വ്യക്തമാക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് വിജയം പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുകള്‍ക്കപ്പുറമുള്ള രാഷ്ട്രവികസനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇരുവരും പറയുന്നത്. 2022 ഓടെ പുതുരാഷ്ട്രത്തിന്റെ വ്യക്തമായ രൂപഘടന തയ്യാറാകുമെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

2019ല്‍ താന്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ തന്റെ പഴയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിലും താന്‍ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ ഭാരതത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം കൂടി വേണമെന്ന് ജനങ്ങളോട് പറയാതെ പറയുകയാണ് മോദി. എന്നാല്‍ ബിജെപിയെയും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസിനെയും സംബന്ധിച്ച് ഇതിനപ്പുറമുള്ള ഒരു രാഷ്ട്രീയ പ്രാധാന്യം 2022ന് ഉണ്ടെന്നതാണ് സത്യം. ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് ഹിന്ദുത്വരാഷ്ട്രീയം എന്ന ആശയത്തെ ചലിപ്പിച്ച് തുടങ്ങിയത് 1925ലാണെങ്കിലും വിനയ് ദാമോദര്‍ സവര്‍ക്കര്‍ ഹിന്ദ്വത്വത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങള്‍ അവതരിപ്പിച്ചത് 1922ലാണ്. അങ്ങനെ നോക്കിയാല്‍ ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന്റെ സമ്പൂര്‍ണത അതിന്റെ നൂറാം വാര്‍ഷികത്തില്‍ നടത്താന്‍ സാധിക്കുമെന്ന് മോദിയും അമിത് ഷായും പ്രതീക്ഷിക്കുന്നുണ്ടാകും.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമ്പൂര്‍ണതയ്ക്ക് ഇന്ന് സംഘപരിവാറിന്റെ കൈവശമുള്ള ഏറ്റവും നല്ല ആയുധമാണ് ഗോവധ നിരോധനവും അതിനെ പിന്‍പറ്റിയുള്ള ബീഫ് നിരോധനവും. രണ്ട് വര്‍ഷം മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാന വ്യാപകമായി ബീഫ് നിരോധനം നടപ്പാക്കിയതോടെയാണ് സംഘപരിവാറിന്റെ ബീഫ് രാഷ്ട്രീയം സജീവ ചര്‍ച്ചയ്ക്ക് വരുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കകം നടപ്പാക്കിയ ഈ നിരോധനം ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി തന്നെ വിലയിരുത്തപ്പെട്ടു. അതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യത്തുടനീളമുണ്ടായത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ഗോവധത്തിന്റെയും ബീഫിന്റെയും പേരില്‍ നിരപരാധികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴും എല്ലാവരും പ്രതീക്ഷിച്ചത് ഇതിന്റെയെല്ലാം തിരിച്ചടി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജിപിയ്ക്ക് ജനങ്ങളില്‍ നിന്നും ലഭ്യമാകുമെന്നായിരുന്നു. എന്നാല്‍ ബീഫ് രാഷ്ട്രീയം അവിടുത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന് മാത്രമല്ല വന്‍ഭൂരിപക്ഷത്തോടെ ബിജെപി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലെയോ അല്ലെങ്കില്‍ അവരേക്കാള്‍ അധികമോ തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായതോടെ ബിജെപിയുടെ ബീഫ് രാഷ്ട്രീയവും ഹിന്ദുത്വരാഷ്ട്ര സങ്കല്‍പ്പവും ഒരേ ദിശയിലേക്ക് നീങ്ങുന്നത് കാണാന്‍ സാധിച്ചു. നിയമവിരുദ്ധമായ അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവിന്റെ മറവില്‍ പൂര്‍ണമായ മാംസ നിരോധനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സുകള്‍ പുതുക്കി നല്‍കാതെയും നിര്‍ബന്ധിതമായി അറവുശാലകള്‍ അടപ്പിച്ചും സര്‍ക്കാര്‍ ഒന്നുമറിയാത്ത രീതിയില്‍ ഇത് നടപ്പാക്കുന്നു. സഹായത്തിന് സംഘപരിവാറിന്റെ ഗുണ്ടകളും.

സാധാരണഗതിയില്‍ ബഹളമയമായ അറവുശാലകളും അവയോട് ചേര്‍ന്ന തെരുവുകളും വിജനമായ അവസ്ഥയാണ് ഇന്ന് ഉത്തര്‍പ്രദേശില്‍. മത്സ്യം പോലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവിടുത്തെ അറവുശാലകളില്‍ നിന്നും ഉപജീവനം കണ്ടെത്തുന്ന ന്യൂനപക്ഷ സമുദായമായ മുസ്ലിം വിഭാഗത്തിനെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മുസ്ലിം വിവാഹ വീടുകളില്‍ ബീഫോ, മട്ടനോ, ചിക്കനോ വിളമ്പുന്നതെന്നറിയാന്‍ പോലീസ് നടത്തുന്ന റെയ്ഡുകളും പതിവായിരിക്കുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ അറവുശാലകള്‍ക്ക് കൂടി പൂട്ട് വീണത്. ഇവിടങ്ങളിലും നിയമവിരുദ്ധ അറവുശാലകള്‍ പൂട്ടണമെന്നാണ് ഉത്തരവെങ്കിലും എല്ലാ അറവുശാലകളും ബലമായി പൂട്ടിക്കുക തന്നെയാണ് ചെയ്യുന്നത്. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ ഉത്തരവ്. ഇത് കൂടാതെ ജയ്പൂരിലെ നാലായിരത്തോളം അറവുശാലകള്‍ ഇന്നലെ മുതല്‍ പൂട്ടിയിരിക്കുകയാണ്. ഇതില്‍ 950 അറവുശാലകള്‍ക്ക് അനുമതിയുണ്ടെങ്കിലും മാര്‍ച്ച് 31ന് ശേഷം അവയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല.

കൂടാതെ അറവുശാല ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഫീസ് പത്ത് രൂപയില്‍ നിന്നും ആയിരം രൂപയാക്കുകയും ചെയ്തു. പലരും ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോര്‍പ്പറേഷന്‍ അധികൃതര്‍ അത് സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. ഇവിടെയെല്ലാം ഭരണകൂടത്തിന്റെ ഇടപെടലാണ് നടന്നതെങ്കില്‍ ഗുര്‍ഗാവില്‍ നടന്നത് മറ്റൊന്നാണ്. നവരാത്രി ആഘോഷത്തിന് മുന്നോടിയായി ശിവസേനയാണ് ഇവിടെ അറവുശാലകള്‍ അടപ്പിച്ചത്. അഞ്ഞൂറോളം കടകളാണ് ശിവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചത്. ഇരുന്നൂറോളം പേരടങ്ങുന്ന സംഘം ഗുര്‍ഗാവിലെ തെരുവുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നവരാത്രി അവസാനിക്കുന്നത് വരെയുള്ള ഒമ്പത് ദിവസത്തേക്ക് എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹിന്ദുവിന് വേണ്ടാത്തത് മറ്റാര്‍ക്കും വേണ്ട എന്ന ഒരു നിലപാടാണ് ഇത്.

കഴിഞ്ഞ വെള്ളിയാഴ്ച ഗുജറാത്ത് നിയമസഭ സംസ്ഥാന മൃഗപരിപാലന നിയമം ഭേദഗതി ചെയ്തതാണ് ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ നടപടി. ഗോവധത്തിന് പരമാവധി ജീവപര്യന്തം തടവും കുറഞ്ഞത് പത്ത് വര്‍ഷം തടവും ശിക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഭേദഗതി വരുത്തിയത്. അതും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അസാന്നിധ്യത്തിലും സന്ദര്‍ശക ഗാലറിയിലെ കാവിധാരികളായ ഹൈന്ദവ സന്യാസിമാരുടെ സാന്നിധ്യത്തിലും. ഏതെങ്കിലും ഭക്ഷണത്തിന് എതിരല്ല താനെന്നും ഗുജറാത്തിനെ പൂര്‍ണ സസ്യാഹാര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നുമാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. പശുവിനെ കൊല്ലുന്നവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും കൊല്ലുമെന്നുമെല്ലാമുള്ള ഭീഷണികള്‍ ഒരു സംസ്ഥാന മന്ത്രി തന്നെ പറഞ്ഞതും ഈ ദിവസങ്ങളിലാണ്. പശുവിനെക്കൊന്നാല്‍ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും ഇതോട് കൂട്ടിവായിക്കണം. ഇതില്‍ നിന്നും എന്താണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയം എല്ലാ മതവിശ്വാസികളും പാലിക്കണമെന്നും അങ്ങനെ ഹിന്ദുരാജ്യത്തിന്റെ പൂര്‍ണത നേടണമെന്നും തന്നെയാണ് അവര്‍ പറയാതെ പറയുന്നത്.

പല സംസ്ഥാനങ്ങളിലും പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ബീഫ് കഴിക്കുന്നവര്‍ തന്നെയാണ്. വടക്കേ ഇന്ത്യയില്‍ പശുവിനെയും പോത്തിനെയുമെല്ലാം പൊതുവായി ബീഫ് എന്നാണ് പറയുന്നതെങ്കിലും പോത്തിറച്ചിയാണ് വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കാറുള്ളത്. ഗോവധം എന്നതില്‍ നിന്നും മാറി ബീഫ് ഉല്‍പ്പന്നങ്ങള്‍ക്കാകമാനം നിരോധനം വരുന്നതും അതിന്റെ പേരില്‍ ആക്രമണങ്ങള്‍ നടക്കുന്നതും ഈ സാഹചര്യത്തിലാണ്.

നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയും അവകാശപ്പെടുന്ന വിഖ്യാതമായ ഇന്ത്യന്‍ ജനാധിപത്യം ഭക്ഷണ കാര്യത്തിലും ഈ സവിശേഷത പ്രകടമാക്കാറുണ്ട്. ഇന്ത്യയിലെ ഓരോ വിഭാഗങ്ങള്‍ക്കും ഓരോ ഭക്ഷണ രീതിയാണ് ഉള്ളത്. ഹിന്ദുരാഷ്ട്രത്തിന്റെ പൂര്‍ണതയ്ക്കായി ഇവിടെ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ഒരു ചെറിയ വിഭാഗത്തിന്റെ മതവികാരത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വലിയൊരു വിഭാഗത്തിന്റെ ഭക്ഷണ താല്‍പര്യങ്ങളെ ഹനിക്കുകയാണ്. ഭക്ഷണ ശീലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് മേല്‍ ഹിന്ദുത്വ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വയംപ്രഖ്യാപിത നിയമപാലന ഗുണ്ടാ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാകുമെന്ന് ദാദ്രിയിലെ സംഭവത്തിലൂടെ വ്യക്തമായതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറമുള്ള രാഷ്ട്രവികസനം വാഗ്ദാനം ചെയ്യുമ്പോഴും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബീഫ് രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കുന്ന ബിജെപിയെയും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണം കേരളത്തില്‍ നിന്നുതന്നെ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീപ്രകാശിന്റെ പ്രഖ്യാപനമാണ് അത്. മലപ്പുറത്ത് താന്‍ ജയിച്ചാല്‍ നല്ല ഹലാല്‍ ബീഫ് വിതരണം ചെയ്യുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. ബീഫ് കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും ചത്ത മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. മുസ്ലിം സമുദായം തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുന്ന മലപ്പുറത്ത് ബീഫിനെക്കുറിച്ചുള്ള ഈ പ്രസ്താവനയെ വോട്ടിന് വേണ്ടിയുള്ള തന്ത്രമായി തന്നെ കണക്കിലെടുക്കാവുന്നതാണ്. വോട്ട് ലക്ഷ്യമാക്കി ബീഫ് നിലപാടുകളില്‍ ഇതാദ്യമായല്ല ബിജെപി മാറ്റം വരുത്തുന്നത് എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാലും പശു, പോത്ത് തുടങ്ങിയവയുടെ ഇറച്ചിയ്ക്ക് നിരോധനം ഉണ്ടാകില്ലെന്ന് അടുത്തിടെ ബിജെപി വ്യക്തമാക്കിയിരുന്നു. നാഗാലാന്‍ഡ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബീഫിനോടുള്ള തങ്ങളുടെ നിലപാട് ഇവിടുത്തെ ഭൂരിപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തെ അകറ്റി നിര്‍ത്തുമെന്ന വ്യക്തമായ ധാരണ തന്നെയാണ് ഇവരെ ഇവിടെ ഇങ്ങനെ പറയിച്ചിരിക്കുന്നത്. യുപിയിലും മറ്റിടങ്ങളിലും ഗോരക്ഷ ഗുണ്ട സംഘങ്ങള്‍ ഇറച്ചിവില്‍പ്പനക്കാരെ തടയുകയും കച്ചവടം തടസ്സപ്പെടുത്തുകയും ചെയ്യുമ്പോഴാണ് കേരളത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഇത്തരത്തില്‍ നിലപാടെടുക്കുന്നത്. ജനങ്ങളുടെ ഭക്ഷണശീലങ്ങളെ അവരുടെ വഴിയ്ക്ക് വിടുകയാണെങ്കില്‍ തീര്‍ച്ചയായും ഈ നിലപാട് സ്വാഗതാര്‍ഹമാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വങ്ങള്‍ക്ക് മാതൃകയുമാണ്.

അതേസമയം വിശുദ്ധമൃഗമായതിനാല്‍ പശുവിനെ കൊല്ലരുതെന്നും അതിന്റെ മാംസം കഴിക്കരുതെന്നുമാണ് ബിജെപിയുടെ ഹിന്ദുത്വവാദം പറയുന്നതെങ്കില്‍ ഭൂപ്രദേശങ്ങളിലെ വ്യത്യാസവും ഭക്ഷണ ശൈലിയും മൂലം അതില്‍ എത്രമാത്രം മാറ്റമുണ്ടാകുമെന്ന ചോദ്യവും ഉയരും. വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും അധികാരത്തില്‍ വന്നാല്‍ മറ്റ് പ്രദേശങ്ങളിലും ബിജെപി രണ്ട് ബീഫ് രാഷ്ട്രീയം നടപ്പാക്കുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇപ്പോഴത്തെ വാഗ്ദാനങ്ങളെല്ലാം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് വളരെ വ്യക്തമാണ്. അധികാരത്തിലേറിയാല്‍ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലേതിന് സമാനമായി ആദ്യം ഗോവധ നിരോധനവും പിന്നീട് ബീഫ് മറ്റ് മാംസങ്ങള്‍ മത്സ്യം എന്നിവയുടെ നിരോധനവും നടപ്പാക്കി പൂര്‍ണ സസ്യാഹാര സംസ്ഥാനങ്ങളാക്കാനാകും ഇവരുടെ ശ്രമം. കുറേശെ കുറേശെയായി ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവരുടെ മൗലിക അവകാശത്തില്‍ കൈകടത്തി ഒടുവില്‍ ഈ രാഷ്ട്രത്തെ തന്നെയും തങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലെത്തിക്കുകയാകും ഇവരുടെ ലക്ഷ്യം. ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ഏറ്റവും സുപ്രധാനമായ ഒരു നീക്കമാണ് ഭക്ഷണ സംസ്‌കാരമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

വ്യത്യസ്ത സമുദായങ്ങള്‍ക്ക് വ്യത്യസ്ത വാഗ്ദാനങ്ങള്‍ നല്‍കുന്ന ബിജെപിയുടെ രാഷ്ട്രീയം ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. വോട്ടിന്റെ കാര്യത്തില്‍ ബീഫ് ബിജെപിയ്ക്ക് ഒരു പ്രശ്‌നമാകുന്നില്ലേയെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. യുപിയിലെത്തുമ്പോള്‍ ബിജെപിയ്ക്ക് ബീഫ് അമ്മയും(മമ്മി) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ രുചികരവും(യമ്മി) ആകുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമിന്‍ പാര്‍ട്ടി പ്രസിഡന്റ് അസാദുദീന്‍ ഒവൈസി പരിഹസിച്ചത് ഈ സാഹചര്യത്തിലാണ്. ഒടുവില്‍ കാര്യം നേടിക്കഴിയുമ്പോള്‍ ജനങ്ങളിലേക്ക് തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുകയാണ് ബിജെപി ഇന്നുവരെ ചെയ്തിട്ടുള്ളത്. 2022 ഓടെ മോദിയും അമിത് ഷായും ലക്ഷ്യമിടുന്ന പുതിയഭാരതം പൂര്‍ണ ഹിന്ദുത്വരാഷ്ട്രമാണെന്ന് നിലവില്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാം.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പാകിസ്ഥാന്റെ തകര്‍ച്ച ഓര്‍ക്കുന്നത് വളരെ പ്രധാനമാണ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍