UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍.എസ്.എസ് പരിപാടിക്ക് കോളേജുകളില്‍ നിന്ന്‍ നിര്‍ബന്ധിത പിരിവ്

Avatar

അഴിമുഖം പ്രതിനിധി

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരിപാടിക്കുവേണ്ടി ഡോ. ഭീംറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സെല്‍ഫ് ഫിനാന്‍സിങ് കോളജുകളില്‍ നിര്‍ബന്ധിത പണപ്പിരിവെന്ന് ആരോപണം. യൂണിവേഴ്‌സിറ്റിയുടെ ചീഫ് പ്രൊക്ടറും പ്രഫസറുമായ മനോജ് ശ്രീവാസ്തവ സെല്‍ഫ് ഫിനാന്‍സ് കോളജ് അസോസിയേഷന് (എസ്എഫ്‌സിഎ) കീഴിലുള്ള ഓരോ കോളജും 51,000 രൂപ വീതം പരിപാടിക്കുവേണ്ടി സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അംഗങ്ങള്‍ പറയുന്നു. ഓഗസ്റ്റ് 20-ന് നടക്കുന്ന പരിപാടിക്കുവേണ്ടി ഒരു കോടി രൂപ സമാഹരിക്കുകയാണ് ചടങ്ങിന്റെ കണ്‍വീനര്‍ കൂടിയായ ശ്രീവാസ്തവയുടെ ലക്ഷ്യമെന്നാണ് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശ്രീവാസ്തവ പറയുന്നു.

ആഗ്ര സര്‍വ്വകലാശാലയിലാണ് ഭാഗവതിന്റെ നാലുദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുന്നത്. വൈസ് ചാന്‍സലര്‍മാര്‍, സര്‍വകലാശാലാ, കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കും ദമ്പതികള്‍ക്കും വേണ്ടി നടത്തുന്ന പരിപാടി ആര്‍എസ്എസിന്റെ ‘സാംസ്‌കാരിക ദേശീയത’ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സര്‍വകാലാശാലാ, കോളജ് അധ്യാപകര്‍ക്കായി ഒരു സെഷനും ദമ്പതികള്‍ക്കായി മറ്റൊരു സെഷനുമാണ് നടക്കുക.

എസ്എഫ്‌സിഎയുമായി ബന്ധപ്പെട്ട് ആഗ്രയിലും അലിഗഢിലുമായി 250 കോളജുകളുണ്ട്. സംഭവത്തെപ്പറ്റി പരാതിപ്പെടാന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും ഇതുവരെ സമയം അനുവദിച്ചുകിട്ടിയിട്ടില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശുതോഷ് പച്ചൗരി പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കാണുമെന്നും പരാതിയുടെ കോപ്പി യുപി ചീഫ് സെക്രട്ടറിക്ക് അയയ്ക്കുമെന്നും പച്ചൗരി അറിയിച്ചു. ആര്‍എസ്എസ് പരിപാടിക്കായി 51,000 രൂപ വീതം നല്‍കണമെന്ന് ശ്രീവാസ്തവ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി നിരവധി കോളജ് ഉടമകളില്‍നിന്ന് തനിക്കു പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഭാഗവതിനോ അദ്ദേഹത്തിന്റെ പരിപാടിക്കോ എതിരല്ല. എന്നാല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുതിര്‍ന്ന സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ തുനിയുന്നത് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല. ‘ഭാഗ്വാകരന്‍’ നടത്താനാണു ശ്രമമെങ്കിലും കോളജുകളെ പീഡിപ്പിക്കുന്നത് അനുവദിക്കാനാകില്ല. ആര്‍എസ്എസ് പരിപാടിക്കുവേണ്ടി തന്നോടും പണം ആവശ്യപ്പെട്ടതായി അസോസിയേഷന്‍ പ്രസിഡന്റ് ബ്രജേഷ് ചൗധരി പറയുന്നു. ‘പരിപാടിക്കു പണം തന്നില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് ശ്രീവാസ്തവ ഭീഷണിപ്പെടുത്തുകയാണ്.’

അസോസിയേഷന്‍കാര്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നായിരുന്നു ശ്രീവാസ്തവയുടെ പ്രതികരണം. ‘സ്വകാര്യകോളജുകള്‍ പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് നല്‍കിയിട്ടില്ല. ഫലപ്രഖ്യാപനത്തിന് ഇത് നിര്‍ബന്ധമാണ്. അവര്‍ ഈ പരീക്ഷകള്‍ നടത്തിയിട്ടുപോലുമില്ല. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ നല്‍കിയില്ലെങ്കില്‍ ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്ന് അറിയിച്ചതോടെ അവര്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുകയാണ്,’ ശ്രീവാസ്തവ അവകാശപ്പെടുന്നു.

പരിപാടിക്ക് റജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ മാത്രമേ വാങ്ങുന്നുള്ളൂവെന്ന് ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് പ്രദീപ് പറയുന്നു. ‘ആര്‍എസ്എസ് ആരില്‍നിന്നും പണം ചോദിച്ചുവാങ്ങാറില്ല. ചടങ്ങിന്റെ ക്രമീകരണങ്ങള്‍ക്കായാണ് 100 രൂപ വാങ്ങുന്നത്. ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം ഗുരുതരമാണ്. അത് അന്വേഷിക്കും.’ ശ്രീവാസ്തവയ്ക്ക് ആര്‍എസ്എസില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലെന്നും പരമാവധി അധ്യാപകരെ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തമേ നല്‍കിയിട്ടുള്ളൂവെന്നും പ്രദീപ് പറയുന്നു. എന്തിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്ന ചോദ്യത്തിന് പ്രദീപിന്റെ ഉത്തരം ഇതായിരുന്നു: ‘വിദ്യാര്‍ത്ഥികളുടെ ധാര്‍മിക നിലവാരം താഴുന്നു. അവര്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ല. ശക്തരായ പൗരന്മാരെ – നല്ല വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, നല്ല മനുഷ്യരുമായവരെ – സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്കു പരിശീലനം വേണം.’ 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍