UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇതുവരെ കണ്ടതൊന്നുമല്ല അതുക്കും മേലെ പുതിയ എന്‍ഡേവര്‍

ഞാനുമായി അഭേദ്യമായ ബന്ധമുള്ള വാഹനമാണ് ഫോര്‍ഡ്എന്‍ഡേവര്‍. ഞാനും ലാല്‍ ജോസും സുരേഷ് ജോസഫും കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കു നടത്തിയ ചരിത്രയാത്രയ്ക്ക് രഥമായത് 2010 മോഡല്‍ ഫോര്‍ഡ് എന്‍ഡേവറാണ്. 72 ദിവസത്തെ യാത്രയ്ക്കു വേണ്ട സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നത്ര വലിപ്പമുള്ള ഇന്റീരിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഫോര്‍വീല്‍ ഡ്രൈവ്, അതിസാങ്കേതിക വിദ്യയുടെ കുരുക്കുകളില്ലാത്ത മെക്കാനിസം, ഫോര്‍ഡ് എന്ന വാഹന നിര്‍മ്മാണ കമ്പനിയുടെ പിന്‍ബലം ഇവയൊക്കെയാണ് 27,000 കിലോമീറ്റര്‍ നീണ്ട യാത്രയുടെ രഥമായി എന്‍ഡേവറിനെ തെരഞ്ഞെടുക്കാന്‍ കാരണം. ഏതായാലും അത്യന്തം സംതൃപ്തകരമായ പ്രകടനമാണ് എന്‍ഡേവര്‍ യാത്രയിലുടനീളം കാഴ്ചവെച്ചത്. കസാഖ്സ്ഥാന്റെ തലസ്ഥാനമായ അല്‍മാട്ടിയില്‍ വെച്ച് എഞ്ചിന്‍ ഓയില്‍ മാറ്റുകയും സര്‍വീസ് ചെയ്യുകയും ചെയ്തതൊഴിച്ചാല്‍ യാതൊരു അറ്റകുറ്റപ്പണികളും എന്‍ഡേവറിന് വേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ 2016-ല്‍ പുതിയ എന്‍ഡേവര്‍ ഇന്ത്യയിലെത്താന്‍ പോകുന്നു.

എന്‍ഡേവര്‍
2003 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ എന്‍ഡേവര്‍ അഥവാ എവറസ്റ്റ് ഉണ്ട്. റേഞ്ചര്‍ എന്ന പിക്കപ്പ് ട്രക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് എന്‍ഡേവര്‍ നിര്‍മ്മിക്കപ്പെട്ടത്. 2006-ല്‍ കാര്യമായ ഫേസ്‌ലിഫ്റ്റിന് എന്‍ഡേവര്‍ വിധേയനായി. പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്നത് പൂര്‍ണ്ണമല്ലെങ്കിലും പുതിയ എന്‍ഡേവറാണ്. കാണാനുള്ള ഭംഗി മാത്രമല്ല, ആധുനിക എസ്.യു.വി.യ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഭംഗിയായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, പുതിയ എന്‍ഡേവറില്‍.

കാഴ്ച
പഴയ രൂപമേ മറന്നേക്കൂ. പുത്തന്‍ പുതിയ രൂപഭാവങ്ങളാണ് ഇപ്പോള്‍ എന്‍ഡേവറിനുള്ളത്. വലിയ ക്രോമിയം ഗ്രില്ലാണ് മുന്‍ഭാഗത്തിന്റെ മുക്കാല്‍ഭാഗവും കവരുന്നത്. (ഫോര്‍ഡിന്റെ ആസ്‌ട്രേലിയ, സൗത്ത് അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ആര്‍.ആന്റ് ഡി സെന്ററുകള്‍ ഒരുമിച്ചാണ് പുതിയ എന്‍ഡേവര്‍ ഡിസൈന്‍ ചെയ്തത്) ഗ്രില്ലിന്റെ ഷെയ്പ്പിലേക്ക് ഇഴുകിച്ചേരുന്ന വലിയ ഹെഡ്‌ലാമ്പ്, ഉയര്‍ന്ന ബോണറ്റ്, ബമ്പറിനു താഴെ ഫോഗ്‌ലാമ്പുമായി ഇന്റഗ്രേറ്റ് ചെയ്ത അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റ് എന്നിവ കാണുക. പഴയ എന്‍ഡേവറിന്റെ ‘പെട്ടിരൂപ’ മല്ല ഇപ്പോഴുള്ളത്. ഉരുട്ടിയെടുത്ത ബോഡി പാനലുകളും ആധുനികത തുളുമ്പുന്ന ശരീരവടിവുകളുമൊക്കെയാണ് പുതിയ മോഡലിന്. 20 ഇഞ്ച് അലോയ്‌വീല്‍ അതിമനോഹരമാണ്. വലിയ വീല്‍ ആര്‍ച്ചുകള്‍ ഓഫ് റോഡ് യാത്രകള്‍ക്ക് നന്നേ ചേരും. (ഇന്ത്യയില്‍ 18 ഇഞ്ച് അലോയ്‌വീലുകള്‍ പ്രതീക്ഷിക്കാം) അലൂമിനിയം ഫിനിഷുള്ള എയര്‍സ്‌കൂപ്പ് വീല്‍ ആര്‍ച്ചിനു മേലെ കാണാം. ബ്ലാക്ക് ഫിനിഷുള്ള ഫുട്‌സ്റ്റെപ്പ്, റൂഫ് റെയ്ല്‍, ചെറുതല്ലാത്ത കോര്‍ണര്‍ ഗ്ലാസ് എന്നിവയും സൈഡ് പ്രൊഫൈലിനെ മനോഹരമാക്കുന്നു.

വലിയ വിന്‍ഡ്ഷീല്‍ഡും ഇന്റഗ്രേറ്റ് ചെയ്ത സ്‌പോയ്‌ലറും നമ്പര്‍ പ്ലേറ്റിനു മേലെ തടിയന്‍ ക്രോമിയം ലൈനുമാണ് പിന്‍ഭാഗത്ത് ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങള്‍. ക്രോമിയം ലൈനില്‍ ഇഴചേരുന്ന ടെയ്ല്‍ലാമ്പിന്റെ ഡിസൈന്‍ കൊള്ളാം. അലൂമിനിയം ഫിനിഷുള്ള പിന്‍സ്‌കഫ് പ്ലേറ്റില്‍ റിഫ്ലക്ടറുകള്‍. ടെയ്ല്‍ ഗേറ്റ് മേലോട്ടാണ് തുറക്കുന്നത് എന്ന പ്രത്യേകത കൂടി പുതിയ എന്‍ഡേവറിനുണ്ട്.

ഉള്ളില്‍
പഴയ എന്‍ഡേവറില്‍ ‘അത്യാവശ്യം ജീവിക്കാന്‍ വേണ്ട’ സൗകര്യങ്ങളൊക്കെയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുത്തന്‍ എന്‍ഡേവര്‍ എല്ലാ അര്‍ത്ഥത്തിലും ന്യൂജെന്‍ ആണ്. ബ്ലാക്കും ബീജും അലൂമിനിയവും സമാസമം ചേര്‍ത്ത് ഭംഗിയാക്കിയിട്ടുണ്ട്. ഡാഷ് ബോര്‍ഡിനു മേലെയുള്ള ഭംഗിയായി സ്റ്റിച്ച് ചെയ്ത ലെതര്‍ അപ്മാര്‍ക്കറ്റ് ലുക്ക് സമ്മാനിക്കുന്നു. സാറ്റിന്‍ ഫിനിഷുള്ള എ.സി. വെന്റുകള്‍. ഡാഷ്‌ബോര്‍ഡിനു നടുവിലൂടെ നീളുന്ന സാറ്റിന്‍ ഫിനിഷ് പ്ലേറ്റില്‍ എവറസ്റ്റ് എന്ന് ആലേഖനം ചെയ്തിരിക്കുന്നു. തായ്‌ലന്റിലെ എന്‍ഡേവറില്‍ നടുവിലായി 8 ഇഞ്ച് ടച്ച് സ്‌ക്രീനുണ്ട്. വോയ്‌സ് കമാന്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, എമര്‍ജന്‍സി മെസേജ് സെന്‍സിങ്ങ് സംവിധാനം എന്നിവയെല്ലാമുള്ള ഫോര്‍ഡിന്റെ സിങ്ക് സിസ്റ്റത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇതിലുണ്ട്. സ്റ്റിയറിംഗ്‌വീല്‍ മനോഹരമാണ്. കണ്‍ഫ്യൂഷനുണ്ടാക്കുന്ന തരത്തില്‍ കുറേ സ്വിച്ചുകള്‍ സ്റ്റിയറിംഗ് വീലിന്മേല്‍ കാണാമെന്നു മാത്രം. ഹൈറെസല്യൂഷന്‍ ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ മീറ്റര്‍ കണ്‍സോളിലുണ്ട്. എല്ലാ ഡോറിലും ബോട്ടില്‍ ഹോള്‍ഡറുകള്‍, നിരവധി സ്റ്റോറേജ് സ്‌പേസുകള്‍, രണ്ട് പവര്‍ ഔട്ട്‌ലെറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍സീറ്റ് എന്നിവയും എടുത്തുപറയാം. മുന്‍സീറ്റുകളും രണ്ടാം നിര സീറ്റുകളും അഡ്ജസ്റ്റബിള്‍ ആണെങ്കിലും മൂന്നാം നിര സീറ്റ് അങ്ങനെയല്ല. എന്നാല്‍ അവയും ഇലക്ട്രിക്കലി മടക്കിവെയ്ക്കാം. മൂന്നാം നിര സീറ്റില്‍, പതിവുപോലെ, കുട്ടികള്‍ ഇരിക്കുന്നതാണ് സുഖപ്രദം.

എഞ്ചിന്‍
2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുണ്ട് എന്‍ഡേവറിന്. ആദ്യത്തേത് 4 സിലിണ്ടറും രണ്ടാമത്തേത് 5 സിലിണ്ടറുമാണ്. 3.2 ലിറ്റര്‍ എഞ്ചിന്‍. ടൈറ്റാനിയം എന്ന ടോപ്എന്‍ഡ് മോഡലിലേ ഉണ്ടാവൂ. 198 ബി.എച്ച്.പിയാണ് എഞ്ചിന്‍ കരുത്ത്. 470 ന്യൂട്ടണ്‍ മീറ്റര്‍ മാക്‌സിമം ടോര്‍ക്ക്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തെ ചലിപ്പിക്കുന്നത്. ഒന്നാന്തരം റിഫൈന്‍മെന്റും സ്‌പോര്‍ട്ടിനെസുമുള്ള എഞ്ചിനാണത്.

2.2. ലിറ്റര്‍ എഞ്ചിന്‍ 158 ബി.എച്ച്.പിയാണ്. 385 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുള്ള ഈ എഞ്ചിനാണ് ഓടിക്കാന്‍ കൂടുതല്‍ ഹരം നല്‍കുന്നത്. ഈ വേരിയന്റിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തന്നെയാണുള്ളത് 3.2 ലിറ്റര്‍ എഞ്ചിന്‍ മോഡലില്‍ റേഞ്ച് റോവറിലും മറ്റും ഉള്ളതുപോലെയുള്ള ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റമുണ്ട്. മണ്ണ്, ചെളി, പാറ എന്നിങ്ങനെ പ്രതലങ്ങള്‍ മാറുന്നതനുസരിച്ച് വാഹനത്തിന്റെ ‘സ്വഭാവം’ തന്നെ മാറ്റാവുന്ന സംവിധാനമാണിത്. 2.2 ലിറ്റര്‍ എഞ്ചിന്‍ മോഡലില്‍ ഈ സംവിധാനമുണ്ടാവില്ലെങ്കിലും 4 വീല്‍ ഡ്രൈവ് വാഹനത്തിനു വേണ്ട ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കേസ്, ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍, ഹില്‍ ക്ലൈംബ് ഡിസന്റ് സിസ്റ്റങ്ങള്‍ എന്നിവയെല്ലാമുണ്ടാകും.

ബോഡി ഓണ്‍ ഫ്രെയിം എന്ന പഴയ രീതിയിലാണ് പുതിയ എന്‍ഡേവര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മുന്നില്‍ ഇന്‍ഡിപെന്‍ഡന്‍സ് സസ്‌പെന്‍ഷനും പിന്നില്‍ റിയര്‍ ആക്‌സില്‍ഷോക്ക് അബ്‌സോര്‍ബര്‍ കോംമ്പിനേഷനു മാണ്. 225 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുള്ള എന്‍ഡേവര്‍ 800 മി.മീ. ആഴമുള്ള വെള്ളക്കെട്ടിലൂടെയും ഓടിച്ചു കൊണ്ടുപോകാനാകും.

പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ബോഡിറോള്‍ കുറയ്ക്കാനായി റിയര്‍ സസ്‌പെന്‍ഷനില്‍ പാര്‍ട്‌സ് ലിങ്കേജ് എന്നൊരു സംവിധാനം കൂടി ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ഇതുവരെ കണ്ടതൊന്നുമല്ല എന്‍ഡേവര്‍ എന്ന് ഫോര്‍ഡ് ബോധ്യപ്പെടുത്തുകയാണ് പുതിയ എന്‍ഡേവറിലൂടെ. അത്യാധുനിക ലുക്കും എക്യുപ്‌മെന്റ് നിരകളുമായി പടപൊരുതാന്‍ എന്‍ഡേവര്‍ ഏറെ താമസിയാതെ ഇന്ത്യയിലുമെത്തും. വില 20 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍