UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍ഡ് എന്‍ഡേവര്‍: എതിരാളികള്‍ക്ക് ഒന്നൊന്നര വെല്ലുവിളി

ഞാനും ഫോര്‍ഡ് എന്‍ഡേവറുമായി ഒരു ആത്മബന്ധമുണ്ട്. ഈ വാഹനത്തിലായിരുന്നു ലാല്‍ ജോസും ഞാനുമടങ്ങുന്ന മൂവര്‍ സംഘം 2014-ല്‍ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് യാത്ര നടത്തിയത്. 2003-ലാണ് ഫോര്‍ഡ് ഇന്ത്യ എന്‍ഡേവര്‍ എന്ന തങ്ങളുടെ ഫുള്‍ സൈസ് എസ് യുവിയുമായി രംഗപ്രവേശം ചെയ്യുന്നത്.

2006-ലെത്തിയ രണ്ടാം തലമുറയും സാമാന്യം നല്ല രീതിയില്‍ തന്നെ വിറ്റുപോന്നു. എന്നാല്‍ 2009-ല്‍ വന്ന ‘മേജര്‍ ഫേസ്‌ലിഫ്‌റ്റെന്ന്’ കമ്പനി അവകാശപ്പെടുന്ന പതിപ്പോടെ പല എന്‍ഡേവര്‍ പ്രേമികളും നിശബ്ദം മറ്റു ബ്രാന്റുകളിലേക്കു തിരിഞ്ഞു. വാഹനത്തിന്റെ പ്രൗഢിയും പൗരുഷവുമൊക്കെ അത്രമാത്രം ചോര്‍ത്തിക്കളഞ്ഞൊരു രൂപമാറ്റമായിരുന്നു അത്.

നിരത്തുകളില്‍ നിന്നും എന്‍ഡേവര്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാവാനൊരുങ്ങവെയാണ് 2015-ല്‍ ആ വാര്‍ത്ത പുറത്തുവന്നത് അടിമുടി മാറ്റങ്ങളുമായി പുത്തന്‍ എന്‍ഡേവര്‍ എത്തുന്നുവത്രെ. പോയവര്‍ഷം അവസാനത്തോടെ ആഗോള വിപണിയിലെത്തിയ വാഹനം ഇപ്പോഴിതാ ഇന്ത്യയിലുമെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സ്‌പെക് എന്‍ഡേവറിന്റെ, മലയാളമണ്ണിലൂടെയുള്ള വിശദമായ റോഡ് ടെസ്റ്റ് റിവ്യൂവാണ് ഇക്കുറി.

പുത്തന്‍ എന്‍ഡേവര്‍

തന്റെ മുന്‍ഗാമികളെപ്പോലെതന്നെ പുത്തന്‍ എന്‍ഡേവറും ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ എന്‍ഡേവറില്‍ നിന്നും ഭിന്നമായി മൂന്നാം തലമുറ വാഹനത്തില്‍ സാങ്കേതിക വിദ്യകളുടെയും ഉപകരണാദികളുടെയുമൊരു നീണ്ട നിര തന്നെയുണ്ട്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായ പുത്തന്‍ എന്‍ഡേവറിന്റെ 3.2 ലിറ്റര്‍ വകഭേദമാണ് ഇന്നു നാം ഓടിക്കുന്നത്.

കാഴ്ച

പഴയ എന്‍ഡേവറിനെ പോലെ ബോക്‌സി രൂപമല്ല ഇവന്. ഒരു ഹാര്‍ഡ്‌കോര്‍ എസ് യുവിയെങ്കിലും സോഫ്റ്റ് റോഡെറെന്ന് തോന്നിപ്പിക്കുംവിധമുള്ള രൂപമാണ് പുത്തന്‍ എന്‍ഡേവറിന്റേത് മുന്‍ഭാഗത്ത് ആദ്യം കണ്ണെത്തുക ക്രോം സറൗണ്ടോടുകൂടിയ വലിയ ഗ്രില്ലിലാവും. ഇതിന്റെ ഒത്ത നടുക്കായുള്ള ഫോര്‍ഡിന്റെ ലോഗോയ്ക്കും വലുപ്പമേറെയാണ്. ഗ്രില്ലിനോടിഴുകിച്ചേര്‍ന്നിരിക്കും വിധമാണ് എല്‍ ഇ ഡി ഡി ആര്‍ എല്ലുകളോടുകൂടിയ വലുപ്പമേറിയ ഹെഡ്‌ലാമ്പുകളുടെ രൂപകല്പന.

വലിയ ബമ്പറില്‍ അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റും അതില്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്ന ഫോഗ് ലാമ്പുകളും. ബോണറ്റിലെ പവര്‍ ബള്‍ജുകളും ശ്രദ്ധേയം. 

വലുപ്പം വിളിച്ചോതുന്ന സൈഡ് പ്രൊഫൈല്‍. 18 ഇഞ്ച് ടയറുകളുടെ ആകാരത്തെപ്പോലും നിഷ്പ്രഭമാക്കുംവിധം പടുകൂറ്റന്‍ വീല്‍ ആര്‍ച്ചുകള്‍. വണ്ണം കുറഞ്ഞ എ പില്ലര്‍ ‘ബ്‌ളൈന്റ് സ്‌പോട്ട്’ കുറയ്ക്കുന്നു. കറുപ്പ് ഫിനിഷുള്ള ബി, സി പില്ലറുകള്‍. ഡി പില്ലറിനെയും പിന്‍ ഗ്ലാസ്സ് ഏരിയയേയും ബന്ധിപ്പിക്കുന്ന കറുത്ത ഭാഗം പിന്നിലേക്കെത്തുമ്പോഴും രൂപകല്പനയുടെ ‘രസച്ചരട്’ മുറിയാതെ കാക്കുന്നു. വലിയ, 18 ഇഞ്ച് അലോയ്കളുടെ ഡിസൈനെ ഗംഭീരമെന്നല്ലാതെന്തു വിളിക്കാന്‍ !

പിന്‍ഭാഗത്തിന്റെ ഡിസൈനില്‍ ലാളിത്യം തുളുമ്പുന്നു… വളരെ ലളിതവും മനോഹരവുമായ രൂപത്തോടുകൂടിയ ടെയില്‍ ലാമ്പുകള്‍. അവയെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പില്‍ ‘എന്‍ഡേവര്‍’ എന്ന് മനോഹരമായി എംബോസ്സ് ചെയ്തിരിക്കുന്നു.പിന്‍ ബമ്പറില്‍ അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും അതിന്മേല്‍ പിന്‍ ഫോഗ് ലാമ്പുകളും. റൂഫിലെ ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ സ്‌റ്റൈലിനൊപ്പം എയ്‌റോഡൈനാമിക്‌സും മുന്നില്‍ക്കണ്ടാണ്.

ഉള്ളില്‍

പഴയ എന്‍ഡേവറിന്റെ ഉള്‍ഭാഗം കാണുമ്പോള്‍ത്തന്നെ മനസ്സുമടുക്കുമായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ… ഒട്ടുംതന്നെ ആധുനികമോ ദര്‍ശനസൗഖ്യമേകുന്നതോ ആയിരുന്നില്ല അത്. ശരിക്കുമൊരു പ്രാചീനകാല വാഹനത്തില്‍ കയറുന്ന പ്രതീതി. എന്നാല്‍ പുത്തന്‍ എന്‍ഡേവറില്‍ കാര്യങ്ങള്‍ പാടേ മാറിയിരിക്കുകയാണ്. ലക്ഷ്വറി സെഡാനുകളോടു കിടപിടിക്കുംവിധം ആധുനികവും ആഡംബരസമൃദ്ധവുമാണ് മൂന്നാംതലമുറ എന്‍ഡേവറിന്റെ അകത്തളം.

മുകള്‍ഭാഗം ബ്രൗണ്‍ ഡബിള്‍ സ്റ്റിച്ച്ഡ് ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. വലിയ ഡാഷ്‌ബോര്‍ഡിന്റെ ഒത്ത നടുക്കായി 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്മന്റ് സിസ്റ്റം. ഇതിനു താഴെയായി ഇന്‍ഫോടെയിന്മന്റ്, ക്‌ളൈമറ്റ് കണ്‍ട്രോള്‍ എന്നിവയുടെ നിയന്ത്രണങ്ങളും കാണാം. മികച്ച ഗ്രിപ്പേകുന്ന 4 സ്‌പോക്ക് സ്റ്റിയറിങ്ങില്‍ ക്രൂയിസ് കണ്‍ട്രോളിന്റേതടക്കമുള്ള നിയന്ത്രണങ്ങള്‍.

ഡാഷിലും സെന്റര്‍ കണ്‍സോളിലുമൊക്കെയായി ഉപയോഗിച്ചിരിക്കുന്ന കറുപ്പ് ബെയ്ജ് ക്രോം മെറ്റീരിയലുകള്‍ ഉള്‍ഭാഗത്തിന്റെ പ്രീമിയം അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. വലിയ എസി വെന്റുകള്‍. സെന്റര്‍ കണ്‍സോളില്‍ ഗിയര്‍ ലിവറിനു സമീപത്തായി ടെറേയ്ന്‍ മാനേജ്‌മെന്റ്, പാര്‍ക്ക് അസിസ്റ്റ്, ഡിഫറന്‍ഷ്യല്‍ ലോക്ക്, 4 വീല്‍ ഡ്രൈവ് സെലക്റ്റ്, ട്രാക്ഷന്‍ ആദിയായ നിയന്ത്രണങ്ങളുണ്ട്. അവിടവിടെയായി നല്‍കിയിരിക്കുന്ന സ്റ്റോറേജ് സ്‌പേസുകളും കപ്പ് ഹോള്‍ഡറുകളും പ്രായോഗികത മുന്നില്‍ക്കണ്ടാണ്. എന്‍ഡേവറിന്റെ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ടെയ്ല്‍ ഗെയ്റ്റും ടില്‍റ്റ് ഫംഗ്ഷനോടുകൂടിയ സണ്‍റൂഫുമൊക്കെ ഈ വിഭാഗത്തില്‍ വളരെ അപൂര്‍വ്വം മാത്രം കാണാനാവുന്ന ആഡംബരങ്ങള്‍.

വാഹനത്തിന്റെ പുറത്തെ വലുപ്പം ഉള്ളില്‍ ധാരാളമായുള്ള ക്യാബിന്‍ റൂമായി പരിണമിക്കുന്നു. ആദ്യ രണ്ടു നിര സീറ്റുകളിലും ഹെഡ്‌റൂമിനു പഞ്ഞമില്ല. മൂന്നാം നിര സീറ്റുകളിലെ ലെഗ്‌റൂം മോശമല്ലെങ്കിലും ദൂരയാത്രകളില്‍ ഇവ കുട്ടികള്‍ക്കായി മാറ്റിവയ്ക്കുന്നതാവും ബുദ്ധി. മുന്നിലെ ബക്കറ്റ് സീറ്റുകള്‍ മികച്ച സപ്പോര്‍ട്ടേകുന്നവ. മികച്ച അണ്ടര്‍ തൈ സപ്പോര്‍ട്ടോടുകൂടിയ 60:40 സ്പ്ലിറ്റ് സീറ്റുകളാണ് രണ്ടാംനിരയില്‍.


ഡ്രൈവ്

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ 3.2 ലീറ്റര്‍ ഡീസല്‍ മോഡലാണ് നമ്മുടെ കൂടെയുള്ളതെന്ന് പറഞ്ഞുവല്ലോ… ഫ്ലാപ്പ് കീ തിരിച്ചതും ഗംഭീരമായൊരു മുരള്‍ച്ചയോടെ എന്‍ഡേവര്‍ ഉണര്‍ന്നു. (പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടിന്റെ അഭാവം ഒരുമാത്ര എന്നെ അത്ഭുതപ്പെടുത്തിയെന്നത് പറയാതെ വയ്യ) ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതാണ് ഡ്രൈവര്‍ സീറ്റ്. അല്പം താഴ്ന്നിരിക്കുന്ന ഡാഷ്‌ബോര്‍ഡും വണ്ണം കുറഞ്ഞ എ പില്ലറും വലിയ വിന്റ്‌സ്‌ക്രീനുമൊക്കെ ചേര്‍ന്ന് ഡ്രൈവര്‍ക്ക് മികച്ച കാഴ്ചയേകുന്നു.

197 ബി എച്ച് പിയാണ് ഈ മോഡലിന്റെ പരമാവധി കരുത്ത്. 48 കിഗ്രാം മീറ്റര്‍ പീക്ക് ടോര്‍ക്കും. ഏതാണ്ട് രണ്ടു ടണ്ണോളം ഭാരമുള്ള വാഹനത്തെ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കി മീ വേഗതയിലെത്തിക്കുവാന്‍ ഈ എഞ്ചിനു11.22സെക്കന്റുകള്‍ ധാരാളം! നേരിയ ടര്‍ബോ ലാഗ് ഉണ്ടെന്നുതന്നെ പറയാം. ലീനിയറായ പവര്‍ ഡെലിവറി.വളവുകള്‍ വീശുമ്പോഴും മറ്റും കൃത്യതയാര്‍ന്ന ഇലക്ട്രോണിക്ക് പവര്‍ സ്റ്റീയറിങ്ങ് തരുന്ന ആത്മവിശ്വാസം ചെറുതല്ല.

പഴയ എന്‍ഡേവറിനോടു തട്ടിച്ചുനോക്കിയാല്‍ പുത്തന്‍ എന്‍ഡേവര്‍ എഞ്ചിന്‍ റിഫൈന്മെന്റിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. എന്‍ വി എച്ച് ലെവലുകള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് ഇവനില്‍. കൂടുതല്‍ മെച്ചപ്പെട്ട ക്യാബിന്‍ ഇന്‍സുലേഷന്‍ കൂടിയാവുന്നതോടെ ഉള്‍ഭാഗം ‘ശാന്തസുന്ദരമാകുന്നു’

ഇത്ര വലിയ വാഹനങ്ങളുടെ ‘ശാപമെന്ന്’ തന്നെ വിശേഷിപ്പിക്കാവുന്നതാണ് യാത്രികര്‍ക്ക് അനുഭവപ്പെടുന്ന ‘ബോഡിറോള്‍’ എന്ന പ്രതിഭാസത്തെ. പുത്തന്‍ എന്‍ഡേവറിലും ഇത് അനുഭവപ്പെടുമെങ്കിലും മുന്‍ തലമുറകളെ വച്ചു താരതമ്യം ചെയ്താല്‍ നാമമാത്രമാണെന്നു പറയേണ്ടി വരും. ബോഡിറോള്‍ കുറയ്ക്കുവാനായി പിന്‍ സസ്‌പെന്‍ഷനില്‍ പരമ്പരാഗതമായി കണ്ടുവരാറുള്ള പാന്‍ഹാര്‍ഡ് റോഡിനു പകരം ‘വാട്ട്‌സ് ലിങ്കേജ്’ എന്ന സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തത്ഫലമായി സ്റ്റെബിലിറ്റിയും ഡ്രൈവബിലിറ്റിയുമൊക്കെ മെച്ചപ്പെട്ടിട്ടുമുണ്ട്.

7 എയര്‍ബാഗുകള്‍, എ ബി എസ് , ഇ ബി ഡി, ഇ എസ് പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ സുരക്ഷാ ഉപാധികളുടെ ഒരു നീണ്ട നിര തന്നെയുണ്ട് പുത്തന്‍ എന്‍ഡേവറില്‍… ലിറ്ററിനു 10.91 കി മീ ഇന്ധനക്ഷമത അവകാശപ്പെടുന്ന വാഹനത്തിനു 2428 ലക്ഷമാണ് കൊച്ചി എക്‌സ് ഷോറൂം വില. ആധുനികമായ രൂപവും, ആഡംബരങ്ങളുടെ നീണ്ട നിരയും, കരുത്തുറ്റ എഞ്ചിനും മികച്ച ഹാന്റ്‌ലിങ്ങുമൊക്കെയായി എതിരാളികള്‍ക്കൊരു ‘ഒന്നൊന്നര’ വെല്ലുവിളി തന്നെയാണ് പുതിയ എന്‍ഡേവര്‍ എന്നതില്‍ സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍