UPDATES

വിദേശം

ഗാസ കുരുതിക്കളമാകുന്നു; ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 27 പലസ്തീനികള്‍

ശനിയാഴ്ച രാവിലെ ഇസ്രായേൽ സേനയുടെ വെടിയേറ്റ് ഒരു പലസ്തീൻ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു

ഗാസ അതിർത്തിയില്‍ ഇസ്രയേലി സൈന്യം നടത്തിയ വെടിവെപ്പിൽ ഒൻപത് പലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ വെടിവെപ്പില്‍ 18 പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേല്‍ തീവ്രമായ ജാഗ്രതയോടെ പലസ്തീന്‍ വിഷയം കൈകാര്യം ചെയ്യണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂറ്റെറസ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. രാജ്യത്തെ പൌരന്മാര്‍ക്കുനേരെ മനപ്പൂര്‍വം വെടിയുതിര്‍ക്കുന്നത് നാലാം ജനീവ കൺവെൻഷന്‍റെ പ്രകടമായ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ വക്താവ് എലിസബത്ത് ത്രോസ്സെൽ പ്രതികരിച്ചു.

ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയമാണ് കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും സ്ഥിതിവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തലയിലോ ശരീരത്തിന്റെ മുകള്‍ഭാഗത്തോ വെടിയേറ്റവരാണ് ഏറ്റവും ഗുരുതരാവസ്ഥയില്‍ കിടക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ വെടിയേറ്റ്‌ കിടന്നിരുന്ന ഒരാള്‍ വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.

ശനിയാഴ്ച രാവിലെ ഇസ്രായേൽ സേനയുടെ വെടിയേറ്റ് ഒരു പലസ്തീൻ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐൻ മീഡിയ ഏജൻസിയിലെ ഫോട്ടോഗ്രാഫറായിരുന്ന യാസർ മുര്‍തജയാണ് കൊല്ലപ്പെട്ടത്.

അഭയാർത്ഥികൾക്ക് തിരിച്ചു വരാനുള്ള സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്നു വിളിക്കുന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങൾ നടത്തിയ പ്രകടനത്തിന് നേരെയാണ് ഇസ്രേൽ സൈന്യം വെടിയുതിർത്തത്. എന്നാല്‍, ഇസ്രായേൽ അതിര്‍ത്തി വേലി മറികടക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് തങ്ങള്‍ വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വാദം.

അതേസമയം, ഹമാസ് നേതാവ് യഹിയ സിൻവാർ സംഘര്‍ഷസ്ഥലം സന്ദര്‍ശിച്ചു. നമ്മുടെ ഏറ്റവും വലിയ നീക്കത്തിനായി കാത്തുനിൽക്കണമെന്നും അതിര്‍ത്തികള്‍ ലംഘിച്ചു പുണ്യമാക്കപ്പെട്ട മസ്ജിദുല്‍ അഖ്സയില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്ന ദിവസം വരുമെന്നും അനുയായികളോടായി അദ്ദേഹം ആഹ്വാനം ചെയ്തു. ഇതാദ്യമായാണ് ഒരു ഹമാസ് നേതാവ് പരസ്യമായി ഇസ്രയേല്‍ അതിര്‍ത്തി സേനയെ വെല്ലുവിളിക്കുന്നത്.

കഴിഞ്ഞ മാസം 30 നു നടന്ന പ്രക്ഷോഭത്തെ തുടർന്ന് മേഖല സംഘർഷഭരിതമായിരുന്നു. ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അതിര്‍ത്തിരേഖ മറികടക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അമ്പതിനായിരത്തോളം പ്രതിഷേധക്കാരാണ് ഗാസയിലെ അഞ്ച് ഇടങ്ങളിലായി പ്രക്ഷോഭം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍