UPDATES

വിദേശം

17കാരിയായ പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രയേലില്‍ എട്ട് മാസം തടവ് ശിക്ഷ

നൂറ് കണക്കിന് കുട്ടികളെയാണ് എല്ലാവര്‍ഷവും ജുവനൈല്‍ കോടതികള്‍ വഴി ഇസ്രയേല്‍ പ്രോസിക്യൂട്ട് ചെയ്യുന്നത്. പലരും കടുത്ത ശാരീരിക പീഡനത്തിന് ഇരയാകുന്നു. നിലവില്‍ 350 പലസ്തീന്‍ കുട്ടികളാണ് ഇസ്രയേല്‍ ജയിലുകളിലുള്ളത്.

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടിയതിന് പിടികൂടി ജയിലിലടച്ച 17കാരിയായ പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് എട്ട് മാസം തടവ് ശിക്ഷ. ഇതിന് പുറമെ 5000 ഷെകല്‍ (ഏതാണ്ട് 1400 യുഎസ് ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് നേരെയുള്ള ഭീഷണിയാണ് അഹദ് തമീമിയെ തടവിലിടുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. 2017 ഡിസംബര്‍ അഞ്ചിന് തന്റെ ഗ്രാമമായ നബി സാലെയില്‍ വച്ച് രണ്ട് ഇസ്രയേലി പട്ടാളക്കാരെ അഹദ് തമീമിയും അമ്മയും കസിനും ചേര്‍ന്ന് നിലത്തിട്ട് ചവുട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്.

പലസ്തീന്‍ കുട്ടികള്‍ക്ക് യാതൊരു അവകാശങ്ങളുമില്ലെന്നാണ് ഇസ്രയേലിന്റെ മനോഭാവമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ മഗ്ദലേന മുഗ്രാബി കുറ്റപ്പെടുത്തി. ഇസ്രയേല്‍ കൂടി ഭാഗമായിരുന്ന, കുട്ടികളുടെ അവകാശം സംബന്ധിച്ച കണ്‍വെന്‍ഷന്‍ പ്രകാരം യാതൊരു നിവൃത്തിയുമില്ലാത്ത ഘട്ടത്തില്‍ തീരെ കുറഞ്ഞ സമയത്തേയ്ക്ക് മാത്രമേ കുട്ടികളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പാടൂ എന്നാണ് കണ്‍വെന്‍ഷന്‍ പറയുന്നത്. ചുമത്തിയ 12 കുറ്റങ്ങളില്‍ നാലെണ്ണത്തില്‍ അഹദ് കുറ്റക്കാരിയാണെന്നാണ് ഇസ്രയേലി കോടതിയുടെ കണ്ടെത്തല്‍. അഹദ് തമീമിയുടെ അമ്മ നരിമനെ എട്ട് മാസത്തെ തടവും 6000 ഷെകലും (ഏതാണ്ട് 1780 യുഎസ് ഡോളര്‍) ആണ് പിഴയായി ഇട്ടിരിക്കുന്നത്. കസിന്‍ നൂര്‍ തമീമിക്ക് 2000 ഷെകല്‍ (ഏതാണ്ട് 500 യുഎസ് ഡോളര്‍) പിഴയിട്ടിരിക്കുന്നു.

എവിടെ എന്റെ സഹോദരന്‍? എന്നു ചോദിച്ച് അവള്‍ ഇടിച്ചത് ഇസ്രയേലിന്റെ നെഞ്ചിനാണ്

തര്‍ക്കപ്രദേശമായ ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥമാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിന് എതിരായ പ്രതിഷേധത്തിന് ഇടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഹദിന്റെ കസിന്‍ മൊഹമ്മദ് തമീമിക്ക് ഇസ്രയേല്‍ സൈന്യത്തില്‍ നിന്ന് റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതും ഇതേ ദിവസമായിരുന്നു.

നൂറ് കണക്കിന് കുട്ടികളെയാണ് എല്ലാവര്‍ഷവും ജുവനൈല്‍ കോടതികള്‍ വഴി ഇസ്രയേല്‍ പ്രോസിക്യൂട്ട് ചെയ്യുന്നത്. പലരും കടുത്ത ശാരീരിക പീഡനത്തിന് ഇരയാകുന്നു. നിലവില്‍ 350 പലസ്തീന്‍ കുട്ടികളാണ് ഇസ്രയേല്‍ ജയിലുകളിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍