UPDATES

വിദേശം

പോപ്പിന് മുന്നില്‍ കറുത്ത പുക? ഫ്രാന്‍സിസ് പാപ്പയെ പുകച്ച് പുറത്തുചാടിക്കാന്‍ കലാപക്കൊടി

പോപ്പിന്റെ സമീപനങ്ങളിലും വിവിധ വിഷയങ്ങളിലെ നിലപാടുകളിലും കടുത്ത അമര്‍ഷവും അസ്വസ്ഥതയുമുള്ള യാഥാസ്ഥിതിക പുരോഹിത സംഘങ്ങളെല്ലാം കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കത്തോലിക്ക സഭയില്‍ ദീര്‍ഘനാളത്തേയ്ക്ക് നീണ്ടുനിന്നേക്കാവുന്ന വലിയ സംഘര്‍ഷത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

അയര്‍ലന്റ് പര്യടനത്തിന്റെ അവസാനദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ, കത്തോലിക്ക പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്ക് സഭയുടെ പേരില്‍ ക്ഷമാപണം നടത്തി. എന്നാല്‍ മുന്‍ വത്തിക്കാന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നത് പോപ്പ് ഫ്രാന്‍സിസിന് ഈ ലൈംഗിക പീഡന ആരോപണങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ പങ്കുണ്ടെന്നാണ്. മറ്റ് ഉന്നത വത്തിക്കാന്‍ അധികാരികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുന്നതിലും കുറ്റവാളികളെ സംരക്ഷിച്ചതിലും പോപ്പും പങ്കാളിയാണ് എന്നാണ് കാര്‍ലോ മരിയ വിഗാനോ എന്ന മുന്‍ ഉദ്യോഗസ്ഥന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം വലിയ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുന്നു. പോപ്പ് ഫ്രാന്‍സിസ് പദവി ഒഴിയണമെന്നാണ് അദ്ദേഹത്തിന്റെ നിശിത വിമര്‍ശകനും യുഎസില്‍ വത്തിക്കാന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന കാര്‍ലോ വിഗാനോ ആവശ്യപ്പെടുന്നത്.

കത്തോലിക്ക സഭയില്‍ നിന്ന് വലിയ തോതില്‍ അകന്നുകൊണ്ടിരിക്കുന്ന ഐറിഷ് വിശ്വാസി സമൂഹത്തെ തിരിച്ചുപിടിക്കാനുള്ള പോപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കാര്‍ലോ വിഗാനോയുടെ ആരോപണങ്ങള്‍. കത്തോലിക്ക സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തില്‍ സഭയുടെ പരമോന്നത അധ്യക്ഷ പദവി ഒഴിഞ്ഞത് തൊട്ടുമുമ്പത്തെ മാര്‍പാപ്പയായ ബെനഡിക്ട് 16ാമന്‍ മാത്രമാണ്. ബാക്കിയെല്ലാവരും മരണം വരെ സ്ഥാനത്ത് തുടര്‍ന്നു. പോപ്പ് ഫ്രാന്‍സിസ് സ്ഥാനമൊഴിയേണ്ടി വരുകയാണെങ്കില്‍ ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാകുന്ന ആദ്യ പോപ്പാകും അദ്ദേഹം. പോപ്പ് ഫ്രാന്‍സിസിനെ വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള കടന്നാക്രമണങ്ങളാണ് ഉണ്ടാകുന്നത്. പോപ്പിനെതിരെ സഭയില്‍ നടക്കുന്ന, ഒട്ടും സാധാരണമല്ലാത്ത പരസ്യമായ യുദ്ധപ്രഖ്യാപനം. പോപ്പിനെ സ്ഥാനഭ്രഷ്ടനക്കാന്‍ വ്യക്തമായും ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍.

കാര്‍ഡിനല്‍ തിയോഡോര്‍ മകകാരിക് സെമിനാരി അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പോപ്പിന് അറിവുണ്ടായിരുന്നതായും കാര്‍ലോ വിഗാനോ ആരോപിക്കുന്നു. എന്നാല്‍ വ്യക്തമായ ബോധ്യമുണ്ടായിട്ടും കാര്‍ഡിനല്‍ മക്കാരിക്കിനെതിരെ യാതൊരു നടപടിയും പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ചില്ല. പകരം അദ്ദേഹത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും അമേരിക്കന്‍ ബിഷപ്പുമാരെ തിരഞ്ഞെടുക്കാനും മറ്റും നിയോഗിക്കുകയും ചെയ്തു – വിഗാനോ ആരോപിക്കുന്നു.

അയര്‍ലന്റില്‍ നിന്ന് റോമിലേയുള്ള വിമാനയാത്രക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയോട് ആര്‍ച്ച് ബിഷപ്പ് വിഗാനോയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. 2013ല്‍ തന്നെ മക്കാരിക്കിന്റെ കുപ്രസിദ്ധ പീഡന ചരിത്രം പോപ്പിനെ അറിയിച്ചിരുന്നു എന്ന വിഗാനോയുടെ വെളിപ്പെടുത്തല്‍ സത്യമാണോ, വിഗാനോ പറയുന്നത് പോലെ ബെനഡക്ടിട് 16ാമന്‍ പോപ്പായിരിക്കെ കാര്‍ഡിനല്‍ മക്കാരിക്കിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. വിഗാനോയുടെ ആരോപണങ്ങളൊന്നും പോപ്പ് നിഷേധിച്ചില്ല. താന്‍ ഇതിനോട് പ്രതികരിക്കില്ലെന്നും ഒരു വാക്ക് പോലും ഇതിന് മറുപടിയായി പറയില്ലെന്നും പോപ്പ് പറഞ്ഞു. പ്രസ്താവന എല്ലാം വ്യക്തമാക്കുന്നുണ്ട്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. നിങ്ങള്‍ നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തന സാധ്യതകള്‍ ഉപയോഗിച്ച് ആവശ്യമായ നിഗമനത്തില്‍ എത്തിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു.

7000 വാക്കുകളുള്ള പ്രസ്താവനയാണ് പോപ്പിനെതിരെ ആരോപണങ്ങളുമായി ഇറക്കിയിരിക്കുന്നത്. പോപ്പിന്റെ സമീപനങ്ങളിലും വിവിധ വിഷയങ്ങളിലെ നിലപാടുകളിലും കടുത്ത അമര്‍ഷവും അസ്വസ്ഥതയുമുള്ള യാഥാസ്ഥിതിക പുരോഹിത സംഘങ്ങളെല്ലാം കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കത്തോലിക്ക സഭയില്‍ ദീര്‍ഘനാളത്തേയ്ക്ക് നീണ്ടുനിന്നേക്കാവുന്ന വലിയ സംഘര്‍ഷത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍