UPDATES

വിദേശം

ട്രംപിനെ പുറത്താക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നില്ല, മാനസികനിലയില്‍ സംശയമില്ല: നിക്കി ഹാലി

ട്രംപുമായുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ചും, ഭരണഘടനയിലെ 25-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഡെപ്യൂട്ടി അറ്റോണി ജനറൽ റോഡ് റോസൻസ്റ്റീൻ സംസാരിച്ചിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് രണ്ട് ദിവസം മുന്‍പാണ്.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈറ്റ് ഹൗസിനുള്ളില്‍ നിന്നുതന്നെ ചരടുവലികള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവരാന്‍ ട്രംപിന്‍റെ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ട്രംപുമായുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ചും, ഭരണഘടനയിലെ 25-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഡെപ്യൂട്ടി അറ്റോണി ജനറൽ റോഡ് റോസൻസ്റ്റീൻ സംസാരിച്ചിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് രണ്ട് ദിവസം മുന്‍പാണ്. പ്രസിഡന്റിനെ വോട്ടിങ്ങിലൂടെ പുറത്താക്കാൻ വൈസ് പ്രസിഡന്റിനും കാബിനറ്റ് സെക്രട്ടറിമാർക്കും അനുവാദം നൽകുന്നതാണ് ഭരണഘടനയിലെ 25-ാം വകുപ്പ്.

ഈ മാസം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച, പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍റെ ലേഖനത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. യുഎസിലെ ഏറ്റവും പ്രശസ്ത പത്രപ്രവർത്തകരിൽ ഒരാളായ ബോബ് വുഡ്‌വാഡ് (കാള്‍ ബേണ്‍സ്റ്റീനൊപ്പം വാട്ടര്‍ഗേറ്റ് സംഭവം പുറത്തുകൊണ്ടുവന്ന വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ടര്‍) എഴുതിയ ‘ഫിയർ: ട്രംപ് ഇൻ ദ് വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തില്‍ ‘പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ വഴിതെറ്റിക്കുകയും, ലോകത്തെ പൊതുവിൽതന്നെ അപകടത്തിൽ ചാടിക്കുകയും ചെയ്യും’ എന്നാണ് അഭിപ്രായപ്പെടുന്നത്.

‘ഏതാണ്ട് എല്ലാ ആഴ്ചയും വൈറ്റ് ഹൌസിൽ ഞാന്‍ ഉണ്ടായിട്ടുണ്ട്.  അത്തരമൊരു ഭേദഗതിയെക്കുറിച്ച് ആരും അവിടെ സംസാരിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. പ്രസിഡന്റിന്‍റെ മാനസികസ്ഥിരതയെ സംബന്ധിച്ചോ മറ്റോ ആരും ചോദ്യം ചെയ്തിട്ടില്ല’ എന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി, എബിസിയോട് പറഞ്ഞു. റോസൻസ്റ്റീനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും നിർബന്ധിതനായി. അത്തരത്തിലുള്ള ഒരു സംസാരവും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

റോഡ് റോസന്‍സ്റ്റീന്‍റെ ഇടപെടലുകളെകുറിച്ച് ആക്ടിങ് ഡയറക്ടറായ ആന്‍ഡ്രൂ മാക് കാബിന്‍റെ മെമ്മോകളെ ചൂണ്ടിക്കാട്ടി ‘ദ ടൈംസ്’ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും റോസന്‍സ്റ്റീന്‍ തള്ളി. പ്രസിഡന്റിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടോ അദ്ദേഹത്തിന്‍റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടോ ആര്‍ക്കും ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍