UPDATES

വിദേശം

ജറുസലേമിലെ പലസ്തീനിയന്‍ ആശുപത്രികള്‍ക്കായുള്ള സഹായധനം വെട്ടിച്ചുരുക്കി അമേരിക്ക

ഇസ്രായേലിനും പലസ്തീനുമായുള്ള സമാധാന പദ്ധതി ട്രംപ് ഭരണകൂടം പുറത്തിറക്കാനിരിക്കെയാണ് സഹായധനത്തിലെ വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കിഴക്കന്‍ ജറുസലേമിലെ പലസ്തീനിയന്‍ ആശുപത്രികള്‍ക്കായുള്ള സഹായധനത്തില്‍ നിന്ന് 25 മില്യണ്‍ ഡോളര്‍ വെട്ടിച്ചുരുക്കുമെന്ന് ട്രംപ് ഭരണകൂടം ശനിയാഴ്ച പ്രഖ്യാപിച്ചു. പലസ്തീനുവേണ്ടി ചെലവാക്കുന്ന തുക അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണോയെന്ന് ഉറപ്പു വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. പണം കൂടുതല്‍ പ്രാധാന്യമുള്ള മറ്റ് പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത്.

ഇത് പ്രകാരം പലസ്തീനായുള്ള സഹായധനത്തില്‍ നിന്ന് 200 മില്യണിലധികം ഡോളര്‍ വെട്ടിച്ചുരുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ മാസം ഉണ്ടായിരുന്നു. ആശുപത്രികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സഹായധനത്തില്‍ വെട്ടിച്ചുരുക്കല്‍ നടത്തില്ലെന്നായിരുന്നു പാലസ്തീന്റെ പ്രതീക്ഷ. രാഷ്ട്രീയമായ വിലപേശലാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പലസ്തീന്‍ അപലപിച്ചു.

വെസ്റ്റ് ബാങ്കിലെയും ഗാസാ മുനമ്പിലെയും ആയിരക്കണക്കിന് രോഗികളോടും അവരുടെ കുടുംബങ്ങളോടും കടുത്ത ദ്രോഹമാണിതെന്നും ഇത് പലസ്തീനിലെ ആരോഗ്യ പരിപാലന രംഗത്തെ ആയിരകണക്കിന് തൊഴിലാളികളുടെ ജീവിത വരുമാനത്തെ ഇല്ലാതാക്കുമെന്നും പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായ ഹനാന്‍ അശ്‌റാവി കുറ്റപ്പെടുത്തി.

‘രാഷ്ട്രീയമായ വിലപേശല്‍ മാനുഷികതയ്ക്കും ധാര്‍മ്മികതയ്ക്കും എതിരാണ്. പിന്തുണയും സംരക്ഷണവും ആവശ്യപ്പെടുന്ന ഒരു ജനസമൂഹത്തിനെ ദ്രോഹിക്കാനല്ല രാഷ്ട്രീയം ഉപയോഗിക്കേണ്ടത്’ എന്നും അശ്‌റാവി പറഞ്ഞു.

ഇസ്രായേലിനും പലസ്തീനുമായുള്ള സമാധാന പദ്ധതി ട്രംപ് ഭരണകൂടം പുറത്തിറക്കാനിരിക്കെയാണ് സഹായധനത്തിലെ വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍