UPDATES

വിദേശം

‘സഖാവ് ഹെലന്‍’; ബ്രിട്ടനില്‍ നിന്നും കൂര്‍ദുകള്‍ക്ക് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോയ അന്ന കാംബെല്‍

സിറിയയിലെ കുര്‍ദിഷ് ശക്തികള്‍ക്കൊപ്പം മരിക്കുന്ന ആദ്യ ബ്രിട്ടീഷ് യുവതിയാണ് അന്ന കാംബെല്‍

വടക്കന്‍ സിറിയയിലെ അഫ്രീനില്‍ കുര്‍ദിഷ് ശക്തികളോടൊപ്പം പോരാടുന്ന ഒരു ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ടതായി അവരുടെ കുര്‍ദിഷ് കമാന്‍ഡര്‍ കഴിഞ്ഞ ദിവസം അറിയിച്ചപ്പോഴാണ് അസാധാരണമായ ഒരു ധീരതയുടെ കഥ ലോകം അറിഞ്ഞത്. അന്ന കാംബെല്‍ എന്ന സഖാവ് ഹെലന്റെ കഥയായിരുന്നു അത്. കിഴക്കന്‍ സസ്സെക്സിലെ ലൂയിസില്‍ നിന്നുള്ള ഇരുപത്താറുകാരിയായ അന്ന, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള കുര്‍ദിഷ് പോരാട്ടത്തില്‍ ചേരാനാണ് സിറിയയിലേക്ക് പോയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപരോധിക്കപ്പെട്ട നഗരമായ അഫ്രീനില്‍, യുഎസ് സഹായത്തോടയുള്ള കുര്‍ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ്സില്‍ (YPJ) സന്നദ്ധസേവനം അനുഷ്ഠിക്കുകയായിരുന്നു അന്ന കാംബെല്‍. പീപ്പിള്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ്സിന്റെ (YPG) വനിതകള്‍ മാത്രമടങ്ങുന്ന അനുബന്ധസേനയാണ് YPJ. മാര്‍ച്ച് 16ന് അന്ന യാത്ര ചെയ്തിരുന്ന വാഹനവ്യൂഹത്തിനുനേരെ തുര്‍ക്കി മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

കുര്‍ദിഷ് ശക്തികളെ തങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു തുരത്താനായി ജനുവരിയില്‍ തുര്‍ക്കികള്‍ കരയിലും വായുവിലും പ്രത്യാക്രമണങ്ങള്‍ തുടങ്ങിയപ്പോള്‍, അന്ന തന്റെ കുര്‍ദിഷ് കമാന്‍ഡര്‍മാരോട് അഫ്രീന്‍ യുദ്ധമുഖത്തേക്ക് തന്നെ അയക്കാന്‍ അപേക്ഷിച്ചു.

“അവര്‍ ആദ്യം അത് നിരസിച്ചു, പക്ഷേ അവള്‍ വഴങ്ങിയില്ല, പാശ്ചാത്യയാണെന്ന് പെട്ടെന്ന് തോന്നാതിരിക്കാനായി തന്റെ സ്വര്‍ണ്ണത്തലമുടി കറുപ്പിക്കുകപോലും ചെയ്തു അവള്‍ ” ഒരു YPJവക്താവ് ദ ഗാര്‍ഡിയനോട് പറഞ്ഞു.

“അവര്‍ ഒടുക്കം സമ്മതിക്കുകയും അവളെ പോകാന്‍ അനുവദിക്കുകയും ചെയ്തു”

സിറിയയിലെ കുര്‍ദിഷിഷ് ശക്തികളോടൊപ്പം പോരാടി കൊല്ലപ്പെടുന്ന ആദ്യ ബ്രിട്ടീഷ് വനിത മാത്രമല്ല അന്ന. ജനുവരി 20ന് കുര്‍ദിഷ് അധീനപ്രദേശങ്ങളില്‍ തുര്‍ക്കി കടന്നാക്രമണം നടത്തിയ ശേഷം മരിക്കുന്ന ആദ്യത്തെ ബ്രിട്ടണ്‍കാരിയും (Briton) ആണ് അവര്‍.

ഞാറാഴ്ച ദ ഗാര്‍ഡിയനു നല്കിയ പ്രസ്താവനയില്‍, YPJ കമാന്‍ഡറും വക്താവുമായ നെസ്രിന്‍ അബ്ദുള്ള പറഞ്ഞു: “കാംബെല്ലിന്റെ രക്തസാക്ഷിത്വം ഞങ്ങള്‍ക്ക് ഒരു വലിയ നഷ്ടമാണ്. സ്ത്രീകളുടെ വീര്യം തെളിയിച്ച സാര്‍വദേശീയ ആത്മാവിനാലും വിപ്ലവാത്മക ചൈതന്യത്താലും അവര്‍ അവരുടെ മന:ശ്ശക്തി എല്ലാ പ്രവര്‍ത്തിയിലും പ്രകടിപ്പിച്ചു… YPJയുടെ വുമണ്‍സ് ഡിഫെന്‍ യൂണിറ്റ്സിനുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആഴത്തിലുള്ള അനുശോചനം അവരുടെ കുടുംബത്തെ അറിയിക്കുന്നു. അവര്‍ ഏറ്റെടുത്ത പാത പിന്തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ പോരാട്ടത്തിന്റെ പൂര്‍ണ്ണതയില്‍ ഞങ്ങള്‍ അവളെ പ്രതിനിധാനം ചെയ്യും.”

അന്നയുടെ പിതാവ് ഡിര്‍ക് കാംബെല്‍ “താന്‍ വിശ്വസിച്ച ലോകം സൃഷ്ടിക്കാനായി ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള, സുന്ദരിയും സ്നേഹസമ്പന്നയുമായ മകള്‍” എന്ന് അന്നയെ വിശേഷിപ്പിച്ചു.

“അന്ന വളരെ ആദര്‍ശവാദിയും ഗൌരവപ്രകൃതിയും കൂടുതല്‍ നല്ല ലോകം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നവളും ആയിരുന്നു. അവള്‍ മരിക്കുമ്പോള്‍ യുദ്ധം ചെയ്യുകയായിരുന്നില്ല, തുര്‍ക്കിയുടെ കയ്യേറ്റങ്ങള്‍ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു അവള്‍.”

തുര്‍ക്കി ഇക്കഴിഞ്ഞ മാസങ്ങളില്‍, സിറിയയിലെ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍നിന്ന്, അവരുടെ ശ്രദ്ധ, തങ്ങളുടെ അതിര്‍ത്തിയില്‍ കാലുറപ്പിക്കുന്നതില്‍നിന്നും YPGയെ തടയുന്നതിലേക്ക് മാറ്റിയിരുന്നു. YPGക്ക് അവരുടെതന്നെ കലാപകാരിസംഘമായ കുര്‍ദിഷ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (PKK)യുമായി ബന്ധമുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്നു. യുഎസ്, യൂറോപ്യന്‍യൂണിയന്‍, ബ്രിട്ടന്‍ എന്നിവരൊന്നും തന്നെ YPGയെ തീവ്രവാദസംഘടനായി കണക്കാക്കുന്നില്ല, ഐസിസിനെതിരായ പോരാട്ടത്തില്‍ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

തന്റെ മകള്‍ “അന്യായമായ അധികാരത്തിനും സവിശേഷാവകാശങ്ങള്‍ക്കും” എതിരെയുള്ള യുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ചു എന്ന് ഡിര്‍ക് കാംബെല്‍ പറയുന്നു.

“താന്‍ വിശ്വസിച്ചതിനുവേണ്ടി നിലകൊള്ളുന്ന” അര്‍പ്പിതമനസ്കയായ ഒരു മനുഷ്യാവകാശ-പരിസ്ഥിതി പ്രചാരകയായിരുന്നു അവര്‍ എന്ന് അദ്ദേഹം പറയുന്നു.

“അതൊരു ചെറിയ കാര്യമായി തോന്നാം. പക്ഷേ, അവള്‍ക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ സ്കൂളിലെ മറ്റു കുട്ടികള്‍ ഉപദ്രവിക്കുന്നതില്‍നിന്ന് ഒരു വന്‍തേനീച്ചയെ സംരക്ഷിച്ചത് എനിക്കോര്‍മ്മയുണ്ട്” അദ്ദേഹം ഓര്‍ക്കുന്നു. “അവള്‍ അത് വല്ലാത്ത മനശ്ശക്തിയോടെയാണ് ചെയ്തത്. മറ്റുള്ളവര്‍ അവളെ കളിയാക്കി. പക്ഷേ അവള്‍ അത് വകവെച്ചതേയില്ല. അവള്‍ വിശ്വസിക്കുന്ന ഒന്നിന്റെ കാര്യം വരുമ്പോള്‍ അവള്‍ക്ക് തികച്ചും ഒറ്റമനസ്സേയുള്ളൂ. തുര്‍ക്കി ചെയ്യുന്നത് തെറ്റായ കാര്യമാണെന്ന് അവള്‍ വിശ്വസിച്ചിരുന്നു.”

സൈനികസേവനത്തിനായുള്ള അവളുടെ അഭിനിവേശം അവളുടെ അമ്മ അഡ്രിയേനില്‍നിന്നു കിട്ടിയതാണെന്ന് അദ്ദേഹം പറയുന്നു. ദക്ഷിണ ഇംഗ്ലണ്ടിലെ സന്നദ്ധസേവനരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു അഡ്രിയേന്‍. അഞ്ചുകൊല്ലംമുമ്പ് സ്തനാര്‍ബുദം മൂലം അവര്‍ മരണമടഞ്ഞു. “അന്ന, അവളുടെ അമ്മക്കുള്ള അംഗീകാരമാണ്. അമ്മ ചെയ്തപോലുള്ള ഒരുപാടു പ്രവര്‍ത്തനങ്ങള്‍ അവള്‍ കൊണ്ടുനടക്കുകയും ചെയ്തിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൊജാവയില്‍ (വടക്കന്‍ സിറിയയിലെ അര്‍ദ്ധ സ്വയംഭരണപ്രദേശവും YPJ/G എന്നിവയുടെ കേന്ദ്രസ്ഥാനവും) ആഞ്ഞടിക്കുകയും ഐസിസിനെതിരെ പോരാടാന്‍ കുര്‍ദുകളെ പ്രചോദിപ്പിക്കുകയും ചെയ്ത അടിസ്ഥാന സ്ത്രീപക്ഷ സ്ഥിതിസമത്വ വിപ്ലവത്തെക്കുറിച്ച് കേട്ടശേഷം കഴിഞ്ഞ മെയിലാണ് കാംബെല്‍ അച്ഛനോട് വടക്കന്‍ സിറിയയിലേക്ക് പോകാനുള്ള തന്റെ പദ്ധതിയെപ്പറ്റി പറഞ്ഞത്.

“ഞാന്‍ അവളെ തടയാന്‍ ശ്രമിച്ചില്ല” കാംബെല്‍ പറഞ്ഞു “കാരണം എനിക്കറിയാം അവള്‍ ഒന്ന് ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ അവളെ തടയാനാവില്ലെന്ന്. അതുകൊണ്ടാണ് അവള്‍ റൊജാവയിലേക്ക് പോയത് : എല്ലാവര്‍ക്കും പ്രതിനിധാനത്തിന് അവകാശമുള്ള സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കാന്‍. അവള്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തമാശ പറഞ്ഞു: ‘നിന്നെ പരിചയപ്പെട്ടതില്‍ സന്തോഷം’. എനിക്കറിയാമായിരുന്നു, അതൊരുപക്ഷേ അവസാനത്തെ കാണലായിരിക്കുമെന്ന്.”

റൊജാവയില്‍ എത്തിയ ശേഷം കാംബെല്‍ YPJയുടെ ഒരു മാസം നീളുന്ന, നിര്‍ബന്ധിത സൈനികസേവന പരിശീലനപരിപാടി പൂര്‍ത്തിയാക്കി. അതില്‍ പുതിയ സൈനികര്‍ കുര്‍ദിഷ് ഭാഷയുടെ അടിസ്ഥാനപാഠങ്ങളും ആയുധപരിശീലനവും യുദ്ധമുഖതന്ത്രങ്ങളും കരസ്ഥമാക്കുന്നു. കൂടാതെ YPJ/Gയുടെ സമത്വവാദത്തിന്റെയും സ്ത്രീപക്ഷവാദത്തിന്റെയും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള തീവ്രപരിശീലനപരിപാടിയും ഉണ്ടായിരുന്നു. അതിനുശേഷം അവര്‍, കുര്‍ദിഷ് പോരാളികളും അന്താരാഷ്ട്രപോരാളികളും അടങ്ങിയ ഒരു കാലാള്‍പ്പടയിലേക്ക് നിയോഗിക്കപ്പെട്ടു. അവിടെവെച്ച് അവള്‍ക്ക് സൈനികനാമമായ ഹെലിന്‍ ക്യുരെകോക്സ് ( nom-de-guerre Helîn Qerecox) നല്കുകയും യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തു.

അവള്‍ രാജ്യത്തെ ആദ്യമാസങ്ങള്‍ കഴിച്ചത്, ഐസിസിന്റെ അവസാനത്തെ മുഖ്യ കോട്ടയും ജിഹാദിസംഘത്തിന്റെ അവസാന നിലപാടിന്റെ രംഗവുമായ, ഡൈര്‍ അസ് സോറില്‍ യുദ്ധം ചെയ്തുകൊണ്ടാണെന്ന് YPJ സ്രോതസ്സുകള്‍ പറയുന്നു. പക്ഷേ ഐസിസ് പരാജയത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, കുര്‍ദിഷ് പദവിയിലുള്ള വിദേശപോരാളികള്‍ നേരിടുന്ന തെരഞ്ഞടുപ്പുണ്ട്: വീട്ടിലേക്ക് മടങ്ങുക അല്ലെങ്കില്‍ തുര്‍ക്കിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ YPGയെ സഹായിക്കാനായി സിറിയയില്‍ തുടരുക.

“അഫ്രീനിലെ ആദ്യകാല ആക്രമണങ്ങള്‍ക്കു ശേഷം, ഹെലിന്‍ സഖാവ് അഫ്രീന്‍ പ്രതിരോധത്തിനായുള്ള ഉദ്യമത്തില്‍ ചേരാന്‍ നിര്‍ബന്ധം പിടിച്ചു.” അബ്ദുള്ള പറയുന്നു “പോകുംമുമ്പ്, അവള്‍ സൈനികപരിശീലനം നേടിയിരുന്നു. ഞങ്ങള്‍ക്ക് അവളെ സംരക്ഷിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവളുടെ തീരുമാനത്തോട് യോജിച്ചിരുന്നുമില്ല.. പക്ഷേ അഫ്രീനിലേക്ക് പോകാനുള്ള അവളുടെ ആഗ്രഹത്തില്‍ നിരന്തരമായി അവള്‍ മുറുകെപിടിച്ചു. അവള്‍ ഞങ്ങളുടെ മുന്നില്‍ ഒരു ഉപാധി പോലും വെച്ചു: “ഒന്നുകില്‍ ഞാന്‍ വിപ്ലവജീവിതം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ നിങ്ങള്‍ എന്നെ അഫ്രീനിലേക്ക് പറഞ്ഞയക്കണം. പക്ഷേ ഞാന്‍ ഒരിക്കലും വിപ്ലവം ഉപേക്ഷിക്കില്ല, അതിനാല്‍ നിങ്ങള്‍ ഞാന്‍ അഫ്രീനിലേക്ക് പോകുന്നു’” അവള്‍ കൂട്ടിച്ചേര്‍ത്തു. “ഞങ്ങള്‍ക്ക് YPJ എന്ന നിലയില്‍, സഖാവ് ഹെലിന്‍ എന്നും മാര്‍ഗ്ഗദീപം തെളിക്കുന്ന അന്താരാഷ്ട്രവനിത എന്ന പ്രതീകമായിരിക്കും. അവളുടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ജീവിക്കും. സ്ത്രീകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം എന്ന അവളുടെ ലക്ഷ്യം ഞങ്ങള്‍ എന്നും പിന്‍തുടരും.”.

കുര്‍ദിഷ്താന്‍ സോളിഡാരിറ്റി കാംപെയിന്‍റെ പ്രചാരകനും സഹചെയര്‍മാനുമായ മാര്‍ക് കാംബെല്‍ കൂട്ടിച്ചേര്‍ക്കുന്നു: “എല്ലാ അര്‍ത്ഥത്തിലും അന്ന, കുര്‍ദിഷ് ജനതയുടെ ഏറ്റവും ഇരുണ്ട കാലഘട്ടത്തില്‍ അവള്‍ അവരുടെ കൂടെ നിന്നതിനാല്‍ അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഏറ്റെടുക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ചിന്തകളും അനുശോചനങ്ങളും അന്നയുടെ കുടുംബത്തോടും കൂട്ടുകാരോടും ഒപ്പമാണ് ഇപ്പോള്‍.”

സിറിയയിലെ കുര്‍ദിഷ് ശക്തികള്‍ക്കു വേണ്ടി സേവനമനുഷ്ഠിക്കുമ്പോള്‍ കൊല്ലപ്പെടുന്ന എട്ടാമത്തെ ബ്രിട്ടീഷുകാരിയാണ് അന്ന എന്ന് കരുതപ്പെടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍