UPDATES

വിദേശം

അന്റോണി സ്‌ക്രാമുച്ചിയെ പുറത്താക്കി; വൈറ്റ് ഹൗസില്‍ അസ്വാസ്ഥ്യങ്ങള്‍ അവസാനിക്കുന്നില്ല

വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുടെ പുറത്താക്കലില്‍ നിലപാട് വ്യക്തമാക്കാതെ ട്രംപ്

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉന്നതതലങ്ങളിലെ ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചുകൊണ്ട് വെറും പത്ത് ദിവസം മുമ്പ് ചുമതലയേറ്റ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അന്റോണി സ്‌ക്രാമുച്ചിയെ പുറത്താക്കി. ഉന്നത ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പുറമെ ന്യൂയോര്‍ക്കറിന്റെ റിപ്പോര്‍ട്ടറെ തെറിവിളിക്കുകയും ശകാരിക്കുകയും ചെയ്തതും വാള്‍ സ്ട്രീറ്റിലെ പ്രമുഖനായിരുന്ന സ്‌ക്രാമൂച്ചിയുടെ സ്ഥാനചലനത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ യുഎസ് മറൈന്‍ ഉദ്യോഗസ്ഥനായ ജനറല്‍ ജോണ്‍ കെല്ലിയെ ട്രംപിന്റെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ച് ആറ് മണിക്കൂറിനുള്ളിലാണ് സ്‌ക്രാമൂച്ചിയുടെ കസേര തെറിച്ചത്.

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എന്ന തന്റെ സ്ഥാനത്തുനിന്നും സ്‌ക്രാമൂച്ചി പിരിയുകയാണെന്ന് പ്രസ് സെക്രട്ടറി സാറ ഹക്കബീ സാന്റേഴ്‌സ് തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റ ജോണ്‍ കെല്ലിക്ക് പുതിയ ഒരു സംഘത്തെ വാര്‍ത്തെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനായി സ്‌ക്രാമൂച്ചി സ്വയം പിരിയുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കെല്ലിയുടെ ആവശ്യം പരിഗണിച്ചാണ് സ്‌ക്രാമൂച്ചിയെ മാറ്റിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്ന മൈക്കിള്‍ ഡ്യൂബ്‌കെ പിരിഞ്ഞ മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജൂലൈ 21നാണ് സ്‌ക്രാമൂച്ചിയെ തല്‍സ്ഥാനത്ത് നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച രാജിവെച്ച പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ ഇദ്ദേഹത്തിന്റെ നിയമനത്തിനെ എതിര്‍ത്തിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. സ്‌ക്രാമൂച്ചിയെ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം തയ്യാറാക്കുന്നതിന് സ്‌പൈസ്ര് സഹായിക്കുന്നത് ചില പത്രറിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സ്ഥനമൊഴിഞ്ഞ ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രിബസും സ്‌ക്രാമൂച്ചിയുടെ നിയമനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ രേഖകള്‍ ചോര്‍ത്തപ്പെട്ടതിന്റെ പേരില്‍ സ്‌ക്രാമൂച്ചി അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രിബസ് വെള്ളിയാഴ്ച രാജിവെച്ചിരുന്നു. എന്നാല്‍ പുതുതായി സ്ഥാനമേറ്റ കെല്ലി ആദ്യം എടുത്ത നടപടി സ്‌ക്രാമൂച്ചിയെ നീക്കം ചെയ്തുകൊണ്ടുള്ളതാണ്.

നിലവില്‍ സ്‌ക്രാമൂച്ചിക്ക് വൈറ്റ് ഹൗസില്‍ ഒരു സ്ഥാനവും ഉണ്ടാവില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി സാന്റേഴ്‌സ് അറിയിച്ചു. വൈറ്റ് ഹൗസിന്റെ പൂര്‍ണ ചുമതലയാണ് കെല്ലിക്ക് നല്‍കിയിരിക്കുന്നത്. എല്ലാ ജീവനക്കാരും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഉത്തരവില്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌ക്രാമൂച്ചിയെ നീക്കം ചെയ്ത തീരുമാനം ചില അപ്രതീക്ഷിത പിന്തുണകളും നേടിയെടുത്തിട്ടുണ്ട്. 2016 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച ഫ്‌ളോറിഡയില്‍ നിന്നുള്ള മധ്യവര്‍ത്തി റിപബ്ലിക്കനായ കാര്‍ലോസ് കുര്‍ബെലോ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. ജനറല്‍ കെല്ലി മിടുക്കനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ മുന്നേറാനുണ്ടെന്നും കുര്‍ബെലോ ട്വീറ്റ് ചെയ്തു.
സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ റെക്കോഡ് നേട്ടമാണെന്നും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച സാമ്പത്തിക കണക്കുകളാണ് പുറത്തുവരുന്നതെന്നും 17 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വേതനനിരക്ക് വര്‍ദ്ധിക്കുകയാണെന്നും അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും വൈറ്റ് ഹൗസില്‍ ഒരു കലാപവും ഇല്ലെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍