UPDATES

വിദേശം

ചുട്ടുപൊള്ളി ഓസ്‌ട്രേലിയ; പുറത്തിറങ്ങാനാകാതെ ജനങ്ങള്‍

താപനിലയുടെ സര്‍വകാല റെക്കോഡുകളും തകര്‍ക്കുകയാണ് ഓസ്‌ട്രേലിയയിലെ 2019 ലെ ഈ അപ്രതീക്ഷിത ഉഷ്ണം

പണിയെല്ലാം കഴിഞ്ഞ് തലേന്ന് പുറത്തുവെച്ചിട്ടുപോയ പണി സാധനങ്ങള്‍ പിറ്റേന്ന് പകല്‍ വന്നു വീണ്ടുമെടുമെടുക്കുമ്പോഴാണ് ചില തോട്ടപ്പണിക്കാരുടെ കൈയ്ക്ക് പൊള്ളലേല്‍ക്കുന്നത്. ഉച്ചനേരത്ത് മുറ്റത്തെ കോണ്‍ക്രീറ്റ് തറയിലൂടെ നടക്കുന്ന പട്ടികളുടെ കാലിനടിയില്‍ നോക്കിയാല്‍ കാണാം, ചൂടേറ്റ് പൊള്ളി പൊങ്ങി വന്ന കുമിളകള്‍. സൂര്യനുദിച്ചതിനു ശേഷം പുറത്തിറങ്ങി പണി ചെയ്യേണ്ടി വരുന്ന മിക്ക ആളുകള്‍ക്കും സൂര്യാഘാതം ഏല്‍ക്കുകയാണ്. എയര്‍ കണ്ടീഷനിങ്ങിനു ഒരു പരിധിയില്ലേ, ഈ അന്തരീക്ഷം നമ്മളെ ഇങ്ങനെ കേക്ക് പോലെ ബേക്ക് ചെയ്‌തെടുക്കുകയല്ലേ എന്ന് പറഞ്ഞ് പകല്‍ നേരങ്ങളില്‍ കഴിയുന്നിടത്തോളം സുരക്ഷിത താവളങ്ങളില്‍ ചടഞ്ഞുകൂടേണ്ടി വരുന്ന ജനത. എങ്ങും ചൂടിന്റെ ആഘാതത്തെക്കുറിച്ചുള്ള ചൂടന്‍ വാര്‍ത്തകള്‍ മാത്രം….

ഓരോ ദിവസവും തണുത്തുവിറയ്ക്കുന്ന കേരളത്തെ കുറിച്ചല്ല ഈ കഥകള്‍ എന്ന് ഉറപ്പാണല്ലോ. തണുപ്പ് കൊണ്ട് കേരളം പുതപ്പിനടിയിലേക്ക് ചുരുണ്ട് കൂടുമ്പോള്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്ന് വരുന്നത് കൊല്ലുന്ന ചൂടിനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഓസ്‌ട്രേലിയായിലിപ്പോള്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. പുറത്തിറങ്ങുന്ന മനുഷ്യരെ ചുട്ടുപൊള്ളിക്കാനാകുന്ന ചൂട്. താപനിലയുടെ സര്‍വകാല റെക്കോഡുകളും തകര്‍ക്കുകയാണ് ഓസ്‌ട്രേലിയയിലെ 2019 ലെ ഈ അപ്രതീക്ഷിത ഉഷ്ണം.

2011 നു ശേഷം കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തില്‍ രാജ്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത് ഇപ്പോഴാണ് എന്നാണ് ആരോഗ്യ വകുപ്പ് കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കുന്നത്. അന്തരീക്ഷ താപനിലയും ആര്‍ദ്രതയും ദിനംപ്രതി ഉയരുന്നത് കടുത്ത ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കിയേക്കാം. മുന്‍വര്‍ഷങ്ങളിലെപ്പോലെ സ്വാഭാവികമായി വേനല്‍ക്കാലത്ത് വെറുതെ ചൂട് കൂടുകയായിരുന്നില്ല. ഓസ്‌ട്രേലിയയാകെ ഒരു താപതരംഗം വന്നു മൂടിയിട്ടുണ്ട്. താപനിലയില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വളരെ വേഗത്തില്‍ ഇങ്ങനെ താപനിലയില്‍ വലിയ വ്യത്യാസം വരുന്നത് അപകടകരമാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സൂര്യന്‍ ഉദിച്ച ശേഷം കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും സൂര്യന്‍ നേരിട്ട് പതിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനും സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. എവിടെയെങ്കിലും പോകേണ്ടവര്‍ വെളുപ്പിന് ഇറങ്ങുകയും വെയിലിന്റെ കാഠിന്യം കുറഞ്ഞിട്ടു മാത്രം മടങ്ങാനായി പുറത്തിറങ്ങുകയും ചെയ്യണം. വീടില്ലാത്തവരുടെ കാര്യമാണ് ഏറ്റവും കഷ്ടം. ദക്ഷിണ ഓസ്ട്രലിയയില്‍ അടിയന്തിരമായി സന്നദ്ധ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വീടോ മറ്റു സുരക്ഷിത ഇടങ്ങളോ ഇല്ലാത്ത 750 ഓളം പേരെ കണ്ടെത്തുകയും അവരെ സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ആവശ്യക്കാര്‍ക്ക് ഏതു ഘട്ടത്തിലും സഹായത്തിനായി വിളിക്കാണുന്ന ഒരു പുതിയ ഹെല്‍പ് ലൈന്‍ നമ്പറും ഇപ്പോള്‍ നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍