UPDATES

വിദേശം

യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ഇര; ഓസ്ട്രിയൻ ചാൻസിലറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

ഓസ്ട്രിയൻ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് പുറത്താക്കപ്പെട്ട സെബാസ്റ്റ്യൻ കുർസ്.

യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മേല്‍ക്കൈ നേടിയതോടെ ഓസ്ട്രിയൻ ചാൻസിലറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. സെപ്തംബർ ആദ്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള വിദഗ്ധ സംഘമായിരിക്കും ഭരണ നിര്‍വ്വഹണം നടത്തുക. ഓസ്ട്രിയൻ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് പുറത്താക്കപ്പെട്ട സെബാസ്റ്റ്യൻ കുർസ്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഫ്.പി.ഒ-യും (ഫ്രീഡം പാര്‍ട്ടി) പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളും ഒരേപോലെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നേരത്തെ ‘ഇബ്സ’ അഴിമതി ആരോപണത്തെ തുടര്‍ന്ന് എഫ്.പി.ഒ-യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണിരുന്നു. ഇതോടെ, വൈസ് ചാൻസലർ ഹാർട്ട്വിഗ് ലോഗറിനെ ഇടക്കാല നേതാവായി ഓസ്ട്രിയൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.

സെബാസ്റ്റ്യൻ കുർസിന്‍റെ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിലുള്ള സര്‍ക്കാരായിരുന്നു ഓസ്ട്രിയ ഭരിച്ചിരുന്നത്. അതിനിടെയാണ് ഫ്രീഡം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന വൈസ് ചാൻസലർ ഹെയിൻസ് ക്രിസ്റ്റ്യൻ സ്ട്രാച്ചെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. സർക്കാർ വക കരാറുകൾ സംഘടിപ്പിച്ചു നൽകാമെന്നു റഷ്യക്കാരിയായ വ്യവസായ സംരംഭകയോട് സ്ട്രാച്ചെ രഹസ്യമായി സമ്മതിക്കുന്നതിന്‍റെ വിഡിയോ ജര്‍മ്മന്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

അതോടെ പൂർണ്ണവും സുതാര്യവുമായ അന്വേഷണം നടത്തണമെങ്കില്‍ എഫ്.പി.ഒ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കുര്‍സ് നിലപാടെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളും ആ നിലപാടിനെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി ഹെര്‍ബെര്‍ട്ട് കിക്ക്ള്‍ രാജിവച്ചു. അധികാരത്തോടുള്ള ആര്‍ത്തി മൂത്താണ് അവര്‍ തങ്ങളോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. അതോടെ മറ്റു മന്ത്രിമാരും രാജിവച്ചു.

അതിനു ശേഷം നാടകീയമായ സംഭവങ്ങളാണ് ഓസ്ട്രിയയില്‍ അരങ്ങേറിയത്. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ‘ഇബ്സ’ കുംഭകോണത്തിനു പ്രതീക്ഷിച്ചത്ര ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കുര്‍സിന്‍റെ പാര്‍ട്ടി 34.5% വോട്ടുകള്‍ നേടി. എഫ്.പി.ഒ-ക്ക് 2.2 ശതമാനം വോട്ടുകള്‍ മാത്രമാണ് മുന്‍തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടമായത്. അവര്‍ 17.5% വോട്ടുകളും കരസ്ഥമാക്കി. സ്ട്രാച്ചെക്കും നല്ല രീതിയില്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്തായാലും, തിരഞ്ഞെടുപ്പ് കഴിയുംവരെ മറ്റുമന്ത്രിമാരോട് തല്‍സ്ഥാനത്ത് തുടരാന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടിയുടെ തലവനായ കുർസ് യുദ്ധാനന്തര ഓസ്ട്രിയൻ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കപ്പെടുന്ന വ്യക്തിയാണ്. ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലര്‍ എന്ന റെക്കോര്‍ഡും, ഏറ്റവും കുറഞ്ഞ കാലം ചാന്‍സലര്‍ ആയിരുന്ന ആള്‍ എന്ന റെക്കോര്‍ഡും ഇനി അദ്ദേഹത്തിന്‍റെ പേരിലാകും.

Read More: കലാവസ്ഥാ വ്യതിയാനം ചര്‍ച്ചയായപ്പോള്‍ യൂറോപ്യൻ യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഗ്രീന്‍ പാര്‍ട്ടിയുടെ തേരോട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍