UPDATES

വിദേശം

“ആമസോണ്‍ ഞങ്ങളുടേതാണ്, ഇവിടെ ഖനനം നടത്തും, വനനശീകരണം വിദേശ മാധ്യമങ്ങളുടെ നുണ”: ബ്രസീല്‍ പ്രസിഡന്റ്‌ ജെയര്‍ ബോള്‍സൊണാരോ

മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റർ (355 ചതുരശ്ര മൈൽ) വര്‍ധിച്ചതായി ബ്രസീലിന്‍റെ ബഹിരാകാശ ഏജൻസി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ബ്രസീലിന്‍റെ ഭാഗമായ ആമസോണ്‍ മഴക്കാടുകളില്‍ വന്‍തോതിലുള്ള വനനശീകരണമാണ് നടക്കുന്നതെന്ന പ്രചാരണം ശുദ്ധ നുണയാണെന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സൊണാരോ. ആമസോൺ ബ്രസീലിന്റേതാണ്, യൂറോപ്യൻ രാജ്യങ്ങൾ തല്‍ക്കാലം അവരുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും, ഇതിനകം തന്നെ സ്വന്തം പരിസ്ഥിതി നശിപ്പിച്ചിട്ടാണ് അവര്‍ നിന്ന് പ്രസംഗിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

‘ആമസോൺ നിങ്ങളുടേതല്ല, ബ്രസീലിന്റേതാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ കുറ്റപ്പെടുത്തുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ ആമസോണ്‍ ഇന്നൊരു മരുഭൂമി ആയേനെ’ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആമസോൺ അടക്കമുള്ള പ്രദേശങ്ങളിലേക്കും മൈനിംഗ് അടക്കമുള്ള വാണിജ്യ പദ്ധതികള്‍ വ്യാപിക്കുകയാണെന്നും ബോൾസോനാരോ വ്യക്തമാക്കി. വിദേശ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായാണ്‌ ബോള്‍സൊണാരോ തന്‍റെ പ്രതിവാര വാര്‍ത്താ സമ്മേളനത്തിലേക്ക് വിദേശ മാധ്യമപ്രവർത്തകരെ ക്ഷണിക്കുന്നത്. അഴിമതി നിറഞ്ഞ കഴിഞ്ഞ ഭരണകൂടങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാതിരുന്ന മാധ്യമങ്ങളാണ് ഇപ്പോള്‍ തന്റെ ഭരണത്തെ തെറ്റായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക വിദേശ മാധ്യമങ്ങള്‍ക്കും ഇപ്പോഴും ഞാന്‍ ആരാണെന്നും, ഞങ്ങളുടെ നയങ്ങള്‍ കൊണ്ട് ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അറിയില്ല. വികലമായ വാര്‍ത്തകളാണ് അതു സംബന്ധിച്ച് നല്‍കിക്കൊണ്ടിരിക്കുന്നത്. അവര്‍ ബ്രസീലിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം എന്നും അദ്ദേഹം പറഞ്ഞു.

ആമസോണിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹത്തിന്‍റെ രൂപവും ഭാവവും മാറിയെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പരിസ്ഥിതി ഏജൻസികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോപാകുലനായ അദ്ദേഹം ആമസോണിലെ ഏറ്റവും മികച്ച സംരക്ഷിത മേഖലകള്‍ പോലും ഖനനത്തിനായി തുറന്നുകൊടുക്കുമെന്നാണ് പറഞ്ഞത്. ‘ലോകത്ത് ആമസോണിനുള്ള പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു – പക്ഷേ ആമസോൺ ഞങ്ങളുടേതാണ്.

എല്ലാവരേക്കാളും കൂടുതൽ മഴക്കാടുകൾ സംരക്ഷിക്കുന്നത് ഞങ്ങളാണ്. അതുകൊണ്ട് മറ്റൊരു രാജ്യത്തിനും ആമസോണിനെക്കുറിച്ച് സംസാരിക്കാനുള്ള ധാർമ്മിക അവകാശമില്ല. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആവാസവ്യവസ്ഥയെ നശിപ്പിച്ചവരാണ്’- ബോൾസോനാരോ പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റർ (355 ചതുരശ്ര മൈൽ) വര്‍ധിച്ചതായി ബ്രസീലിന്‍റെ ബഹിരാകാശ ഏജൻസി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍