UPDATES

വിദേശം

യമനില്‍ സ്കൂള്‍ ബസ്സിനു നേരെ സൗദി വ്യോമാക്രമണം; 29 കുട്ടികള്‍ കൊല്ലപ്പെട്ടു

സാദ പ്രവിശ്യയിലെ ദഹ്‌യാന്‍ മാര്‍ക്കറ്റിലൂടെ കടന്നു പോകുകയായിരുന്ന വാഹനത്തിനു നേരെ ഹൂതി വിമതരെ ലക്ഷ്യംവച്ച് സൗദി സഖ്യസേന സംയുക്തമായി വ്യോമാക്രമണം നടത്തുകയായിരുന്നു

യമനില്‍ സ്കൂള്‍ ബസ്സിനു നേരെയുണ്ടായ ആക്രമണത്തില്‍ 29 കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സാദ പ്രവിശ്യയിലെ ദഹ്‌യാന്‍ മാര്‍ക്കറ്റിലൂടെ കടന്നു പോകുകയായിരുന്ന വാഹനത്തിനു നേരെ ഹൂതി വിമതരെ ലക്ഷ്യംവച്ച് സൗദി സഖ്യസേന സംയുക്തമായി വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ഡസന്‍കണക്കിന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണ പൗരന്മാരെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. നേരത്തേ മാർക്കറ്റുകളിലും സ്കൂളുകളിലും ആശുപത്രികളിലുമെല്ലാം സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. ഒരു വിനോദയാത്ര കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് മടങ്ങി വരുന്ന വഴിക്ക് ദഹ്‌യാനിനടുത്ത് സാദയില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വെള്ളം കുടിക്കാനായി ബസ് നിറുത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന മനുഷ്യാവകാശ സംഘടന അവരുടെ പ്രവര്‍ത്തകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഹോസ്പിറ്റലില്‍ നിന്നും 15 വയസ്സിനു താഴെയുള്ള 29 കുട്ടികളുടെ മൃതദേഹങ്ങളും ലഭിച്ചുവെന്നും, 30 കുട്ടികൾ ഉൾപ്പെടെ 48 പേർക്ക് പരിക്കുപറ്റിയിട്ടുണ്ടെന്നും ഐസിആർസി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്) വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം യുദ്ധത്തിനിടയിലും സാധാരണ പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്ന് ഐസിആർസി ട്വീറ്റ് ചെയ്തു.

അതേസമയം, 50 പേർ കൊല്ലപ്പെടുകയും 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിബലുകളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ഹൂതികളുടെ ടിവി ചാനലായ ‘അൽ മസിറ’ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലുള്ള കുട്ടികളുടെയും സ്ഥിരീകരിക്കാത്ത വീഡിയോ ദൃശ്യങ്ങളും അല്‍ മസീറ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

സൗദി നഗരമായ ജിസാനില്‍ കഴിഞ്ഞ ബുധനാഴ്ച ആക്രമണം നടത്തിയ ഹൂതി വിമതരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ‘ന്യായമായ സൈനിക നടപടി’യാണ് തങ്ങള്‍ നടത്തിയതെന്നും, എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാഷങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെന്നും സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസി നടത്തിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഇറാന്‍ അനുകൂല സംഘടനയായ ഹൂതികള്‍ കുട്ടികളേ മനുഷ്യകവചമാക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച നടന്ന സംഭവം ഞെട്ടിച്ചുവെന്നും, അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്റർനാഷണൽ റെസ്ക്യൂ സമിതിയുടെ യമനിലെ ഡയറക്ടർ ഫ്രാങ്ക് മക്മനസ് പറഞ്ഞു. യമനിൽ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ വാസ്തവത്തിൽ ലോകത്തിന് കൂടുതൽ നിരപരാധിയായ കുട്ടികളുടെ ജീവനുകള്‍ ഇനിയും ആവശ്യമുണ്ടോ? എന്ന് യൂനിസെഫിന്‍റെ റീജിയൻ ഡയറക്ടർ ഗേർട്ട് കാപ്പെളേരേ ചോദിക്കുന്നു.

യമന്‍ തുറമുഖ നഗരമായ ഹുദൈദ തിരിച്ചു പിടിക്കാന്‍ വേണ്ടി സൗദി സഖ്യസേന ഹൂതികളുമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ നേരത്തേ ഇരുന്നൂറിലേറെപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആഗസ്റ്റ് 2-ന് ഒരു മത്സ്യവ്യാപാര കേന്ദ്രത്തിലും ആശുപത്രിയിലും നടത്തിയ ആക്രമണത്തിലും 55 പേര്‍ കൊല്ലപ്പെടുകയും, 130 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂൺ മുതൽ ഹുദൈദ നഗരത്തെ ചുറ്റിപറ്റി മാത്രം നടന്ന ആക്രമണങ്ങളില്‍ 50,500 പേര്‍ കുടിയിറക്കപ്പെട്ടുവെന്ന് യു.എൻ ഓഫീസ് ഫോർ കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയെര്‍സ് (ഒസിഎച്എ) പറഞ്ഞു.

യെമനില്‍ മൂന്നുവര്‍ഷത്തെ യുദ്ധത്തിനിടയില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ജൂണില്‍ സൗദി-യു.എ.ഇ സഖ്യം 250 വ്യോമാക്രമണങ്ങളാണ് യെമനില്‍ നടത്തിയത്. ഇതില്‍ മൂന്നിലൊന്ന് സ്ഥലങ്ങള്‍ സൈനികേതര മേഖലകളാണ്. യമനിലെ സ്ഥിതിഗതികൾ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 7.5 ദശലക്ഷം ആളുകളെ സഹായിച്ചിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍