UPDATES

വിദേശം

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍

സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കാക്കിയ പ്രമേയത്തിലൂടെയാണ് സ്വതന്ത്ര പരമാധികാര രാജ്യമായി കാറ്റലോണിയ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നടപടി അംഗീകരിക്കില്ലെന്നാണ് സ്‌പെയിന്‍ പറയുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കില്ലെന്നു പറഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് നിയമം പുനഃസ്ഥാപിക്കപ്പെടുമെന്നും അറിയിച്ചു.

പത്തിനെതിരേ എഴുപത് വോട്ടുകള്‍ക്കാണ് സ്വാതന്ത്ര്യപ്രഖ്യാപനം കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ പാസായത്. ഒക്ടോബര്‍ ഒന്നിനു നടത്തിയ ഹിതപരിശോധനയില്‍ തൊണ്ണൂറുശതമാനം സ്‌പെയിനില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചിരുന്നതായാണ് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പൂഗ്ഡിമൊന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു ഹിതപരിശോധന നിയമവിരുദ്ധമാണെന്നും ഇതംഗീകരിക്കില്ലെന്നും സ്‌പെയിനിലെ ഭരണഘടന കോടതി ഉത്തരവിട്ടിരുന്നു. ഹിതപരിശോധന തടയാനായി സ്പാനിഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പോളിംഗ് ബൂത്തുകള്‍ കണ്ടകെട്ടിയും വോട്ടിംഗ് ബാലറ്റുകള്‍ പിടിച്ചെടുത്തുമാണ് ഹിതപരിശോന തടയാന്‍ പൊലീസ ശ്രമിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹിതപരിശോധന ദിവസം കാറ്റിലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും പൊലീസും തമ്മില്‍ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമൂട്ടലില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. സ്പാനിഷ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ഹിതപരിശോധനയില്‍ 48 ശതമാനം വോട്ടിംഗ് നടന്നെന്നും വോട്ട് ചെയ്തവരില്‍ 90 ശതമാനവും സ്‌പെയിന്‍ വിട്ട് സ്വത്ന്ത്ര്യരാജ്യമായി കാറ്റലോണിയ മാറണമെന്ന് അഭിപ്രായപ്പെട്ടവരാണെന്നും കാര്‍ലസ് പൂഗ്ഡിമൊന്‍ പ്രസ്താവിച്ചിരുന്നു.

7.5 മില്യണ്‍ ജനങ്ങള്‍ കാറ്റലോണിയയില്‍ താമസിക്കുന്നുണ്ട്. സ്‌പെയിനിന്റെ ആകെ ജനസംഖ്യയുടെ 16 ശതമാനവും കറ്റാലന്മാരാണ്. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റിലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. ചുരുക്കി പറഞ്ഞാല്‍ സ്‌പെയിന്‍ മ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബായ ബാഴസലോണയും കറ്റാലോണിയയുടെ ഭാഗമാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണയിലെ ജനങ്ങള്‍ അവരുടെ സ്വന്തം ഭാഷയും സംസ്‌കാരവുമാണ് പിന്തുടരുന്നത്. സ്വതന്ത്ര ഭരണകൂടമാണ് ഇവിടെയുള്ളതെങ്കിലും സ്വതന്ത്രപദവി കാറ്റലോണിയയ്ക്ക് സ്പാനീഷ് ഭരണഘടന അനുവദിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങള്‍ക്ക് സ്വാതതന്ത്ര്യം വേണമെന്ന ആവശ്യം കറ്റാലന്‍മാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും അതും കടന്ന് രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ട് വേര്‍പ്പെട്ടു നില്‍ക്കേണ്ടതില്ലെന്നുമാണ് സ്പാനിഷ് ദേശീയവാദികള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍