UPDATES

വിദേശം

ഹോങ്കോങ്ങിലേത് തീവ്രവാദ പ്രവര്‍ത്തനമെന്ന് ചൈന, സൈനിക ഇടപെടല്‍ ഉണ്ടാകുമോ?

പ്രക്ഷോഭം തെരുവുകളില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്

ഹോങ്കോങ് തെരുവുകളില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനാധിപത്യ അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ചുകൊണ്ട് ചൈന രംഗത്തെത്തി. വിമാനത്താവളത്തില്‍ ഉണ്ടായ സംഭവങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളോട് അടുത്തു നില്‍ക്കുന്ന സംഘര്‍ഷമായാണ് ചൈന ഉപമിക്കുന്നത്. ചൊവ്വാഴ്ച പോലീസും പ്രക്ഷോഭകരും തമ്മില്‍ പലതവണ ഏറ്റുമുട്ടിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ചൈനീസ് ഉദ്യോഗസ്ഥർ പ്രതിഷേധത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി പരസ്യമായി ഉപമിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അത്തരം ഭാഷയുടെ ആവർത്തിച്ചുള്ള ഉപയോഗം ചൈനയുടെ ക്ഷമ നഷ്ടപ്പെടുന്നുവെന്നതിന്‍റെ സൂചനയാണെന്നും, അത് വിഷയത്തില്‍ ചൈനയുടെ നേരിട്ടുള്ള ഇടപെടലിന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നും ചില നിരീക്ഷകർ വിശ്വസിക്കുന്നു. ഹോങ്കോംഗ് അതിർത്തിയില്‍ ചൈനീസ് അർദ്ധസൈനിക വിഭാഗങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎസ് അറിയിച്ചു. ഹോങ്കോങ്ങിന്റെ ഉന്നതമായ സ്വയംഭരണത്തെ മാനിക്കാൻ ചൈന തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഈ ഘട്ടത്തിൽ നേരിട്ടുള്ളൊരു സൈനിക ഇടപെടലിന് ഇപ്പോഴും സാധ്യതയില്ലെന്നാണ് മിക്ക വിശകലന വിദഗ്ധരും കരുതുന്നത്.

ബഹുജന പ്രതിഷേധം 10 ആഴ്ചയോളമായി നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

പ്രക്ഷോഭം തെരുവുകളില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. വെള്ളിയാഴ്ച മുതലാണ്‌ പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസവും എല്ലാ വിമാനസർവീസുകളും റദ്ദാക്കി. അതിനിടെ, യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തതില്‍ നിരാശരായ യാത്രക്കാരും പ്രക്ഷോഭകരും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായി. രാത്രിയോടെ അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. അതുവരെ വളരെ സമാധാനപരമായിരുന്നു പ്രതിഷേധം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍