UPDATES

വിദേശം

സോളമന്‍ ദ്വീപുകള്‍ തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു, ഇനി കൂട്ട് ചൈനയുമായി; പസിഫിക് മേഖലയില്‍ പിടിമുറുക്കി ചൈന

തീരുമാനം പുറത്തുവന്ന ഉടന്‍തന്നെ സോളമൻ ദ്വീപുകളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുകയാണെന്ന് തായ്‌വാൻ പ്രഖ്യാപിച്ചു.

തയ്‌വാനുമായി 36 വർഷത്തോളമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധം ആരംഭിക്കാനുമുള്ള തയ്യാറെടുപ്പ് സോളമൻ ദ്വീപുകൾ തുടങ്ങി. സ്വതന്ത്ര രാജ്യമാണെങ്കിലും നയതന്ത്രപരവും തന്ത്രപ്രധാനവുമായ കാര്യങ്ങളിൽ സോളമൻ ദ്വീപുകൾ തയ്‌വാനെയാണ് ഇക്കാലമത്രയും ആശ്രയിച്ചിരുന്നത്. 2016 മുതൽ ആറ് സഖ്യകക്ഷികളെ നഷ്ടപ്പെട്ട തയ്‌വാനും, ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും ജനുവരിയിൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെന്നിനും ഈ നീക്കം കനത്ത പ്രഹരമാണ്.

ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ സോളമൻ ദ്വീപുകളിൽ അത് ശക്തമായ പ്രതിഷേധത്തിന് കാരണമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ പസഫിക്കിൽ ഏകദേശം 600,000 ആളുകൾ താമസിക്കുന്ന പ്രദേശമാണ് സോളമൻ ദ്വീപുകൾ. 2016-ൽ സായ് അധികാരമേറ്റതിനുശേഷം ബർകിന ഫാസോ, ഡൊമിനിക്കൻ റിപ്പബ്ലിക്, സാവോ ടോം, പ്രിൻസിപ്, പനാമ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയോട് വിശ്വസ്തത പുലർത്താന്‍ തുടങ്ങിയിരുന്നു. അതില്‍ ഒടുവിലത്തെ അംഗമാണ് സോളമൻ ദ്വീപുകൾ.

തീരുമാനം പുറത്തുവന്ന ഉടന്‍തന്നെ സോളമൻ ദ്വീപുകളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുകയാണെന്ന് തായ്‌വാൻ പ്രഖ്യാപിച്ചു. ‘ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള അവരുടെ സർക്കാര്‍ തീരുമാനത്തില്‍ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, അതിനെ ശക്തമായി അപലപിക്കുന്നു’ എന്നാണ് പ്രസിഡന്റ് സായ് ഇംഗ്-വെൻ പറഞ്ഞത്. ദ്വീപിലെ തായ്‌വാന്‍ എംബസി അടച്ച് നയതന്ത്ര പ്രധിനിധികളെയെല്ലാം തിരിച്ചുവിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തയ്‍വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ച മാത്രമാണിത്. ചൈനയുടെ ഭാഗമാണ് തയ്‌വാൻ എന്നാണ് ചൈന അവകാശപ്പെടുന്നത്. തയ്‌വാന്റെ അസ്തി‌ത്വം അംഗീകരിച്ച 17 രാജ്യങ്ങളിൽ ഒന്നാണ് സോളമൻ ദ്വീപുകൾ. അതുകൊണ്ടാണ് ചൈനയുടെ നീക്കം കൂടുതല്‍ പ്രസക്തമാകുന്നതും. തയ്‌വാൻ ചൈനയിൽനിന്നു വേറിട്ടുപോയി എഴുപതാം വർഷമാകാൻ പോകുമ്പോഴും ബലപ്രയോഗത്തിലൂടെയും അല്ലാതെയും തയ്‌വാനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല എന്നുള്ളത് ചൈനയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ട്രംപ് ഭരണകൂടം തയ്‌വാന് നൽകിവരുന്ന പിന്തുണയും ഏഷ്യയിൽ വർധിച്ചുവരുന്ന യുഎസിന്റെ സൈനികസാന്നിധ്യവുമാണ് ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍