‘സ്റ്റഡി സി’ എന്ന പ്രൊപ്പഗാൻഡ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരീക്ഷ എഴുതാന്‍ ജീവനക്കാരോട് നിർദ്ദേശിക്കുന്നു. എങ്കില്‍ മാത്രമേ തുടര്‍ന്നങ്ങോട്ട് മാധ്യമ ലൈസന്‍സ് പുതുക്കി നല്‍കൂ.
ചൈനീസ് മാധ്യമപ്രവർത്തകർ ഉടൻ തന്നെ ഷീ ജിൻ പിംഗിന്‍റെ ‘സോഷ്യലിസ്റ്റ് ചിന്തകള്‍’ പഠിച്ചു പാസാകേണ്ടിവരും. ഇത് സംബന്ധിച്ച അറിയിപ്പ് ചൈനയിലെ മീഡിയ റെഗുലേറ്റര്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഡസനിലധികം മാധ്യമ സ്ഥാപനങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. അതില്‍, ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത ‘സ്റ്റഡി സി’ എന്ന പ്രൊപ്പഗാൻഡ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരീക്ഷ എഴുതാന്‍ ജീവനക്കാരോട് നിർദ്ദേശിക്കുന്നു. എങ്കില്‍ മാത്രമേ തുടര്‍ന്നങ്ങോട്ട് മാധ്യമ ലൈസന്‍സ് പുതുക്കി നല്‍കൂ.
രാജ്യത്തുടനീളമുള്ള ചൈനീസ് റിപ്പോർട്ടർമാർക്ക് ഈ നിയന്ത്രണം ഉടൻ ബാധകമാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. ചില വിദേശ മാധ്യമങ്ങള്‍ക്കും ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് അനൌദ്യോഗിക അറിയിപ്പ് ലഭിച്ചതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഒക്ടോബർ ആദ്യം ഓൺ-സൈറ്റ്, ക്ലോസ്ഡ് ബുക്ക് പരീക്ഷ നടക്കും. പരീക്ഷയെ അഞ്ച് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. രണ്ടെണ്ണം ഷീ ജിൻപിംഗിന്‍റെ പുതിയ യുഗത്തിനായുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ചിന്തകളും, പ്രൊപ്പഗാൻഡയെ കുറിച്ചുള്ള സുപ്രധാന ചിന്തകളുമാണ് ചോദിക്കുക. ചൈനീസ് മാധ്യമങ്ങൾ നിരന്തരം ഇത്തരത്തിലുള്ള നിയന്ത്രണങ്ങളെ അഭിമുഖീകരിക്കുന്നതിനിടെയാണ് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നത്.
‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ നടത്തിയ സര്‍വ പ്രകാരം പത്രപ്രവർത്തക സ്വാതന്ത്ര്യത്തില്‍ ഏറ്റവും പിറകിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 2019-ൽ 180 രാജ്യങ്ങളില്‍ 177-ആം സ്ഥാനമാണ് ചൈനക്കുള്ളത്. മാധ്യമപ്രവർത്തകർ ജയിൽ ശിക്ഷ അനുഭവിക്കുന്നതും വിവിധ സെൻസർഷിപ്പുകള്‍ക്ക് ഇരകളാകുന്നതും സര്‍വസാധാരണമാണ്. ഇനി മുതല്‍ പ്രസ് ക്രെഡൻഷ്യൽ ലഭിക്കണമെങ്കില്‍ ‘മാർക്സിസ്റ്റ് പത്രപ്രവർത്തന ആശയങ്ങൾ’കൂടെ പഠിക്കണമെന്ന കാര്‍ക്കശ്യം നേരത്തേ തുടങ്ങിയതാണ്.