UPDATES

വിദേശം

‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ ഉടന്‍ വില്‍ക്കണം: ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ തുടക്കത്തിൽ ഉറുഗ്വേയുടെ തീരത്ത് മുങ്ങിയ ജർമ്മൻ യുദ്ധക്കപ്പലായ ‘അഡ്മിറൽ ഗ്രാഫ് സ്പീ’യുടെ ഭാഗമായിരുന്നു അത്.

2006-ൽ കണ്ടെടുത്ത പരുന്തിന്‍റെ വെങ്കല പ്രതിമ ഉടന്‍ വില്‍ക്കണമെന്ന് ഉറുഗ്വേയിലെ കോടതി സർക്കാരിന് നിര്‍ദേശം നല്‍കി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ തുടക്കത്തിൽ ഉറുഗ്വേയുടെ തീരത്ത് മുങ്ങിയ ജർമ്മൻ യുദ്ധക്കപ്പലായ ‘അഡ്മിറൽ ഗ്രാഫ് സ്പീ’യുടെ ഭാഗമായിരുന്നു അത്.
നാസികളുടെ ഈ വിഭജന ചിഹ്നം ഒരു പതിറ്റാണ്ടിലേറെയായി ഉറുഗ്വേ നാവികസേനയുടെ വെയർഹൌസില്‍ ഒരു പെട്ടിക്കുള്ളിലാക്കി അടച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. 90 ദിവസത്തിനകം ഇത് വിൽക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രതിമ വീണ്ടെടുക്കാനായി മുതല്‍മുടക്കിയവര്‍ക്ക് വീതിച്ചു നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വിധിക്കെതിരെ വേണമെങ്കില്‍ ഉറുഗ്വേ സർക്കാരിന് അപ്പീൽ നൽകാം. കോടതി വിധി അവലോകനം ചെയ്യുന്നതുവരെ പ്രതികരിക്കാനില്ലെന്ന് പ്രതിരോധ മന്ത്രി ജോസ് ബയാർഡി പറഞ്ഞു. 362 കിലോയിലധികം ഭാരമുള്ള ഈ വെങ്കലപ്രതിമ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ നിയമനിർമ്മാതാക്കളോടും ഉറുഗ്വേയിലെ ജൂത സമൂഹത്തോടും ചോദിച്ചിരുന്നു. പ്രദർശിപ്പിക്കുകയോ ലേലം ചെയ്യുകയോ ചെയ്യണമെന്ന് പറയുന്നവരും, നശിപ്പിച്ചു കളയണമെന്ന് പറയുന്നവരുമുണ്ട്.

യുദ്ധത്തിന്‍റെ തുടക്കത്തിൽ ജർമ്മൻ നാവികസേനയുടെ പ്രതീകമായിരുന്നു ഗ്രാഫ് സ്പീ. തെക്കൻ അറ്റ്ലാന്റിക് സമുദ്രം കീഴടക്കി നിരവധി അനുബന്ധ വ്യാപാരക്കപ്പലുകളെ ആക്രമിച്ചു മുക്കിയിരുന്നു ഈ കപ്പല്‍. എന്നാല്‍ 1939 ഡിസംബർ 13-ന് ആരംഭിച്ച റിവർ പ്ലേറ്റ് യുദ്ധത്തിൽ ബ്രിട്ടനിൽ നിന്നും ന്യൂസിലാന്റിൽ നിന്നുമുള്ള യുദ്ധക്കപ്പലുകള്‍ ഗ്രാഫ് സ്പീയെ ആക്രമിച്ചു. കേടായ ഗ്രാഫ് സ്പീ മോണ്ടെവീഡിയോ തുറമുഖത്തേക്ക് നീങ്ങി. പരിക്കേറ്റവരും മരിച്ചവരുമായ നാവികരെ അവിടെയിറക്കി. അന്നത്തെ അത്യാധുനിക സാങ്കേതികവിദ്യ സഖ്യകക്ഷികളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ ഉറുഗ്വേ തലസ്ഥാനത്ത് നിന്ന് ഏതാനും മൈൽ അകലേക്ക് കപ്പൽ കടത്തിവിടാൻ ക്യാപ്റ്റൻ ഉത്തരവിട്ടു. കപ്പലിലെ ഭൂരിഭാഗം ജോലിക്കാരെയും അയൽരാജ്യമായ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആത്മഹത്യ ചെയ്തു.

യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സ്വകാര്യ നിക്ഷേപകർ 2004-ൽ റിവർ പ്ലേറ്റിൽ നിന്ന് കപ്പലിന്‍റെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി വമ്പന്‍ മുതല്‍മുടക്കാണ് നടത്തിയത്. 2006-ലാണ് കപ്പലുദ്ധാരണ സംഘം കഴുകനെ കണ്ടെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍