UPDATES

വിദേശം

അമേരിക്കന്‍ ജയിലുകളില്‍ തടവുകാരുടെ മരണം ഞെട്ടിക്കുന്നത്; 40 വർഷത്തിനിടയിൽ 500% വര്‍ധന

100,000 തടവുകാരില്‍ 275 പേര്‍ എന്ന നിലയിലാണ് മരണനിരക്ക്

അമേരിക്കന്‍ ജയിലുകളില്‍ തടവില്‍ കഴിയുന്നവരുടെ മരണസംഖ്യ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 40 വർഷത്തിനിടയിൽ 500% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തടവിലാക്കപ്പെടുന്നവരുടെ എണ്ണവും ഓരോ വര്‍ഷവും കൂടിവരുന്നുണ്ട്. ‘ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ്‌’ പുറത്തുവിട്ട കണക്കുപ്രകാരം ദേശീയ തലത്തില്‍ 2014-ൽ മാത്രം 4,980 തടവുകാരാണ് മരണപ്പെട്ടത്. 2013-നെ അപേക്ഷിച്ച് ഏതാണ്ട് 3% വർദ്ധനവ്. 100,000 തടവുകാരില്‍ 275 പേര്‍ എന്ന നിലയിലാണ് മരണനിരക്ക്. 2001-ൽ വിവര ശേഖരണം തുടങ്ങിയതു മുതല്‍ ഇത്രയും ഭീകരമായ അവസ്ഥ രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ തടവുകാര്‍ ഉള്ള ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലെ ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത് എന്ന് 2014 മുതലുള്ള കണക്കുകള്‍ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2.3 ദശലക്ഷം ആളുകൾ ഇപ്പോൾ അമേരിക്കന്‍ ജയിലുകളില്‍ ഉണ്ട്. സ്വാഭാവിക കാരണങ്ങളാൽ ഉള്ള മരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും, ആത്മഹത്യ, കൊലപാതകം, അപകടങ്ങൾ, മയക്കുമരുന്ന്, മദ്യപാന സംബന്ധിയായ സംഭവങ്ങൾ, ചികിത്സ ലഭ്യമാകാതെ ഉണ്ടാകുന്ന മെഡിക്കൽ പ്രശ്നങ്ങൾ എന്നിവ മൂലം മരണനിരക്ക് കാര്യമായി ഉയരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

യൂട്ടാ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 71 പേരാണ് ജയിലിൽ മരണപ്പെട്ടത്. അതില്‍ പകുതിയും ആത്മഹത്യയായിരുന്നു. 2018 ഓഗസ്റ്റിൽ മാത്രം മിസിസിപ്പി ജയിലുകളിൽ 16 പേർ മരണപ്പെട്ടതിനെകുറിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തിവരികയാണ്. മിഷിഗണിലാണ് ഏറ്റവും കൂടുതല്‍ തടവുകാര്‍ മരണപ്പെടുന്നതെങ്കിലും അത് കൃത്യമായി നിരീക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയമാണെന്ന ആക്ഷേപമുണ്ട്. അമേരിക്കയിലെ ഏറ്റവും ഉയർന്ന ജയിൽ ജനസംഖ്യയുള്ള ടെക്സാസിൽ 2018-ല്‍ മാത്രം 20 പേരാണ് ആത്മഹത്യ ചെയ്തത്.

അമേരിക്കന്‍ ജയിലുകളില്‍ ഒരു ദേശീയ മെഡിക്കൽ പരിശോധനാ സംവിധാനം അടിയന്തിരമായി പ്രാവർത്തികമാക്കണം എന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ റാൻഡ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ച 2017-ലെ റിപ്പോർട്ടില്‍ പറയുന്നു. ജയിലിനുള്ളിലെ മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശനം. റിപ്പോർട്ടിംഗ് സംവിധാനവും അപര്യാപ്തമാണ്. ന്യൂജേഴ്സിയിലെ ജയിലുകളും മരണനിരക്കില്‍ മുന്‍പന്തിയിലാണെങ്കിലും വിശ്വസനീയമല്ലാത്ത വിവര ശേഖരണവും റിപ്പോർട്ടിംഗും കാരണം കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ജയിലുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു ആവശ്യമായ ഫണ്ടില്ലാത്തതും, സ്റ്റാഫുകളുടെ കുറവും, ഗൗരവമേറിയ മാനസികാരോഗ്യപരിചരണത്തിനും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുമാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നത്.

Read More: ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍