ചൈനീസ് കമ്പനി ഹുവായിയെയാണ് ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് സൂചനയുണ്ട്.
യുഎസ് ടെലികോം മേഖലയ്ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറങ്ങിയത്. വിദേശശക്തികള്‍ രാജ്യത്തെ ടെലികോം-കമ്മ്യൂണിക്കേഷന്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ട്രംപ് ആരോപിക്കുന്നു. അതേസമയം ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് യുഎസിനെതിരെ അട്ടമറി ശ്രമം എന്ന് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വ്യക്തമാക്കുന്നില്ല.
ചൈനീസ് കമ്പനി ഹുവായിയെയാണ് ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് സൂചനയുണ്ട്. ഫോണ്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് ഗിയറിന്റെ ഏറ്റവും വലിയ സപ്ലയറാണ് ഹുവായ്. ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുണ്ട്. അതേസമയം ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്മാന് അജിത് പൈ ട്രംപിന്റെ ഉത്തരവ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് സപ്ലൈ ചെയിനിനെ സംരക്ഷിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഹുവായിയുടേയോ ചൈനീസ് കമ്പനി ഇസഡ് ടി ഇ കോര്‍പ്പറേഷന്റേയോ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഗവണ്മെന്റിനെ വിലക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. ഹുവായിയെ ബഹിഷ്കരിക്കാന്‍ സുഹൃദ് രാജ്യങ്ങളോടും ട്രംപ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യൂറോപ്പില്‍ ശൃംഘല വ്യാപിപ്പിക്കാനുള്ള ഹുവായിയുടെ നീക്കത്തെ പറ്റി ട്രംപ് മുന്നറിയിപ്പ് നല്കുന്നു. നാറ്റോയുടേയും യുഎസ്-സഖ്യകക്ഷി ഇന്റലിജന്‍സ് സംവിധാനത്തേയും ആക്രമിക്കാന്‍ ചൈന ഹുവായിയെ ഉപയോഗിക്കുമെന്ന് ട്രംപ് കരുതുന്നു. ചൈനയുമായുള്ള യുഎസിന്റെ വ്യാപാര യുദ്ധം മൂര്‍ച്ഛിച്ചിരിക്കുകയാണ്. യുഎസ് ബിസിനസ് മേഖലയിലെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഹുവായ് ശ്രമിക്കുന്നതായി ആരോപണമുണ്ട്.