‘മുള്ളറുടെ കയ്യില്‍ ഒരു വസ്തുതയുമില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല!’ എന്നാണ് ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണത്തില്‍
സ്പെഷല്‍ കോണ്‍സല്‍ റോബർട്ട് മുള്ളറുടെ വിചാരണയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ ശക്തമാക്കി. എന്നാല്‍ വിചാരണ വേളയിലെ മുള്ളറുടെ പ്രകടനത്തോളം മോശമായ മറ്റൊന്നും ഇതുവരെ കണ്ടിട്ടില്ല എന്നാണ് ട്രംപ് അതേകുറിച്ച് പറഞ്ഞത്.
‘മുള്ളറുടെ കയ്യില്‍ ഒരു വസ്തുതയുമില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല!’ എന്നാണ് ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തത്.
The Democrats were trying mightily to revive the badly & irrevocably tarnished Witch Hunt Hoax until Robert Mueller put on the greatest display of ineptitude & incompetence that the Halls of Congress have ever seen. Truth is, he had no facts on his side. Nothing he could do!
— Donald J. Trump (@realDonaldTrump) July 27, 2019
അതേസമയം മുള്ളര്‍ ബുധനാഴ്ച ഹൌസ് ഓഫ്സ് ജുഡീഷ്യറി, ഇന്റലിജൻസ് കമ്മിറ്റികൾക്ക് മുന്നിൽ ഹാജരായിരുന്നു. തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, റഷ്യയും ട്രംപും തമ്മിലുള്ള ബന്ധങ്ങൾ, പ്രസിഡന്റ് അന്വേഷണം തടസപ്പെടുത്താനുള്ള സാധ്യത വ്യക്തമാക്കുന്ന സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ധാരാളം കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 448 പേജുള്ള തന്റെ റിപ്പോർട്ടിലെ ഉള്ളടക്കത്തിനപ്പുറം വേറൊരു വാക്കും പറഞ്ഞതുമില്ല. ട്രംപും മോസ്കോയും തമ്മിലുള്ള ഗൂഢാലോചനക്ക് യാതൊരു തെളിവും കണ്ടെത്താന്‍ മുള്ളര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് പ്രസിഡന്റിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ആറ് ആഴ്ചത്തെ വേനലവധിക്ക് വേണ്ടി സഭ പിരിഞ്ഞതോടെ ഇംപീച്ച്മെന്റിനെ പിന്തുണച്ച് നൂറിലധികം ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. എന്നാല്‍ അതിനുള്ള ഔപചാരിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. വെള്ളിയാഴ്ച ഹൌസ് ജുഡീഷ്യറി കമ്മിറ്റി മുള്ളറുടെ റിപ്പോർട്ടിന് കീഴിലുള്ള അതീവ രഹസ്യമായ ഗ്രാൻഡ് ജൂറി വിവരങ്ങൾ വിട്ടുകിട്ടുന്നതിനായി പുതിയ കേസ് ഫയൽ ചെയ്തു. അതിലാണ് ഇംപീച്ച്മെന്റ് എന്ന വാക്ക് 76 തവണ പരാമർശിക്കപ്പെട്ടിട്ടുള്ളത്.
അതേസമയം, ഡെമോക്രാറ്റ് നേതാവും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) സ്പീക്കറുമായ നാൻസി പെലോസി ഇംപീച്ച്മെന്റ് തൽക്കാലം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ഇത് ഒരു വലിയ രാഷ്ട്രീയ തന്ത്രമാണ്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മുള്ളർ റിപ്പോർട്ടിലെ ട്രംപിന്റെ തെറ്റുകുറ്റങ്ങളുടെ ആരോപണങ്ങൾ പ്രധാന പ്രചാരണ ആയുധങ്ങളാക്കി മാറ്റാം. മറിച്ച് ഇംപീച്ച്മെന്റ് ശ്രമവുമായി മുന്നോട്ട് പോയാൽ ഡെമോക്രാറ്റിക് പാർട്ടി വലിയ പ്രതിരോധത്തിലാവും. വോട്ടർമാരോട് ഈ നീക്കം വിശദീകരിക്കേണ്ടി വരും. ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും ‘ഇരയാക്കപ്പെടലിന്’ വിധയരായവരായി സ്വയം പ്രഖ്യാപിച്ച് സഹതാപ വോട്ടുകൾ നേടാനും സാധ്യതയുണ്ട്. അതാണ് ചെറിയൊരു വിഭാഗം ഡമോക്രാറ്റുകളെ ഇമ്പീച്ച്മെന്റ് നടപടികളില്‍നിന്നും പിന്തിരിപ്പിക്കുന്നതും.