UPDATES

വിദേശം

ഇറാനുമായി നേരിട്ടൊരു ഏറ്റുമുട്ടലിനില്ലെന്ന് സൂചന; അമേരിക്കയുടെ ഡ്രോണ്‍ തകര്‍ത്തത് ഏതോ പമ്പര വിഡ്ഢിയായ സൈനികനായിരിക്കാമെന്ന് ട്രംപ്

ഡ്രോണ്‍ ഇറാന്‍റെ അതിര്‍ത്തിയിലേക്ക് കടന്നുവെന്ന് ഇറാനും ഇല്ലെന്ന് അമേരിക്കയും വാദിക്കുന്നു

പേർഷ്യൻ ഗൾഫിൽ ഇറാനുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് അമേരിക്ക തയ്യാറായേക്കില്ലെന്ന് സൂചന. അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാന്‍റെ നടപടി മേഖലയില്‍ തുറന്ന പോരിനു കളമൊരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെഹ്റാന്‍റെ അനുമതിയില്ലാതെയാണ് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ യു.എസ് ഡ്രോൺ വെടിവച്ചിടുകയെന്ന മണ്ടത്തരം ചെയ്തതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആളില്ലാ വിമാനമാണ് തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം ഊന്നി പറയുന്നു. ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയമാണ്.

സത്യത്തില്‍ അത് ഇറാന്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഏതോ വിഡ്ഢികള്‍ ചെയ്ത മണ്ടത്തരമാണത്. ഇറാന്‍ സേനയോ അവരുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരോ അമേരിക്കക്കെതിരെ നീങ്ങിയാല്‍ ഉടന്‍തന്നെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ ഈ സംഭവം അത്തരത്തിലുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍റെ റഡാർ, മിസൈൽ സംവിധാനങ്ങളുള്‍പ്പടെ തകര്‍ക്കണമെന്ന് ട്രംപ് നിര്‍ദേശം നല്‍കിയതായി ‘ന്യൂയോർക്ക് ടൈംസ്’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികം വൈകാതെതന്നെ ഡ്രോണ്‍ സഞ്ചരിച്ച പാതയെയും അതിനെ വെടിവെച്ചിട്ട സ്ഥലത്തേയും വ്യക്തമായി കാണിക്കുന്ന ഗ്രാഫിക്സ് ചിത്രവുമായി ഇറാന്‍റെ വിദേശകാര്യമന്ത്രിയും നേരിട്ട് മാധ്യമങ്ങളെ കണ്ടിരുന്നു. വ്യോമാതിര്‍ത്തി കടന്ന നിരീക്ഷക ഡ്രോണ്‍ മിസൈലുപയോഗിച്ച് തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞതുമാണ്. ആദ്യം അത് നിഷേധിക്കുകയും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്ത അമേരിക്കന്‍ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്നാണ് പ്രതികരിച്ചത്. ‘ഇറാന്‍റെ നടപടി വലിയ തെറ്റാണെന്ന്’ ട്രംപും ഉടന്‍ തന്നെ ട്വിറ്ററില്‍ കുറിച്ചതാണ്.

അതേസമയം, ഡ്രോണ്‍ ഇറാന്‍റെ അതിര്‍ത്തിയിലേക്ക് കടന്നുവെന്ന് ഇറാനും ഇല്ലെന്ന് അമേരിക്കയും വാദിക്കുന്നുണ്ട്. അത് തെളിയിക്കുന്ന രേഖകളും ഇരു രാജ്യങ്ങളും പുറത്തുവിടുന്നുമുണ്ട്. മനപ്പൂര്‍വ്വം വെടിവച്ചിട്ടതാണെന്നും, അത് ഇറാന്‍റെ സൈനികശക്തിയെയാണ് സൂചിപ്പിക്കുന്നതെന്നും ഇറാന്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ മാത്രമാണ് ഡ്രോണ്‍ പറന്നതെന്നും എല്ലാം ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും ട്രംപും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഏതായാലും പെട്ടന്നൊരു യുദ്ധത്തിന് അമേരിക്ക തയ്യാറായേക്കില്ല എന്ന ആശ്വാസമാണ് ട്രംപിന്‍റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

Read More: നാളികേര വികസന ബോര്‍ഡിന്റെ ബംഗളൂരൂ ഓഫീസിലെ കോടികളുടെ അഴിമതി കണ്ടെത്തി; രാജു നാരായണ സ്വാമിയെ തെറിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍