UPDATES

വിദേശം

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ മൂന്ന് കുറ്റങ്ങള്‍ സ്‌പെഷല്‍ കോണ്‍സല്‍ മറച്ചുവച്ചതായി ആരോപണം

‘സീജ് – ട്രംപ് അണ്ടര്‍ ഫയര്‍’ എന്ന പുതിയ പുസ്തത്തിലാണ് വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ട്രംപിനെതിരെ ഉണ്ടായിരുന്ന മൂന്നോളം കുറ്റങ്ങള്‍ റോബർട്ട് മുള്ളർ മറച്ചുവെച്ചുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി യുഎസ് മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ വോള്‍ഫ്. അദ്ദേഹത്തിന്‍റെ ‘സീജ് – ട്രംപ് അണ്ടര്‍ ഫയര്‍’ എന്ന പുതിയ പുസ്തത്തിലാണ് വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, വോള്‍ഫിന്‍റെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് മുള്ളറുടെ വക്താവ് ഉടന്‍ തന്നെ രംഗത്തെത്തി. ജൂണ്‍ നാലിനാണ് പുസ്ത്കം പുറത്തിറങ്ങുക. പുസ്തകം പരിശോധിച്ച ‘ദ ഗാര്‍ഡിയന്‍’ പത്രം വിവാദ രേഖകള്‍ കണ്ടു ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.യ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക ഉദ്യോഗസ്ഥനാണ് റോബർട്ട് മുള്ളർ.  മുള്ളറുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്നാണ് ലഭിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. എന്നാല്‍ ‘അങ്ങനെയൊരു പ്രമാണങ്ങളും നിലവിലില്ല’ എന്ന് മുള്ളറുടെ വക്താവായ പീറ്റർ കാർ പറഞ്ഞു.

വോള്‍ഫ് നേരത്തെ രചിച്ച ‘ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകവും അമേരിക്കയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിലെ ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ ഭാഷയില്‍ ട്രംപ്തന്നെ നേരിട്ട് മറുപടി പറയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ പിന്നീട് നടന്ന പല അന്വേഷണങ്ങളും വോള്‍ഫിന്‍റെ ആരോപണങ്ങള്‍ ശെരിവെച്ചു. ആ പുസ്തകത്തിന്‍റെ 5 മില്ല്യന്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്.

ഏതാണ്ട് ഒരു വർഷത്തോളം മുള്ളറുടെ മേശപ്പുറത്ത് കെട്ടിക്കിടന്ന രേഖകളില്‍ പ്രസിഡന്‍റന് എതിരായി മൂന്ന് ആരോപണങ്ങളാണ് ഉള്ളത്. അത് ‘യു.എസ്.എ. എഗൈന്‍സ്റ്റ് ഡൊണാൾഡ് ജെ ട്രംപ്’ എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കെതിരെയുള്ള അന്വേഷണങ്ങളെ ട്രംപ് തടസ്സപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തു, സാക്ഷികളുമായോ ഇരകളുമായോ വിവരങ്ങളുമായോ ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തി, സാക്ഷികളോടോ ഇരകളോടോ വിവരങ്ങളോടോ പ്രതികാരം ചെയ്യാന്‍  ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരായി ഉണ്ടായിരുന്നതെന്ന് ‘ഗാര്‍ഡിയന്‍’ പറയുന്നു.

ട്രംപിനെതിരെ ഗുരുതരമായ പല കുറ്റപത്രങ്ങളും തയ്യാറാക്കിയിരുന്നെങ്കിലും അതൊന്നും നടപ്പിലാക്കിയിട്ടില്ല. അതിനു ശേഷമാണ് മുള്ളര്‍ അറ്റോർണി ജനറലിന് റിപ്പോര്‍ട്ട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹില്ലരി ക്ലിന്റനെ പരാജയപ്പെടുത്താൻ റഷ്യ ഇടപെട്ടെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തിയത്. എന്നാല്‍ തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് അന്വേഷണമെന്നായിരുന്നു ട്രംപിന്‍റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍