UPDATES

വിദേശം

വെനിസ്വേല പ്രസിഡന്റ് മഡൂറോയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം (വീഡിയോ)

അപ്രതീക്ഷിതമായ ആക്രമണത്തില്‍ മഡൂറോയും ഉദ്യോഗസ്ഥരും ഞെട്ടുന്നതായി വീഡിയോയില്‍ കാണാം. ഓഡിയോ കട്ടാവുന്നു. പിന്നീട് സൈനികര്‍ ഓടിപ്പോവുകയും ചെയ്യുന്നു.

പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വധിക്കാനുള്ള ശ്രമവുമായി ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണം നടന്നതായി വെനിസ്വേല. തലസ്ഥാനമായ കാരക്കാസില്‍ ഒരു സൈനിക പരിപാടിയില്‍, ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്ന പ്രസംഗത്തിലായിരുന്നു മഡൂറോ. അപ്പോളാണ് സായുധ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മഡൂറോയും ഉദ്യോഗസ്ഥരും ഞെട്ടുന്നതായി വീഡിയോയില്‍ കാണാം. ഓഡിയോ കട്ടാവുന്നു. പിന്നീട് സൈനികര്‍ ഓടിപ്പോവുകയും ചെയ്യുന്നു.

ഇത് മഡൂറോയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഏഴ് സൈനികര്‍ക്ക് പരിക്കേറ്റതായും കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഹോര്‍ഗെ റോഡ്രിഗസ് പറഞ്ഞു. രാജ്യത്തെ വലതുപക്ഷ പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ഹോര്‍ഗെ റോഡ്രിഗസ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ആക്രമണം നടത്തിയത്. എന്നാല്‍ ഇതിലും അവര്‍ തോറ്റിരിക്കുന്നു – റോഡ്രിഗസ് പറഞ്ഞു. മേയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച മഡൂറോ ആറ് വര്‍ഷത്തേയ്ക്ക് കൂടി അധികാര തുടര്‍ച്ച നേടിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഡൂറോ കൃത്രിമം നടത്തിയതായും ജനവിധി അട്ടിമറിച്ചതായുമാണ് പ്രതിപക്ഷ ആരോപണം.

ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2017 ജൂണില്‍ വെനിസ്വേല സുപ്രീം കോടതിയെ ലക്ഷ്യം ഹെലികോപ്റ്റര്‍ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് ആക്രമണമാണ് അന്ന് നടന്നത്. താനാണ് ആക്രമണം നടത്തിയതെന്ന് ഹെലികോപ്റ്റര്‍ പൈലറ്റ് ഓസ്‌കാര്‍ പെരസ് അവകാശപ്പെട്ടിരുന്നു. മഡൂറോ ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ഓസ്‌കാര്‍ പെരസ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ 2018 ജനുവരിയില്‍ കാരക്കാസില്‍ സൈന്യം വളഞ്ഞുവയ്ക്കുകയും വെടി വച്ച് കൊല്ലുകയും ചെയ്തിരുന്നു. പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്ന് 2013ലാണ് മഡൂറോ വെനിസ്വേല പ്രസിഡന്റായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍