UPDATES

വിദേശം

ജിബ്രാള്‍ട്ടറിനെ ചൊല്ലിയുള്ള 300 വര്‍ഷത്തെ അവകാശ തര്‍ക്കം മുറുകുന്നു; യുകെ പൗരന്മാരുടെ ഫ്രീ വിസ റദ്ദാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

ജിബ്രാള്‍ട്ടറിനെ ഇയു വിശേഷിപ്പിച്ചത് ബ്രിട്ടീഷ് രാജ്ഞിയുടെ കോളനി എന്നാണ്

പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യുകെ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതിനിടെ, യുകെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള ആലോചനയുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന ഫ്രീ വിസ റദ്ദാക്കുന്നതാണ് ഇയുവിന്റെ പരിഗണനയിലുള്ളത്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായുള്ള ഇയുവിന്റെ നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായ സാഹചര്യത്തിലാണ് നടപടി.

ജിബ്രാള്‍ട്ടറിനെ ഇയു വിശേഷിപ്പിച്ചത് ബ്രിട്ടീഷ് രാജ്ഞിയുടെ കോളനി എന്നാണ്. സ്‌പെയിനിന്റെ സമ്മര്‍ദ്ദത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. മുന്നൂറ് വര്‍ഷത്തോളമായി ജിബ്രാള്‍ട്ടറിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അവകാശത്തര്‍ക്കങ്ങളുണ്ട്. ജിബ്രാള്‍ട്ടറിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വിമര്‍ശിച്ചിരുന്നു. ജിബ്രാള്‍ട്ടര്‍ യുകെയുടെ ഭാഗമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു. ഞങ്ങള്‍ ഇയു വിട്ടാലും ഇതിന് മാറ്റമില്ല.

1713ലെ ഉട്രെച്ച് ഉടമ്പടി പ്രകാരം ജിബ്രാള്‍ട്ടറിനെ സ്‌പെയിന്‍ ബ്രിട്ടന് വിട്ടുകൊടുക്കുകയായിരുന്നു. ഇത് പിന്നീട് ക്രൗണ്‍ കോളനി ആയി അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ 1983 മുതല്‍ ഓവര്‍സീസ് ടെറിട്ടറിയായി. ജിബ്രാള്‍ട്ടറിന് സ്വന്തമായി പാര്‍ലമെന്റുണ്ട്. 17 അംഗങ്ങളാണുള്ളത്. അതേസമയം ഭരണനിയന്ത്രണം ബ്രിട്ടീഷ് രാജ്ഞിക്കാണ്. രാജ്ഞിയുടെ പ്രതിനിധിയായ ഗവര്‍ണര്‍ നേരിട്ട് ഭരണം നിയന്ത്രിക്കുന്നു. പ്രതിരോധം, ആഭ്യന്തര സുരക്ഷ, വിദേശനയം, തുടങ്ങിയവയെല്ലാം നോക്കുന്നത് ഗവര്‍ണറാണ്. അതേസമയം ജിബ്രാള്‍ട്ടര്‍ തര്‍ക്കപ്രദേശമാണെന്നാണ് സ്‌പെയിനിന്റെ വാദം. ബ്രിട്ടന്റെ അധീനതയില്‍ നിന്ന് ജിബ്രാള്‍ട്ടറിനെ മോചിപ്പിക്കണമെന്ന ആവശ്യം ഇയുവിന് മുന്നില്‍ സ്‌പെയിന്‍ വച്ചിട്ടുണ്ട്. അതേസമയം ഇത്തരം ഓവര്‍സീസ് ടെറിട്ടറികളുടെ പട്ടികയില്‍ തങ്ങളുടെ അധീനതയിലുള്ള പോളിനേഷ്യയും ന്യൂ കാലിഡോണിയയും ഉള്ളതിനാല്‍ ഫ്രാന്‍സ് ഈ നീക്കം തടഞ്ഞു.

ഇയു രേഖകളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള യുകെ മിനുട്ടില്‍ ജിബ്രാള്‍ട്ടര്‍ ഒരു സ്വയംഭരണ പ്രദേശമാണ് എന്നും ജിബ്രാള്‍ട്ടര്‍ ജനത ഹിതപരിശോധനയില്‍ തങ്ങളുടെ പരമാധികാരം അംഗീകരിച്ചിട്ടുള്ളതാണെന്നും പറയുന്നു. ഉയര്‍ന്ന ജിഡിപി വളര്‍ച്ചാനിരക്കുള്ള, ടൂറിസം മേഖലയിലും ഗേമിംഗ് ഇന്‍ഡസ്ട്രിയിലും മുന്നിട്ട് നില്‍ക്കുന്ന പ്രദേശമാണിത്. വ്യാപാര കരാറുകളിലും പങ്കാളികളാണ്. അതേസമയം ഇയു വിസാ നിയമത്തിലെ മാറ്റം അനുസരിച്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഫ്രീ വിസ ട്രാവല്‍ ലഭ്യമാകില്ല. നിലവിലെ നിയമമനുസരിച്ച് 90 ദിവസം വരെ ഫ്രീ ഷെന്‍ജെന്‍ വിസ ലഭിക്കും. ഏതെങ്കിലും അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെ ഗവണ്‍മെന്റ് വിസ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കുള്ള ഈ ആനുകൂല്യം റദ്ദാക്കാനാണ് ഇയു തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍