UPDATES

വിദേശം

ജയിലില്‍ മരിച്ച യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ കരീബിയന്‍ ദ്വീപില്‍ എഫ്ബിഐ റെയ്ഡ്

ജെഫ്രിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഡ്

ബാല ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാവുകയും ജയിലില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ കരീബിയൻ പ്രദേശത്തുള്ള സ്വകാര്യ ദ്വീപിൽ എഫ്ബിഐ റെയ്ഡ് നടത്തി. പ്രതി മരിച്ചെങ്കിലും അയാളുടെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും പരിശോധനകളും അവസാനിപ്പിക്കില്ലെന്ന സൂചനയാണ് അന്വേഷണ വിഭാഗം നല്‍കുന്നത്.

യുഎസിലെ വിർജിൻ ദ്വീപിലുള്ള ലിറ്റിൽ സെന്റ് ജെയിംസിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ എൻ‌ബി‌സി ന്യൂസാണ് പുറത്തുവിട്ടത്. രണ്ട് മുതിർന്ന നിയമപാലകരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് ന്യൂയോർക്കിലെ തെക്കൻ ജില്ലയ്ക്കുള്ള യുഎസ് അറ്റോർണി ഓഫീസാണ് മേല്‍നോട്ടം വഹിക്കുന്നതെന്ന് പിന്നീട് എഫ്ബിഐ സ്ഥിരീകരിച്ചു.

ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ശനിയാഴ്ച രാവിലെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ട ജെഫ്രിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൂന്നു മാസം മുൻപ് കഴുത്തിൽ സ്വയം ഉണ്ടാക്കിയ മുറിവുകളോടെ ജെഫ്രിയെ അബോധാവസ്ഥയിൽ സെല്ലിൽ നിന്നും കണ്ടെത്തിയിരുന്നു. നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പെൺകുട്ടികൾ ജെഫ്രിക്കെതിരെ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയിരുന്നു.

ജെഫ്രിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഡ് നടന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതാണ് ഇപ്പോള്‍ എഫ്ബിഐ പ്രധാനമായും പരിശോധിക്കുന്നത്. ‘കുറ്റകൃത്യത്തില്‍ ഏതെങ്കിലും രീതിയില്‍ പങ്കാളികളായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത്ര എളുപ്പത്തിൽ വിശ്രമിക്കാന്‍ കഴിയില്ല. ഇരകൾ നീതിക്ക് അർഹരാണ്, അതവര്‍ക്ക് ലഭിക്കുകതന്നെ ചെയ്യും’ എന്നാണ് യുഎസ് അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞത്.

‘ജെഫ്രി എപ്സ്റ്റീനെതിരെ വെളിപ്പെടുത്തലുമായി ഇതിനകം മുന്നോട്ട് വന്നിട്ടുള്ള ധീരരായ യുവതികളോടും ഇനിയും അങ്ങനെ ചെയ്യാത്ത മറ്റു പലരോടുമായി ഒരു കാര്യം പറയട്ടെ, നിങ്ങളോടൊപ്പം എക്കാലവും നിലകൊള്ളാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഞാൻ ആവർത്തിക്കുന്നു, ഗൂഡാലോചനയുള്‍പ്പടെ എല്ലാ കുറ്റകൃത്യങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതുവരെ അന്വേഷണം തുടരും’- എന്ന് മാൻഹട്ടൻ അറ്റോർണിയായ ജെഫ്രി എസ് ബെർമാൻ പുറത്തിറക്കിയ പ്രസ്താവനയിലും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍