UPDATES

വിദേശം

ബുര്‍ഖയില്ലാതെ, ജീന്‍സും ഷര്‍ട്ടുമിട്ട് സൗദി സ്ത്രീകള്‍ റിയാദിലെ തെരുവുകളില്‍

തനിക്ക് സ്വതന്ത്രയായി ജീവിക്കണം എന്ന് മനാഹേല്‍ ഒതെയ്ബി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി റിയാദില്‍ അബായ ധരിക്കാതെ താന്‍ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന് ഒതെയ്ബി പറയുന്നു.

തലയും മുഖവും മറയ്ക്കുന്ന ബുര്‍ഖയില്ലാതെ (അബായ) പാശ്ചാത്യ വേഷങ്ങളില്‍ തെരുവിലൂടെ നടക്കുന്ന സ്ത്രീകള്‍ സൗദി അറേബ്യയില്‍ സാധാരണ കാഴ്ചയാവുകയാണ്. സൗദി പൗരകളായ തദ്ദേശീയ സ്ത്രീകള്‍ തന്നെയാണ് പാശ്ചാത്യ വേഷങ്ങളില്‍ നടക്കുന്നത്. എ എഫ് പിയുടെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് പറയുന്നത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം യുഎസ് ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ഡ്രസ് കോഡിലെ കര്‍ശന നിബന്ധനകളില്‍ ഇളവ് വരുത്തുമെന്ന് സൂചിപ്പിച്ചിരുന്നു. കൂടുതല്‍ പാശ്ചാത്യനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ കഴിഞ്ഞ വര്‍ഷം സല്‍മാന്റെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം നല്‍കുകയും സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുകയുമടക്കം ചെയ്തിരുന്നു.


എന്നാല്‍ സല്‍മാന്റെ ഇത്തരം തീരുമാനങ്ങള്‍ക്ക് ശേഷവും വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങള്‍ മാറ്റിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തി തുടങ്ങുകയും ചെയ്തിരുന്നു. യാഥാസ്ഥിതികരരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് വനിതാ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിച്ചത്.

33കാരിയായ ഹ്യൂമണ്‍ റിസോഴ്‌സസ് പ്രൊഫഷണല്‍ മാഷീല്‍ അല്‍ ജലൂദ്, 25കാരിയായ മനാഹേല്‍ അല്‍ ഒതെയ്ഹബി എന്നിവര്‍ ഇവരില്‍ ചിലരാണ്. നിങ്ങളൊരു മോഡല്‍ ആണോ എന്ന് ചോദിച്ച എ എഫ് പി റിപ്പോര്‍ട്ടറോട് മാഷീല്‍ അല്‍ ജലൂദ് പറഞ്ഞത് താനൊരു സാധാരണ സൗദി സ്ത്രീയാണ് എന്നാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കണം എന്ന് മനാഹേല്‍ ഒതെയ്ബി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി റിയാദില്‍ അബായ ധരിക്കാതെ താന്‍ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന് ഒതെയ്ബി പറയുന്നു. എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കണം. എനിക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ എന്നെ നിര്‍ബന്ധിക്കാന്‍ പാടില്ല – ഒതെയ്ബി പറയുന്നു.

മതഭ്രാന്തന്മാര്‍ ഒരു പക്ഷെ എന്നെ ആക്രമിച്ചേക്കാം എന്ന് ജലൂദ് പറയുന്നു. സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ സിബിഎസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം പറഞ്ഞിട്ടും മാളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അബായ ഇല്ലെന്ന് പറഞ്ഞ് താന്‍ അകത്തുകടക്കുന്നത് തടഞ്ഞകായും മാഷീല്‍ അല്‍ ജലൂദ് പറയുന്നു. ജോലിക്ക് പോകുമ്പോളും അബായ ധരിക്കാന്‍ നിര്‍ബന്ധിതയാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ സൗദി സ്ത്രീകള്‍ ഇപ്പോളും നേരിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍