UPDATES

വിദേശം

അമേരിക്കയില്‍ അര ലക്ഷത്തോളം ജനറല്‍ മോട്ടോര്‍സ് തൊഴിലാളികള്‍ സമരത്തില്‍

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയനുമായി ധാരണയിലെത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക് നിങ്ങിയത്.

യുഎസിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിലെ ജീവനക്കാര്‍ അമ്പതിനായിരത്തിനടുത്ത് ജീവനക്കാര്‍ സമരത്തില്‍. 2007ന് ശേഷമുള്ള ഏറ്റവും വലിയ സമരമാണ് നടക്കുന്നത്. ഉയര്‍ന്ന വേതനം, ആരോഗ്യരക്ഷ, ലാഭവിഹിതം, തൊഴില്‍ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയനുമായി ധാരണയിലെത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക് നിങ്ങിയത്.

സമരത്തിലേയ്ക്ക് പോവുകയല്ലാതെ വേറെ വഴിയില്ല എന്ന് യുഎഡബ്ല്യു വൈസ് പ്രസിഡന്റ് ടെറി ഡിറ്റസ് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് യുഎഡബ്ല്യു സമയം നല്‍കിയിരുന്നത് ശനിയാഴ്ച രാത്രി വരെയാണ്. രണ്ട് ദിവസത്തെ പണിമുടക്ക് മൂലം 300 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 21,45,76,50,000 കോടി ഇന്ത്യന്‍ രൂപ) നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനറല്‍ മോട്ടോര്‍സുമായി (ജിഎം) യൂണിയന്‍ ഉണ്ടാക്കിയിരുന്ന നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. മാനേജ്‌മെന്റും തൊഴിലാളി യൂണിയനും തമ്മില്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നുവരുകയായിരുന്നു. ഓഹിയോയിലേയും മിഷിഗണിലേയും കാര്‍ അസംബ്ലി പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിലെ എതിര്‍പ്പും സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ജിഎമ്മിന്റെ നിലപാട്.

ഓട്ടോമൊബൈല്‍ രംഗത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാണ് തങ്ങള്‍ നല്‍കുന്നത് എന്നാണ് ജിഎമ്മിന്റെ അവകാശവാദം. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും ജിഎം വാദിക്കുന്നു.

യുഎസ് ഓട്ടോമൊബൈല്‍ മേഖല, വില്‍പ്പനയില്‍ പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് സമരം. പുക നിയന്ത്രണത്തിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധിക്കുന്നത് കൂടുതലായി ശ്രദ്ധിക്കുന്നത് മൂലം ഉല്‍പ്പാദന ചെലവ് വര്‍ദ്ധിച്ചിരിക്കുകയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍