UPDATES

വിദേശം

ഹോങ്കോങ്ങില്‍ പ്രക്ഷോഭകാരികള്‍ക്ക് പൊലീസ് മര്‍ദ്ദനം, ട്രെയിനില്‍ നിന്ന് ആളുകളെ വലിച്ചുപുറത്തിട്ടു

ട്രെയിനില്‍ കയറിയ ആളുകളെ പോലീസ് വലിച്ചു പുറത്തിട്ടതായി ദൃസ്സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ച്ചയായ പതിമൂന്നാം വാരാന്ത്യത്തിലും ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം സംഘര്‍ഷഭരിതമായി തുടരുകയണ്. ക്വൂലൂണിലെ പ്രിന്‍സ് എഡ്വേര്‍ഡ് മാസ് ട്രാന്‍സിറ്റ് മെട്രോ സ്റ്റേഷനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. ബാറ്റണ്‍ ഉപയോഗിച്ച് പോലീസ് യാത്രക്കാരെ പോലും തല്ലിച്ചതച്ചു. പ്രതിഷേധത്തില്‍ നിന്ന് പിന്തിരിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരും ട്രെയിന്‍ കയറാനായി എത്തിയിരുന്നു. ട്രെയിനില്‍ കയറിയ ആളുകളെ പോലീസ് വലിച്ചു പുറത്തിട്ടതായി ദൃസ്സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം അടിക്കുന്നുണ്ടായിരുന്നു. മുട്ടുകുത്തിനിന്ന് കേണപേക്ഷിച്ചിട്ടുപോലും പോലീസ് ലാത്തി ഉപയോഗിച്ച് പോലീസ് ഒരാളുടെ തല തല്ലിപ്പോളിക്കുന്നത് ഞാന്‍ കണ്ടുവെന്ന്’ ദൃസ്സാക്ഷിയായ ലായ് ഗാര്‍ഡിയനോട് പറഞ്ഞു. ട്രെയിനിനുള്ളില്‍ കയറിയ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതിന്റെയും, പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നവരെ ഓടിച്ചിട്ടു പിടിക്കുന്നതിന്റെയും, പലരേയും കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒരാളുടെ തലയില്‍ നിന്ന് ചോരയൊലിക്കുന്നതും കാണാം.
ഒരു ഉപഭോക്തൃ സേവന കേന്ദ്രവും ടിക്കറ്റ് മെഷീനുകളും പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ പ്രവേശിച്ചതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധക്കാര്‍ പൊതുജനങ്ങളെ ആക്രമിച്ചതായും ആരോപിക്കുന്നുണ്ട്. പക പ്രതിഷേധത്തിന് പിന്നാലെ സമരനേതാക്കളെയടക്കം അറസ്റ്റ് ചെയ്യുന്ന നടപടിയും പുരോഗമിക്കുകയാണ്. പലരേയും പിന്നീട് ജാമ്യത്തില്‍ വിടുന്നുമുണ്ട്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം കൂറ്റാന്‍ റാലികള്‍ നാളെ സംഘടിപ്പിക്കാന്‍ സമരക്കാര്‍ അനുമതി തേടിയിരുന്നു.

ചൈനയ്ക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരമാണ് സംഘര്‍ഷഭരിതമായി തുടരുന്നത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍