UPDATES

വിദേശം

ഹോങ്കോംഗ് ഭരണാധികാരിയുടെ ക്ഷമാപണം തള്ളി, പ്രക്ഷോഭകര്‍ തെരുവില്‍ തന്നെ

സമരാനുകൂലികളുടെ കുത്തൊഴുക്ക് പൊതുജനങ്ങൾ തൃപ്തരല്ലെന്ന് വ്യക്തമാക്കുന്നതാണ്

ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും ഹോങ്കോങ്ങില്‍ പ്രക്ഷോഭം അവസാനിക്കുന്നില്ല. പുതിയ ആവശ്യങ്ങളുമായി പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയിരിക്കുകയാണ്. വിവാദ ബില്‍ താല്‍ക്കാലികമായി ഉപേക്ഷിക്കുകയാണെന്ന് ഹോങ്കോംഗ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഖേദപ്രകടനവും നടത്തി. ഒരുപാട് വൈകിപ്പറഞ്ഞ ക്ഷമാപണത്തെ ജനാധിപത്യ പ്രക്ഷോഭകാരികൾ പക്ഷേ തള്ളിക്കളയുകയായിരുന്നു.

സമരാനുകൂലികളുടെ കുത്തൊഴുക്ക് പൊതുജനങ്ങൾ തൃപ്തരല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു. ലാമിന്‍റെ പ്രസ്താവനയിൽ നിരാശയുണ്ടെന്ന് പ്രതിഷേധക്കാരിൽ പലരും പറഞ്ഞു. സമ്മർദ്ദത്തെ തുടര്‍ന്നാണ്‌ അവര്‍ ക്ഷമാപണം നടത്തിയതെന്ന് അവര്‍ പറയുന്നു. ‘ഇത് ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ്. ഹോങ്കോംഗിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാൻ ബീജിംഗ് ആഗ്രഹിക്കുന്നുവെങ്കിൽ ഈ ജനത അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും രംഗത്തുവരും’- ഹോങ്കോംഗിലെ ചൈനീസ് യൂണിവെഴ്സിറ്റിയിലെ പ്രൊഫസറായ വില്ലി ലാം പറഞ്ഞു.

ബില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം, ബുധനാഴ്ച പ്രതിഷേധക്കാർക്കെതിരെ പോലീസ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടികളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം, പ്രതിഷേധങ്ങളെ നിയമവിരുദ്ധ പ്രക്ഷോഭമാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം (അത് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ആരോപിച്ച് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലടക്കാന്‍ സഹായമൊരുക്കും). കൂടാതെ കാരി ലാം രാജിവെക്കണം എന്നിവയൊക്കെയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന പ്രകടനങ്ങളെ ബുധനാഴ്ചയില്‍ നിന്നും വ്യത്യസ്തമായി പോലീസ് സംയമനത്തോടെയാണ് നേരിട്ടത്. അറസ്റ്റുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു മാര്‍ച്ച് ഉടന്‍തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ തിങ്കളാഴ്ച ഒന്നോ രണ്ടോ മണിക്കൂർ പണിമുടക്ക് നടത്തണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Explainer: ചൈനയെ ഹോങ്കോങ് ജനത ഭയപ്പെടുന്നതെന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍