UPDATES

വിദേശം

കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരായ പ്രതിഷേധം ഹോങ്കോങ്ങില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിലേയ്ക്ക്

1997-ൽ ചൈനയുടെ അർധസ്വയംഭരണ പ്രദേശമായതിന് ശേഷം ഹോങ്‍കോങ്ങിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ സമരമാണിത്.

കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരേ ഹോങ്കോങ്ങില്‍ ബഹുജന പ്രതിഷേധം തുടരുകയാണ്. 1997-ൽ ചൈനയുടെ അർധസ്വയംഭരണ പ്രദേശമായതിന് ശേഷം ഹോങ്‍കോങ്ങിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ സമരമാണിത്. ‘പൈശാചിക നിയമം റദ്ദാക്കുക’, ‘ഹോങ്‍കോങ്ങിൽ നിന്ന് ചൈന പിന്മാറുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ അവര്‍ ഉയര്‍ത്തുന്നത്. ഞായറാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് പങ്കെടുത്തത്.

നിർദ്ദിഷ്ട നിയമഭേദഗതി എന്താണ്?
ചരിത്രത്തിലാദ്യമായി കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക്‌ വിട്ടുനൽകാൻ കഴിയുമെന്നതാണ് നിർദ്ദിഷ്ട നിയമ ഭേദഗതിയുടെ കാതല്‍. നിലവിലെ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഹോങ്കോങിന്‍റെ സ്വാതന്ത്ര്യത്തെതന്നെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനക്ക് കൈമാറുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. കൂടാതെ ഹോങ്കോഗ് ചീഫ് എക്സിക്യൂട്ടീവിന് ഇത്തരം വിഷയങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുവാനുള്ള അധികാരവും എടുത്തുമാറ്റപ്പെടും. ചുരുക്കത്തില്‍ ഹോങ്കോങിന്‍റെ പരമാധികാരം തന്നെ തകര്‍ക്കുന്നതിന് ഈ ഭേദഗതി കാരണമായെക്കാം. ഹോങ്കോങ്ങുമായി കുറ്റവാളികളെ കൈമാറൽ ഉടമ്പടി ഒപ്പുവെക്കാത്ത രാജ്യങ്ങൾക്കും കുറ്റവാളികളെ വിട്ടുനൽകാൻ കഴിയും എന്നതാണു മറ്റൊരു പ്രത്യേകത.

ALSO READ: മഴയല്ല, ഈ ലോകകപ്പിനെ കൊല്ലുന്നത് ഐസിസിയാണ്

എന്തുകൊണ്ട് എതിര്‍ക്കുന്നു?
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഈ നിയമത്തെ ഉപയോഗിച്ചെക്കാം എന്നതാണ് ഹോങ്കോങ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ആശങ്ക. കുറ്റവാളികളെ ചൈനയ്ക്ക്‌ കൈമാറിയാൽ രാഷ്ട്രീയാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആ രാജ്യത്തെ കോടതിസംവിധാനത്തിനുള്ളിൽ വിചാരണ നീതിയുക്തവും സുതാര്യവുമായിരിക്കില്ല. ചൈനയെ ഹോങ്കോങ് ജനതക്ക് തീരെ വിശ്വാസമില്ല. ചൈനയില്‍ സര്‍ക്കാറിന്‍റെ വിമര്‍ശകരെ പല ക്രിമിനല്‍ കേസുകളിലും പെടുത്തി ഇല്ലാതാക്കുന്നത് അടുത്തറിയുന്നവരാണ് അവര്‍. ചൈനീസ് കോടതികളില്‍ കുറ്റാരോപിതര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

ബില്ലിനെ അനുകൂലിക്കുന്നവര്‍ എന്താണ് പറയുന്നത്?
നിലവിലെ നിയമത്തിലുള്ള പഴുതുകള്‍ അടയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അവര്‍ പറയുന്നു. അന്തരാഷ്ട്ര ‘പിടികിട്ടാപ്പുള്ളികളുടെ സ്വര്‍ഗ്ഗമെന്ന’ ഖ്യാതിയില്‍നിന്നും ഹോങ്കോങ്ങിനെ മോചിപ്പിക്കണം എന്നതാണ് അവരുടെ ആഗ്രഹം. നിയമത്തെ ഒരു കാരണവശാലും ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കുന്നുണ്ട്. രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാല്‍ ഒരാളെയും ചൈനക്ക് കൈമാറില്ലെന്ന് അധികൃതര്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുണ്ട്. അത് കൃത്യമായി ഉറപ്പുവരുത്താന്‍ പ്രാദേശിക ജഡ്ജിമാര്‍ക്ക് സാധിക്കുമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, വധശിക്ഷയ്ക്കു വിധേയമാക്കാവുന്ന കുറ്റവാളികളെ കൈമാറുകയുമില്ല.

ചൈനയുടെ ഇടപെടല്‍
നിയമ ഭേദഗതി കൊണ്ടുവന്നതിന് പിന്നില്‍ ചൈനീസ് സര്‍ക്കാറിന്‍റെ സ്വാധീനം ഒട്ടുമില്ലെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, ഈ നീക്കങ്ങളെ പാരസ്യമായി അനുകൂലിച്ചുകൊണ്ട് ചൈന പലതവണ രംഗത്തുവന്നിരുന്നു. ഹോങ്കോങ് സര്‍ക്കാറിന്‍റെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ‘പുതിയ ഭേദഗതി ബില്‍ നീതിയുക്തവും, വിവേകപൂര്‍ണ്ണവും, യുക്തിസഹമായ ഒന്നാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകും. അത് ഹോങ്കോങിന്‍റെ നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നീതി നടപ്പാക്കുകയും ചെയ്യും’, ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തിലെ വാക്കുകളാണിത്.

ഇനിയെന്ത്?
ബിൽ പിൻവലിക്കില്ലെന്നും നിയമനിർമാണനടപടിയുമായി മുന്നോട്ടുപോകുമെന്നും ഹോങ്‍കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം വ്യക്തമാക്കുന്നു. അതിനെ കൂടുതല്‍ മെച്ചപ്പെട്ട ബില്ലാക്കി മാറ്റാന്‍ തയ്യാറാണെന്ന് അവര്‍ ഉറപ്പു നല്‍കുന്നു. പക്ഷെ, അതൊന്നും പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന നേതാവാണ് കാരി. അതോകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ ഭൂരിപക്ഷം ജനങ്ങളും മുഖവിലക്കെടുക്കില്ല. മാത്രമല്ല മേഖലയിൽ പ്രക്ഷോഭം വീണ്ടും ശക്തമാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍