UPDATES

വിദേശം

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്‍ ഉടന്‍ ചര്‍ച്ചയ്ക്കെടുക്കില്ല; ഹോങ്കോങ്ങില്‍ പ്രക്ഷോഭത്തിന് താല്‍ക്കാലിക വിരാമം

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഈ നിയമ ഭേദഗതി ഉപയോഗിച്ചേക്കാം എന്നതാണ് ബില്ലിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശം

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിട്ടുനൽകാനുള്ള ബില്ലിനെതിരെ സമരം ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ പോലീസ് നടത്തിയ നീക്കത്തിന് ശേഷം ഇന്ന് താരതമ്യേന ശാന്തമാണ് ഹോങ്കോങ്ങിലെ തെരുവുകള്‍. നിയമം ഉടന്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടതില്ല എന്ന ഗവണ്‍മെന്റിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് താല്‍ക്കാലികമായ സമാധാനം നിലവില്‍ വന്നത്.

അതേസമയം ബഹുജന പ്രതിഷേധത്തിനെതിരെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം രംഗത്ത്. ‘അപകടകരവും ജീവന് ഭീഷണിയുയര്‍ത്തുന്നതുമായ പ്രവർത്തനങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്’ എന്ന് അവര്‍ പറഞ്ഞു. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിട്ടുനൽകാനുള്ള ബില്ലിനെതിരെയാണ് ജനങ്ങള്‍ സമരം നടത്തുന്നത്.

പുതിയ നിര്‍മ്മാണത്തെ ശക്തമായി അനുകൂലിക്കുന്ന ആളാണ്‌ കാരി ലാം. ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന നേതാവാണ് അവര്‍. ശാന്തമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുന്ന യുവാക്കള്‍ അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ഈ സമരം ലജ്ജാരഹിതവും സംഘടിത കലാപവുമാണെന്ന് അവര്‍ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ്, ചില ആളുകൾ അപകടകരമായ നടപടികളിലേക്കാണ് കടന്നത്. മൂർച്ചയുള്ള ഇരുമ്പ് ബാറുകളും ഇഷ്ടികകളുമൊക്കെയാണ് പൊലീസുകാരെ ആക്രമിക്കാൻ ഉപയോഗിക്കുന്നത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

റബ്ബർ ബുള്ളറ്റുകളും, ബാറ്റണുകളും, ടിയര്‍ ഗ്യാസും ഉപയോഗിച്ച് പ്രതിഷേധങ്ങളെ പോലീസ് അടിച്ചമര്‍ത്തിയിരുന്നു. ബിൽ പിൻവലിക്കില്ലെന്നും നിയമനിർമാണ നടപടിയുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞവര്‍ക്ക് ശക്തമായ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ താളംതെറ്റി. പ്രതിഷേധക്കാരുടെ എണ്ണം പെരുകിയതോടെ സഭാനപടികള്‍ തടസ്സപ്പെട്ടു. റബ്ബർ ബുള്ളറ്റുകളേറ്റ് ഗുരുതരമായി പരുക്കുകള്‍ പറ്റിയവരെ സമീപത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് നടത്തുന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെയും ഉദ്യോഗസ്ഥര്‍ക്കുനേരെയും ഒരു വിഭാഗം ആക്രമണം അഴിച്ചു വിടുന്നതാണ് പോലീസിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതെന്ന വാര്‍ത്തകളും വരുന്നുണ്ട്.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഈ നിയമ ഭേദഗതി ഉപയോഗിച്ചേക്കാം എന്നതാണ് ബില്ലിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശം. കുറ്റവാളികളെന്നു സംശയിക്കുന്നവരെ ചൈനക്ക് കൈമാറുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ഹോങ്കോങിന്‍റെ പരമാധികാരം തന്നെ തകര്‍ക്കുന്നതിന് ഈ ഭേദഗതി കാരണമായെക്കാം എന്നും സമരാനുകൂലികള്‍ പറയുന്നു. എന്നാല്‍, ‘പിടികിട്ടാപ്പുള്ളികളുടെ സ്വര്‍ഗ്ഗമെന്ന’ ഖ്യാതിയില്‍നിന്നും ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്നും, നിലവിലെ നിയമത്തിലുള്ള പഴുതുകള്‍ അടച്ച് മുന്നോട്ടു പോകുവാന്‍ തന്നെയാണ് തീരുമാനമെന്നും’ കാരി ലാം പറഞ്ഞു.

Read More: “സിപിഐ മന്ത്രിമാരുടെ യോഗ്യത: അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി”; അത്ര തമാശയല്ല, കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ശരീര അവഹേളന പ്രസംഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍