UPDATES

വിദേശം

ഏഷ്യയുടെ സന്തുലിത അധികാരത്തില്‍ ഉത്തര കൊറിയ മാറ്റം വരുത്തുമ്പോള്‍; അറിയേണ്ട കാര്യങ്ങള്‍

അമേരിക്കക്കും ദക്ഷിണ കൊറിയയ്ക്കും പുറമേ ജപ്പാനും ഉത്തര കൊറിയയില്‍ നിന്നും നേരിട്ടുള്ള ഭീഷണിയുടെ നിഴലില്‍

ഉത്തരകൊറിയയുടെ ഭീഷണി കൂടുതല്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണി മുഴക്കുമ്പോഴും ജപ്പാന് മുകളിലൂടെ ഈ ചെറു രാജ്യം മിസൈല്‍ അയച്ചതാണ് ഏറ്റവും ഒടുവിലുത്തെ സംഭവ വികാസം. കഴിഞ്ഞ ജൂലൈ 28ന് ആകാശത്ത് 3,700 കിലോമീറ്റര്‍ കുതിച്ചുയര്‍ന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചതിന് ശേഷം ഏകദേശം ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്ന ആറ് ഫോണ്‍ സംഭാഷണങ്ങളാണ് ഷിന്‍സോ അബെയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്നത്. ജപ്പാന്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മില്‍ നടന്ന ഈ ആശയവിനിമയങ്ങളിലൊക്കെ തന്നെയും ജപ്പാനോടൊപ്പം അമേരിക്ക ‘നൂറ് ശതമാനവും’ ഉണ്ടാവും എന്നുള്ള ഉറപ്പ് നല്‍കാനാണ് ട്രംപ് പൂര്‍ണമായും ശ്രമിച്ചത്. ഒരു ടെലിഫോണ്‍ വിളിയില്‍ മാത്രം നൂറു ശതമാനം പിന്തുണ എന്ന പ്രയോഗം ട്രംപ് അഞ്ചു തവണ ഉപയോഗിച്ചതായി ചില ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ട്രംപുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അബെയെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാഗതാര്‍ഹമായ മാറ്റമാണ്. കാരണം, ഏഷ്യയിലെ പ്രതിരോധ ഉത്തരവാദിത്വങ്ങളുടെ ചെലവിനെ തെരഞ്ഞെടുപ്പ് വേളയില്‍ കടന്നാക്രമിച്ചിരുന്ന ട്രംപിന്റെ നിലപാടിന് കടകവിരുദ്ധമായാണ് ഇപ്പോള്‍ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പുകള്‍ക്കപ്പുറം യുദ്ധാനന്തര കാലഘട്ടത്തില്‍ ജപ്പാനും യുഎസും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് അസ്ഥിവാരമായ സുരക്ഷ സഖ്യത്തിന്റെ ശക്തിയെ കുറിച്ച് ജപ്പാനിലെ രാഷ്ട്രീയ, സൈനിക നേതാക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ യുദ്ധവിരുദ്ധ ഭരണഘടന മൂലം സൈനിക ആക്രമണങ്ങള്‍ക്ക് അവര്‍ക്ക് യുഎസിനെ ആശ്രയിക്കേണ്ടി വരുമെങ്കിലും ഈ ഭരണഘടന അബെയ്ക്ക് ഭേദഗതി ചെയ്യാവുന്നതേയുള്ളു. എന്നാല്‍, ഉത്തരകൊറിയയുടെ ആണവവേധിതമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷി കാര്യങ്ങളെ മാറ്റി മറിച്ചേക്കാം: ജപ്പാന് വേണ്ടി യുദ്ധം ചെയ്യുന്നതിന്റെ പേരില്‍ ലോസ് ആഞ്ചലസോ ന്യൂയോര്‍ക്കോ നഷ്ടപ്പെടേണ്ടി വന്നാലും അമേരിക്ക കൂടെ നില്‍ക്കുമോ എന്ന ചോദ്യമാണ് ജപ്പാനില്‍ ഉയരുന്നത്.

ദക്ഷിണ കൊറിയയെയും ജപ്പാനെയും യുഎസ് സംരക്ഷിക്കുമോ?
ഉത്തരകൊറിയയ്ക്ക് ആണവായുധങ്ങളുടെ പിന്‍ബലം ഉള്ളിടത്തോളം കാലം, നിലവിലെ ജപ്പാന്‍-അമേരിക്കന്‍ ബന്ധത്തിന് കീഴിലുള്ള സൈനിക നേതൃത്വം എത്രമേല്‍ ശക്തമായാല്‍ തന്നെയും ജപ്പാന്റെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കാന്‍ അതിന് സാധിക്കില്ല. ആണവ മിസൈല്‍ ശേഷി വികസിപ്പിക്കുന്നതിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദശാബ്ദങ്ങള്‍ പഴക്കമുള്ള നയങ്ങളെയും സംഖ്യങ്ങളെയും വാചികമായി തന്നെ ചോദ്യം ചെയ്യുന്ന, ഈ പ്രദേശത്തെ രാജ്യങ്ങളില്‍ ജപ്പാന്‍ മാത്രമല്ല ഉള്ളത്. അപ്രവചനീയ സ്വഭാവം പുലര്‍ത്തുന്ന ഉത്തര കൊറിയയുടെ 33 കാരന്‍ നേതാവ് കിം ജോങ് ഉന്‍ പതിവിന് വിരുദ്ധമായി ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗിനെ ഈ വര്‍ഷം പ്രകോപിപ്പിച്ചിരുന്നു. നേരത്തെ ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ പെരുമാറ്റങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്ന ബീജിംഗിലെ ചിലര്‍ക്കെങ്കിലും അവരെ അടക്കി നിര്‍ത്തേണ്ടതുണ്ട് എന്ന ചിന്താഗതി ഉളവാക്കാന്‍ ഈ സംഭവം കാരണമായി. സോളിലാകട്ടെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്നുള്ള പ്രകടമായ വ്യതിയാനമായിട്ടുപോലും യുഎസിന്റെ മിസൈല്‍വേധ വിക്ഷേപണികള്‍ സ്ഥാപിക്കാന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ അനുമതി നല്‍കി. അദ്ദേഹത്തിന്റെ ഭരണകൂടവും ട്രംപും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും എന്ന ആശങ്ക നിലനില്‍ക്കവേയായിരുന്നു ഈ നടപടി. പുതിയ ഭീഷണി നേരിടുന്നതിന് അടിയന്തരവും ചിലവേറിയതുമായ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നാണ് ടോക്കിയോയിലെ സൈനിക ആസൂത്രകര്‍ ആവശ്യപ്പെടുന്നത്.

"</p

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലോ അതിന് മുമ്പോ തന്നെ പോംഗ്യാങിന് ആണവ ആയുധങ്ങള്‍ വിന്യസിക്കാന്‍ സാധിക്കും എന്നാണ് ജപ്പാനിലെ ചില പ്രതിരോധ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഈ സെപ്തംബര്‍ 11ന് ഐക്യരാഷ്ട്ര സുരക്ഷ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം കൊണ്ടും മുന്നോട്ട് പോകാന്‍ സാധിക്കുന്ന ഒരു സമയ പരിധിയല്ല ഇത്. ഉത്തര കൊറിയ ആണവ മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെങ്കില്‍ ശീതയുദ്ധത്തിന് ശേഷം ഏഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ആയുധ സമാഹരണത്തിന് അത് കാരണമാകും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ യുഎസിന്റെ കൂടുതല്‍ മിസൈല്‍ വേധ പ്രക്ഷേപണികള്‍ വിന്യസിക്കാനുള്ള മൂണിന്റെ തിരുമാനത്തെ ചൈന ഉറക്കെ വിമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല ജപ്പാന്‍ സൈനിക ശേഷിയിലുണ്ടാവുന്ന ഏത് വര്‍ദ്ധനയെയും തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായി മാത്രമേ ബീജിംഗ് കാണുകയുമുള്ളു.

‘ഉത്തര കൊറിയയുടെ ഭീഷണിക്കുള്ള പ്രതികരണമായി ആണവായുധങ്ങള്‍ സംഭരിക്കാനുള്ള ആവശ്യം ദക്ഷിണ കൊറിയയില്‍ ഉയരുന്നുണ്ട്. സ്വന്തം രാജ്യത്ത് പ്രതിരോധ മിസൈലുകള്‍ വിന്യസിക്കുന്നതിനെ കുറിച്ച് ജപ്പാനും ആലോചിക്കുന്നു,’ എന്നാണ് നിക്കി ഏഷ്യയില്‍ എഴുതിയ ലേഖനത്തില്‍ ഉത്തര കൊറിയന്‍ വിദഗ്ധനും ടോക്കിയോ അന്താരാഷ്ട്ര സര്‍വകലാശാലയിലെ പ്രൊഫസറുമായ മാസാവോ ഓകോനോഗി ചൂണ്ടിക്കാണിക്കുന്നത്. ‘അവര്‍ എങ്ങനെ ചെയ്യുന്നു എന്നതല്ല, മറിച്ച് അവരുടെ സൈനിക ശേഷിയുടെ ഏത് വര്‍ദ്ധനയും പ്രദേശത്തിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടും. പ്രത്യേകിച്ചും ചൈനയും റഷ്യയും തമ്മിലുള്ള സംഘര്‍ഷത്തിന്’.

വരുന്ന വര്‍ഷങ്ങളില്‍ ‘പ്രദേശം കൂടുതല്‍ സുസ്ഥിരമാകാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല’ എന്നാണ് ജപ്പാന്‍ അന്താരാഷ്ട്ര ബന്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെട്‌സുവോ കോടാനി പറയുന്നത്. ‘കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.’

എത്ര മിസൈലുകള്‍ വേണ്ടിവരും?
ഇതൊരു ഉദ്വേഗജനകമായ വേനലാണ്. ‘ലോകം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ശേഷിയോടെയും ക്രോധത്തോടെയും’ ആവും അമേരിക്ക പ്രതികരിക്കുക എന്ന് ട്രംപ് ഓഗസ്റ്റ് എട്ടാം തീയതി പറഞ്ഞതും പകരം യുഎസിന്റെ ഒരു സൈനിക ആസ്ഥാനമായ ഗുവാമിനെ ഇല്ലാതാക്കും എന്ന ഉത്തര കൊറിയയുടെ മറുപടിയും ഇരു നേതാക്കളും യുദ്ധ മുഖത്തേക്ക് നീങ്ങുകയാണ് എന്ന ആശങ്കയാണ് ലോകത്തിന് സമ്മാനിച്ചത്. എന്നാല്‍ ഉത്തര കൊറിയയുടെ വക്രഗതിയും ഭീഷണിപ്പെടുത്തുന്നതുമായ സ്വഭാവം വര്‍ഷങ്ങളായി ശീലിച്ച ദക്ഷിണ കൊറിയയിലെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചു. ഉപദ്വീപിലെ സമാധാനം തകര്‍ക്കുന്നതിനുള്ള ഭീഷണിയാണ് ഉത്തര കൊറിയ ഏറ്റവും അവസാനം നടത്തിയ ആണവ പരീക്ഷണങ്ങളെന്ന് കഴിഞ്ഞയാഴ്ച നടന്ന അഭിപ്രായ സര്‍വെയില്‍ ദക്ഷിണ കൊറിയയിലെ 76 ശതമാനം പേരും പറഞ്ഞു. ഓഗസ്റ്റ് 29ന് രാവിലെ ആറു മണിക്ക് ഹൊക്കൈഡു ദ്വീപിന് മുകളിലൂടെ പറന്ന് മിസൈല്‍ പെസഫിക് മഹാസമുദ്രത്തില്‍ പതിച്ചതോടെ ജപ്പാനിലും ഭീതി ഉടലെടുത്തു. ദേശീയ അടിയന്തിര സംവിധാനമായ ജെ-മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിന് ഈ വിക്ഷേപണം കാരണമായി. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ജനങ്ങള്‍ക്ക് ‘മിസൈല്‍ കടന്നുപോകുന്നു’ എന്ന സര്‍ക്കാര്‍ സന്ദേശം ലഭിക്കുകയും ചെയ്തു.

ആണവ മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനെതിരെ ഉത്തര കൊറിയ ഏകപക്ഷീയ ആക്രമണം നടത്തും എന്ന് വിശ്വസിക്കുന്നവര്‍ ടോക്കിയോയുടെ സൈനിക വൃത്തങ്ങളില്‍ ന്യൂനപക്ഷമാണ്. എന്നാല്‍ കൊറിയന്‍ ഉപദ്വീപില്‍ മൂര്‍ച്ഛിക്കുന്ന സംഘര്‍ഷങ്ങള്‍ ഉത്തര കൊറിയയില്‍ നിന്നുള്ള ഒരു ആണവ ആക്രമണത്തിലേക്ക് നീങ്ങും എന്നുള്ള ആശങ്ക വ്യാപകമാണ്. ജപ്പാനോട് ആലോചിക്കാതെ ട്രംപ് ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നേക്കും എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുഎസ് പ്രസിഡന്റുമായി സാധ്യമായ സമയങ്ങളിലൊക്കെ സംസാരിക്കാന്‍ അബെ താല്‍പര്യപ്പെടുന്നതിന്റെ ഒരു കാരണവും ഈ ആശങ്കയാണ്.

"</p

മാത്രമല്ല, ആണവ ഭീഷണികളെ അകറ്റുന്നതിന് ജപ്പാന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പ്രാപ്തമല്ല എന്ന ഒരു തോന്നല്‍ രാജ്യത്തിന്റെ നേതൃത്വത്തില്‍ ഉടലെടുക്കാനും ഇത്തരം ആശങ്കകള്‍ വഴിവെച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവെച്ചിടാന്‍ പാകത്തിലുള്ള കപ്പല്‍ അധിഷ്ടിത ഏജിസ് സംവിധാനത്തിലും കര-വ്യോമ പേട്രിയോട്ട് മൂന്ന് അല്ലെങ്കില്‍ പിഎസി-3ലും അധിഷ്ടിതമായ രാജ്യത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി ഉയര്‍ത്തണം എന്നാണ് ഈ വാദം ഉന്നയിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇതുകൊണ്ട് മാത്രം കാര്യമില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ജപ്പാന് നാല് ഏജിസ് കപ്പലുകളാണ് ഉള്ളതെന്നും അവയില്‍ മൂന്നും അടിസ്ഥാന സംരക്ഷണത്തിനായി മുഴുവന്‍ സമയവും ജപ്പാന്‍ ഉള്‍ക്കടലില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടി വരുമെന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ കപ്പലുകള്‍ക്ക് പരിമിതമായ അളവില്‍ മാത്രമേ സംരക്ഷണ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂവെന്നും അതിനാല്‍ ഉത്തര കൊറിയയില്‍ നിന്നും ഉണ്ടായേക്കാവുന്ന ഒരു മിസൈല്‍ ആക്രമണത്തെ നേരിടാനുള്ള ശേഷി അവയ്ക്ക് ഉണ്ടാവില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഏജീസ് കപ്പലുകളിലെ പ്രതിരോധ വിമാനങ്ങള്‍ തീര്‍ന്നുപോവുകയും കൂടുതല്‍ വിമാനങ്ങള്‍ ശേഖരിക്കുന്നതിനായി തുറമുഖങ്ങളിലേക്ക് മടങ്ങിവരികയും ചെയ്യേണ്ട അവസ്ഥ അവയ്ക്ക് ഉണ്ടാവും,’ എന്നാണ് ജപ്പാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു മുന്‍ ഉ്‌ദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

രാജ്യത്തിലേക്കുണ്ടാവുന്ന ഏതെങ്കിലും ഒരു മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഏജിസ് കപ്പലുകളിലെ വിമാനങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍, അവയെ വെടിവെച്ചിടേണ്ട ചുമതല പിഎസി-3ല്‍ നിക്ഷിപ്തമാവും. പക്ഷെ അവയെല്ലാം നഗര മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ് എന്ന് മാത്രമല്ല പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ മാത്രമേ അവയ്ക്ക് സംരക്ഷിക്കാനും സാധിക്കൂ. രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും അസംരക്ഷിതമേഖലകളായിരിക്കും എന്ന് സാരം.

ജപ്പാന്‍ എന്താണ് ചെയ്യുന്നത്?
ഈ ദൗര്‍ബല്യത്തെ അതിജീവിക്കുന്നതിനായി കൂടുതല്‍ വ്യാപക പ്രദേശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും തീരപ്രദേശാധിഷ്ടിതമായ ഏജിസ് പ്രതിരോധ സംവിധാനത്തെ ഉപയാഗപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഈ സംവിധാനം ജപ്പാനെ മുഴുവന്‍ സംരക്ഷിച്ച് നിറുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും അത് വിന്യസിക്കപ്പെടാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ചിലവാണ് മറ്റൊരു പ്രശ്‌നം. ഇത്തരത്തിലുള്ള ഒരു സംവിധാനം വിന്യസിക്കുന്നതിനു മാത്രം 18.5 ദശലക്ഷണം ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ കണക്കുകള്‍ ജപ്പാന്‍ സര്‍ക്കാരിലെ ചിലരെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി ഇതില്‍ കൂടുതല്‍ ചിലവാക്കാനും രാജ്യം തയ്യാറാവണം എന്നാണ് മുന്‍ പ്രതിരോധമന്ത്രി സതോഷി മോരിമോട്ടോ ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നത്.

‘തീരപ്രദേശ ഏജീസ് സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാവുന്നതാണ്. എന്നാല്‍ അതുകൂടാതെ മിസൈലുകള്‍ ഉയരുമ്പോള്‍ തന്നെ അവയെ നശിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ലേസര്‍ ആയുധങ്ങള്‍ കൂടി കപ്പലുകളില്‍ വിന്യസിക്കേണ്ടി വരും,’ എന്ന് മോരിമോട്ടോ പറയുന്നു.

എന്നാല്‍ കൂടുതല്‍ ആക്രമണോത്സുകമായ മറ്റൊരു ആശയവും ജപ്പാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്: ഉത്തര കൊറിയന്‍ മിസൈല്‍ സംവിധാനങ്ങളെ നേരിട്ട് ആക്രമിക്കാനുള്ള ശേഷി വ്യോമ സ്വയം പ്രതിരോധ സേനയ്ക്ക് നല്‍കുക. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം വഴിയിലേക്ക് മിസൈലുകള്‍ വരുന്നതുവരെ കാത്തിരിക്കുന്നതിന് പകരം ഉത്തര കൊറിയന്‍ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ ജപ്പാനെ പ്രാപ്തമാക്കുക. ഇത്തരത്തിലുള്ള ഒരു നീക്കം ജപ്പാന്റെ പ്രതിരോധ സംവിധാനത്തെ നാടകീയമായി മാറ്റിമറിക്കും.

ജപ്പാനിലെ യുദ്ധാനന്തര ഭരണഘടനയുടെ ഒമ്പതാം വകുപ്പിനെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ നിലയില്‍ ഉറച്ചുനില്‍ക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സ്വയം പ്രതിരോധത്തിന് മറ്റ് ഒരു മാര്‍ഗ്ഗവുമില്ലാതെ വരുന്ന ഘട്ടങ്ങളില്‍ ശത്രുക്കളെ ആക്രമിക്കാനുള്ള അധികാരം ഭരണഘടന നല്‍കുന്നുണ്ട് എന്നാണ് 1956 മുതലുള്ള രാജ്യത്തിന്റെ നിലപാട്. പ്രതിരോധ ലക്ഷ്യങ്ങളോടെയുള്ള ആക്രമണങ്ങള്‍ക്കായി യുഎസ് സൈന്യത്തെയാണ് ജപ്പാന്‍ ആശ്രയിക്കുന്നത്.

ദക്ഷിണ കൊറിയ എന്താണ് ചെയ്യുന്നത്?
സ്വന്തമായി ഒരു ആണവ ആയുധശാല ഉണ്ടാക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം ദക്ഷിണ കൊറിയയില്‍ മൂണ്‍ തള്ളക്കളയുകയാണെങ്കിലും പ്രതിരോധ ചിലവുകള്‍ അദ്ദേഹം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ചിലവഴിച്ച 35 ബില്യണ്‍ ഡോളറിന് പകരം അടുത്ത വര്‍ഷം പ്രതിരോധ ചിലവ് 38 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല, അതിര്‍ത്തിക്കപ്പുറത്തേക്കും റെയ്ഡുകള്‍ നടത്താന്‍ ശേഷിയുള്ള ഒരു പുതിയ ‘ആക്രമണോത്സുക സേന’ രൂപീകരിക്കാനുള്ള പദ്ധതിയെ കുറിച്ച് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി സോംഗ് യോംഗ്-മൂ പരസ്യമായി സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്തെ ആയുധ സംഭരണത്തിന്റെ പൂര്‍ണമായ ചിത്രമല്ല ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സൈനിക വ്യാപനം പ്രതിഫലിപ്പിക്കുന്നതെന്നാണ് കോട്ടാനി പറയുന്നത്. ‘ഉത്തര കൊറിയയ്ക്കും ചൈനയ്ക്കും എതിരെ പ്രതികരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇരു രാജ്യങ്ങളിലും (ജപ്പാനിലും ദക്ഷിണ കൊറിയയിലും) സംഭവിക്കുന്ന്’ സൈനിക സംഭരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ‘അളവിലും വ്യാപ്തിയിലുമാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്,’ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ‘ഒരു പക്ഷെ ഞങ്ങളുടെ സന്നാഹ വര്‍ദ്ധനയെ അവരുടെ സന്നാങ്ങള്‍ കൂടുതല്‍ കൂട്ടുന്നതിനുള്ള ഒരു കാരണമായി അവര്‍ ഉപയോഗിച്ചേക്കാം.’

ചൈനയുടെ പങ്ക്
സെപ്തംബര്‍ മൂന്നിന് തന്റെ രണ്ട് ലക്ഷ്യങ്ങളാണ് കിം ജോങ് ഉന്‍ നേടിയെടുത്തത്: ഹൈട്രജന്‍ ബോംബ് വിജയകരമായി പരീക്ഷിക്കുന്നതിന് സാക്ഷിയാവാനും ആ പ്രക്രിയയിലൂടെ സി ജിന്‍ പിംഗിനെ അമ്പരപ്പിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലൂടെ ലോക നേതാവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ച സി ജിന്‍പിംഗിനെ ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് ഉന്‍ മലര്‍ത്തിയടിച്ചത്. ഒരു ട്രില്യണ്‍ ഡോളര്‍ ചിലവ് വരുന്ന ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് മുന്‍കൈയുടെ ആഘോഷത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ കഴിഞ്ഞ മേയില്‍ ജിന്‍പിംഗ് പങ്കെടുത്തപ്പോഴും ഉത്തര കൊറിയയുടെ മിസൈല്‍ വിന്യാസം അതിനെ നിഴലില്‍ നിറുത്തിയിരുന്നു.

ഉത്തര കൊറിയയുടെ സാമ്പത്തിക ജീവവായുവും പങ്കാളിയുമായ ചൈനയില്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം അവസാനം സംഭവിച്ചത് അക്ഷന്തവ്യമാണ്. ‘ക്ഷമയുടെ നെല്ലിപ്പലകയില്‍ എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഉത്തര കൊറിയയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നമ്മള്‍ തയ്യാറാവേണ്ടിയിരിക്കുന്നു,’ ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തിലെ ഗവേഷകന്‍ പറയുന്നു.

എന്നാല്‍ സാമ്പത്തികരംഗത്തെ തകിടംമറിക്കുന്ന ഇന്ധന നിഷേധം പോലുള്ള കടുത്ത ഉപരോധങ്ങള്‍ ഉത്തര കൊറിയയ്‌ക്കെതിരെ പ്രയോഗിക്കുന്നതിനെ ഈ ഗവേഷകന്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഏറ്റവും അവസാനം നടന്ന ആണവ പരീക്ഷണം അദ്ദേഹത്തിന്റെ മനസുമാറ്റി. അമേരിക്കയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന ഒരായുധമായി ഉത്തര കൊറിയയെ കണ്ടിരുന്ന ബീജിംഗ് ഭരണകൂടത്തിലെ പലരും ഇപ്പോള്‍ ഇത്തരം നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഉത്തര കൊറിയയ്ക്കുള്ള ഇന്ധന വിതരണം പൂര്‍ണമായും നിറുത്തലാക്കണം എന്ന യുഎസ് ആവശ്യത്തില്‍ നിന്നും വളരെ താഴ്ന്ന നിലയില്‍ അവര്‍ക്കുള്ള ക്രൂഡ് ഓയിലിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും മുപ്പത് ശതമാനം നിറുവെക്കാനാണ് കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര രക്ഷസമിതി പാസാക്കിയ ഉപരോധം തീരുമാനിച്ചത്. പൂര്‍ണമായ നിരോധനം എന്ന ആശയത്തെ ചൈനയും റഷ്യയും എതിര്‍ത്തെങ്കിലും ചില തരത്തിലുള്ള പിഴകള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും തര്‍ക്കമില്ല എന്നാണ് സമിതി പെട്ടന്നുതന്നെ പ്രമേയം പാസാക്കിയതില്‍ നിന്നും വ്യക്തമാകുന്നത്.

ഉത്തര കൊറിയന്‍ സര്‍ക്കാരിനെ തകര്‍ക്കുന്ന തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുന്നതിനോട് ചൈനയ്ക്ക് വിയോജിപ്പുണ്ട്. സാമ്പത്തികരംഗം പൂര്‍ണമായും തകരുകയും അത് ചൈനയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാവുകയും ചെയ്യും എന്നതാണ് പൂര്‍ണമായ ഇന്ധന ഉപരോധം ഏര്‍പ്പെടുത്തുന്നതിലുള്ള ഒരാശങ്ക. ചൈനയിലേക്ക് മിസൈലുകള്‍ തിരിച്ചുവിടാന്‍ ഉത്തര കൊറിയ തയ്യാറാവാനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും ചൈനയ്ക്ക് പോലും കിമ്മിന്റെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കുന്നില്ല.

മാത്രമല്ല യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ തുറുപ്പ് ചീട്ട് നഷ്ടപ്പെടും എന്നതും പൂര്‍ണ ഇന്ധന ഉപരോധം ഏര്‍പ്പെടുത്തന്നതില്‍ നിന്നും ചൈനയെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും അമേരിക്കയെ പിന്നോക്കം വലിക്കാനുള്ള അവസാന ഉപാധിയായും അവര്‍ പൂര്‍ണ ഇന്ധന ഉപരോധത്തെ കാണുന്നു.

എന്നിരുന്നാല്‍ തന്നെയും, പാശ്ചാത്യ രാജ്യങ്ങളിലുള്ള പലരും സങ്കല്‍പ്പിച്ചിരുന്ന അത്ര ബന്ധമല്ല ചൈനയ്ക്ക് ഉത്തര കൊറിയയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ തീരെ ബന്ധമുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നത് ഒരു അബദ്ധവുമാണ്. ‘ചൈനയ്ക്ക് സാമ്പത്തിക സ്വാധീനം ഉണ്ട്. അവര്‍ അത് ഉപയോഗിക്കുകയാണെങ്കില്‍ ഉത്തര കൊറിയയെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും,’ എന്ന് കോട്ടാനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍