UPDATES

വിദേശം

ഇറാഖില്‍ നിന്നും ഖത്തര്‍ രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍ നല്‍കിയത് കോടിക്കണക്കിനു മോചനദ്രവ്യം; ‘പിടിച്ചുപറി’യുടെ രഹസ്യരേഖകള്‍ പുറത്ത്

പക്ഷേ ഏതാണ്ട് 275 ദശലക്ഷം ഡോളറെങ്കിലും (1787 കോടി രൂപ) നല്‍കി, തെക്കന്‍ ഇറാഖില്‍ ഒരു വിനോദ വേട്ടക്കിടയില്‍ തട്ടിക്കൊണ്ടുപോയ, രാജകുടുംബത്തിലെ 9 പേരെയും മറ്റ് 16 ഖത്തര്‍ പൌരന്മാരെയും മോചിപ്പിക്കാന്‍ ഒടുവിലവര്‍ തയ്യാറായി എന്നു വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച രഹസ്യ രേഖകള്‍ പറയുന്നു

കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം രാവിലെ, 16 മാസം നീണ്ട കഠിനമായ ബന്ദി മോചന സംഭാഷണങ്ങള്‍ക്കൊടുവില്‍, തന്റെ രാജ്യത്തിനെതിരെ നഗ്നമായ കൊള്ള ആസൂത്രണം ചെയ്തതിനെക്കുറിച്ച് ഒരു ഉന്നത ഖത്തറി ഉദ്യോഗസ്ഥന്‍ തന്റെ മേധാവിക്ക് പരാതി ഫോണ്‍ സന്ദേശമായി അയച്ചു.

ഇറാഖില്‍ ബന്ദികളാക്കപ്പെട്ട തങ്ങളുടെ 25 പൌരന്മാരെ വിട്ടുകിട്ടാനാണ് ഖത്തര്‍ രഹസ്യ സംഭാഷണങ്ങള്‍ നടത്തിയത്. എന്നാലൊടുവില്‍ ഏതാണ്ട് അരഡസന്‍ സായുധ സംഘങ്ങളും വിദേശ സര്‍ക്കാരുകളും ധനികരായ ഈ പേര്‍ഷ്യന്‍ രാജ്യത്തില്‍ നിന്നും കിട്ടാവുന്നത്ര ഊറ്റിയെടുക്കുന്നതിനുള്ള ഒരു പിടിച്ചുപറിയാക്കി ഇത് മാറ്റിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

“സിറിയക്കാര്‍, ഹിസ്ബൊള്ള-ലെബനന്‍, കത’ഇബ് ഹിസ്ബൊള്ള, ഇറാഖ്- എല്ലാവര്‍ക്കും പണം വേണം, ഇതവരുടെ അവസരമായിരുന്നു,” ഇറാഖിലെ ഖത്തര്‍ നയതന്ത്ര പ്രതിനിധിയും ബന്ദി മോചന ചര്‍ച്ചയിലെ പ്രധാന മധ്യസ്ഥനുമായിരുന്ന സയ്യദ് ബിന്‍ സയീദ് അല്‍-ഖയാറീന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. “അവര്‍ സകലരും കള്ളന്മാരാണ്.”

എന്നിട്ടും ഖത്തറികള്‍ പണം നല്കാന്‍ തയ്യാറായി. നല്കുകയും ചെയ്തു എന്നു രഹസ്യ രേഖകള്‍ സ്ഥിരീകരിക്കുന്നു.

ഏപ്രിലിലെ സന്ദേശത്തിലും ഒന്നരക്കൊല്ലം നീണ്ട മറ്റനേകം സ്വകാര്യ സന്ദേശങ്ങളിലും ഖത്തറി ഉദ്യോഗസ്ഥര്‍ അമര്‍ഷം കൊണ്ട് മുറുമുറുക്കുന്നുണ്ട്. പക്ഷേ ഏതാണ്ട് 275 ദശലക്ഷം ഡോളറെങ്കിലും (1787 കോടി രൂപ) നല്‍കി, തെക്കന്‍ ഇറാഖില്‍ ഒരു വിനോദ വേട്ടക്കിടയില്‍ തട്ടിക്കൊണ്ടുപോയ, രാജകുടുംബത്തിലെ 9 പേരെയും മറ്റ് 16 ഖത്തര്‍ പൌരന്മാരെയും മോചിപ്പിക്കാന്‍ ഒടുവിലവര്‍ തയ്യാറായി എന്നു വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച രഹസ്യ രേഖകള്‍ പറയുന്നു.

സിറിയന്‍ പോരാളികള്‍ക്ക് നല്കാനും ഒഴിപ്പിക്കല്‍ നടപ്പാക്കാനും എന്നു കരുതുന്ന ഏതാണ്ട് 360 ദശലക്ഷം ഖത്തര്‍ പണം (2340 കോടി രൂപ), ബന്ദി മോചനം നടക്കവേ, ഇറാഖി അധികൃതര്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ പിടികൂടിയത് ന്യൂ യോര്‍ക് ടൈംസില്‍ വന്നു ഒരു മാസത്തിനുള്ളിലാണ് പുതിയ വിവരങ്ങള്‍.

അന്താരാഷ്ട്ര ഭീകരരെന്നു യു എസ് കരുതുന്ന ഇടലിനക്കാരായി വര്‍ത്തിച്ച വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പണമായി നല്കാന്‍ 150 ദശലക്ഷം ഡോളര്‍ അനുവദിച്ചിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് സേന, കത’ഇബ് ഹിസ്ബൊള്ള, ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സേനക്കെതിരെ മാരകമായ പല ആക്രമണങ്ങളും നടത്തിയ സംഘടന എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഇറാന്‍, ഇറാഖ്, തുര്‍ക്കി സര്‍ക്കാരുകളും ലെബനനിലെ ഹിസ്ബൊള്ളയും, അല്‍-ക്വെയ്ദയുമായി ബന്ധമുള്ള സുന്നി വിമത വിഭാഗമായ ഭീകരസംഘം അല്‍-നസ്രാ ഫ്രണ്ട് അടക്കമുള്ള കുറഞ്ഞത് രണ്ടു സിറിയന്‍ സായുധ സംഘങ്ങളും ഉള്‍പ്പെട്ട ഒരു വലിയ ഇടപാടിന്റെ ഭാഗമായിരുന്നു ഈ പണം നല്‍കല്‍. മോചനദ്രവ്യം ഏതാണ്ട് ഒരു ബില്ല്യണ്‍ ഡോളര്‍ വരെയെത്തിയിരുന്നു, എങ്കിലും കൃത്യമായി എത്രയാണ് കൈമറിഞ്ഞതെന്ന് വ്യക്തമല്ല.

എന്നാല്‍ പല രാജ്യങ്ങളോടും ബന്ദി മോചനത്തിനായി സഹായം ആവശ്യപ്പെട്ടിരുന്ന ഖത്തര്‍, ഭീകര സംഘങ്ങള്‍ക്ക് ഇതിനായി പണം നല്‍കിയെന്നത് നിഷേധിച്ചു. ന്യൂ യോര്‍ക് ടൈംസില്‍ ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്ത യു എസിലെ ഖത്തര്‍ പ്രതിനിധി “ഖത്തര്‍ മോചനദ്രവ്യം നല്‍കിയിട്ടില്ല” എന്നു പറഞ്ഞു നിഷേധിച്ചു.

“ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ പിന്തുണയ്ക്കുമെന്ന ധാരണ തെറ്റാണ്,” നയതന്ത്ര പ്രതിനിധി ഷെയ്ഖ് മേശാല്‍ ബിന്‍ ഹമദ് അല്‍-തനി പറഞ്ഞു എന്നു ന്യൂ യോര്‍ക് ടൈംസ് എഴുതി. പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തര്‍ പണം നല്കിയ കാര്യം കത്തില്‍ നിഷേധിക്കുന്നില്ല. പക്ഷേ സ്വീകര്‍ത്താക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് സൂചിപ്പിക്കുന്നു. അവ്യക്തമായി, “ബന്ദികളുടെ സുരക്ഷിത മോചനത്തിനായും ഉഭയക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും” ഇറാഖുമായി ചില നീക്കങ്ങള്‍ ഖത്തര്‍ നടത്തി എന്നു പറയുന്നുണ്ട്.

പക്ഷേ വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച സംഭാഷണങ്ങളും സന്ദേശങ്ങളും കൂടുതല്‍ സങ്കീര്‍ണമായ ചിത്രമാണ് നല്‍കുന്നത്. ഇറാന്‍, ഇറാഖ് ഉദ്യോഗസ്ഥര്‍ക്കായി 5 മുതല്‍ 50 ദശലക്ഷം വരെ ഡോളര്‍ ഇടനിലപ്പണമായി മുതിര്‍ന്ന ഖത്തര്‍ അധികൃതര്‍ നല്‍കുന്നതായി അത് കാണിക്കുന്നു. 25 ദശലക്ഷം ഡോളര്‍ കത്’ഇബ് ഹിസ്ബൊള്ള തലവനും 50 ദശലക്ഷം “കാസിം” എന്നു സൂചിപ്പിക്കുന്ന, ബന്ദി ഇടപാടില്‍ സജീവ പങ്കുവഹിച്ച ഇറാന്റെ റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ് മേധാവി കാസിം സൊലെയ്മാനിക്കുമാണ്. “ഞങ്ങളുടെ ആളുകളെ ഞങ്ങള്‍ കൊണ്ടുപോയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം കിട്ടും” ഏപ്രില്‍ 2017-നു ഒരു സന്ദേശത്തില്‍ കത്’ഇബ് ഹിസ്ബൊള്ളയുടെ ഒരു ഉന്നത നേതാവിനെ ഖയാറീന്‍ അറിയിച്ചു.

ഈ സന്ദേശങ്ങള്‍ ഒരു വിദേശ സര്‍ക്കാര്‍ രഹസ്യമായി രേഖപ്പെടുത്തി വാഷിംഗ്ടണ്‍ പോസ്റ്റിന് കൈമാറിയതാണ്. അറബിയിലുള്ള സെല്‍ഫോണ്‍ സംഭാഷണങ്ങള്‍, വോയിസ് മെയില്‍ സംസാരങ്ങള്‍, എന്നിവയും ഇതിലുണ്ട്. വിദേശ സര്‍ക്കാരിന്റെ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇത് നല്കിയിട്ടുള്ളത്.

ഈ സന്ദേശങ്ങളില്‍ പറഞ്ഞ കൃത്യമായ കാര്യങ്ങളോട് പ്രതികരിക്കാന്‍ ഖത്തര്‍ അധികൃതര്‍ വിസമ്മതിച്ചു. പക്ഷേ ഈ വിഷയങ്ങളെപ്പറ്റി അറിയുന്ന ഒരു വിദഗ്ധന്‍ പറഞ്ഞത്, ഇതില്‍ പറയുന്ന പണം മധ്യസ്ഥര്‍ വെച്ച നിര്‍ദേശങ്ങളാണ്, എന്നാല്‍ അന്തിമമായി അവ തള്ളിയെന്നുമാണ്. ചില സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. ബന്ധികളെ മോചിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദിലേക്ക് ദശലക്ഷക്കണക്കിന് ഖത്തര്‍ പണം എത്തി എന്ന വിവരം അയാള്‍ നിഷേധിച്ചില്ല.

ബന്ദികളാക്കപ്പെട്ട തങ്ങളുടെ പൌരന്മാരെ മോചിപ്പിക്കാന്‍ പല സര്‍ക്കാരുകളും, പടിഞ്ഞാറന്‍ സര്‍ക്കാരുകളടക്കം, അറിയപ്പെട്ട ഭീകരസംഘടനകള്‍ക്ക് പണം കൊടുത്തിട്ടുണ്ട്. 2010-ലും 2014-ലും ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ അല്‍-ക്വെയ്ദ അനുബന്ധ ഭീകരസംഘടനകള്‍ തട്ടിക്കൊണ്ടുപോയ ഫ്രഞ്ച്, സ്പാനിഷ് പൌരന്മാരെ മോചിപ്പിക്കാന്‍ ഫ്രാന്‍സും സ്പെയിനും മോചനദ്രവ്യം നല്‍കി. പക്ഷേ ഖത്തര്‍, തീവ്രവാദികളുമായി ഇടപാട് നടത്തിയത് അവരും ഇറാനും മുസ്ലീം ബ്രദര്‍ ഹുഡുമായും രാഷ്ട്രീയ ഇസ്ലാമിന്റെ പേരിലുള്ള മറ്റ് സംഘടനകളുമായുള്ള ഖത്തറിന്റെ അടുപ്പത്തെയാണ് കാണിക്കുന്നതെന്ന വിമര്‍ശനത്തോടൊപ്പം ആ രാജ്യത്തിന്റെ അറബ് അയല്‍ക്കാരുമായുള്ള തര്‍ക്കത്തെ ഒന്നുകൂടി രൂക്ഷമാക്കും. ബന്ദികളെ മോചിപ്പിച്ച് ആഴ്ച്ചകള്‍ക്ക് ശേഷം സൌദി അറേബ്യയും യു എ ഇയും മറ്റ് മൂന്നു അറബ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചിരുന്നു. ഇത് വലിയ നയതന്ത്ര പ്രതിസന്ധിക്ക് ഇടയാക്കുകയും ഖത്തറിനെ അക്ഷരാര്‍ത്ഥത്തില്‍ വ്യോമ, നാവിക ഉപരോധത്തിലാക്കുകയും ചെയ്തു.

തര്‍ക്കത്തില്‍ ട്രംപ് സര്‍ക്കാര്‍ ചിലപ്പോഴൊക്കെ പക്ഷം പിടിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച ട്രംപ് ഖത്തര്‍ “ഉയര്‍ന്ന തലത്തില്‍ ഭീകരവാദത്തിന് ധനസഹായം നല്കുന്നു” എന്നു ആരോപിച്ചു. പക്ഷേ ഈ മാസം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹമ്മദ് അല്‍-തനിയെ, ഭീകരവാദത്തിനുള്ള ധനസഹായത്തിനെതിരെ പോരാടുന്നയാള്‍ എന്ന പ്രശംസയില്‍ പൊതിഞ്ഞു ട്രംപ്.

ഇതാ, 335 ബില്ല്യണ്‍ ഡോളറിന്റെ ആഗോള സാമ്രാജ്യമുള്ള ഒരു കുഞ്ഞ് ഗള്‍ഫ് രാജ്യം

ഒരു പുരാതന നേരമ്പോക്ക്

അതാരംഭിച്ചത് ഒരു വിനോദ വേട്ടയില്‍ നിന്നാണ്. അതിനു തെരഞ്ഞെടുത്ത സ്ഥലവും സമയവും കൊണ്ട് ആദ്യമേ പിഴച്ചിരുന്നു.
2015 അവസാനം ഇറാഖ് അസാധാരണമായ വിധത്തില്‍ അപകടം പിടിച്ച ഒരു സ്ഥലമായിരുന്നു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമായിരുന്നു. മറ്റിടങ്ങളില്‍ കുര്‍ദ്, ഷിയാ സായുധ സംഘങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും റോന്തു ചുറ്റി. ഇറാഖി നേതാക്കള്‍ ഇസ്ളാമിക തീവ്രവാദികള്‍ക്കെതിരെ അവസാനവട്ട യുദ്ധത്തിന് ആളെക്കൂട്ടുന്ന തിരക്കിലും. എന്നിട്ടും നവംബര്‍ 2015-ല്‍ ഒരു വലിയ സംഘം ഖത്തറുകാര്‍ ധനിക അറബികളുടെ ഒരു പുരാതന വിനോദ വേട്ടയ്ക്കായി ഇറാഖിലെ മുള്‍ത്താന പ്രവിശ്യയിലെത്തി; പരിശീലനം നല്കിയ പരുന്തുകളെ ഉപയോഗിച്ച് മരുഭൂമിയിലെ Houbara bustard എന്ന പക്ഷിയെ വേട്ടയാടുന്ന വിനോദം.

2015 ഡിസംബര്‍ 15-ല്‍ അവരുടെ വിനോദയാത്ര അവസാനിക്കാറായിരുന്നു. അപ്പോഴാണ് സായുധരായ സംഘം ട്രാക്കുകളില്‍ അവരുടെ താവളത്തിലെത്തിയത്. വേട്ടയാടല്‍ സംഘത്തിലെ 28 പേരെ-25 ഖത്തറുകാര്‍, 2 സൌദിക്കാര്‍, ഒരു പാകിസ്ഥാന്‍കാരന്‍- ബന്ദികളാക്കി. 16 മാസം നീണ്ട രാഷ്ട്രീയമായി പ്രാധാന്യമുള്ള കുഴഞ്ഞുമറിഞ്ഞ നാടകത്തിനു തുടക്കമായി.

ഗള്‍ഫ് രാജാക്കന്മാരുടെ വേട്ടപ്പരുന്തുകള്‍

ആരാണ് തട്ടുക്കൊണ്ടുപോകലിന് പിന്നിലെന്ന് ആദ്യം അവ്യക്തമായിരുന്നു. പക്ഷേ ഖത്തര്‍ സംഘത്തെക്കുറിച്ചുള്ള വിവരം ഇറാഖികള്‍ ചോര്‍ത്തിയെന്ന് ഖത്തര്‍ ആദ്യം മുതലേ സംശയിച്ചു. അനുമതിക്കുള്ള അപേക്ഷയില്‍ തങ്ങളുടെ താവളത്തിന്റെ കൃത്യം വിവരങ്ങള്‍ അവര്‍ ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിന് നല്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് മുമ്പ് ഇറാഖി ഉദ്യോഗസ്ഥര്‍ താവളത്തില്‍ പരിശോധന സന്ദര്‍ശനവും നടത്തിയിരുന്നു.

എന്തായാലും ഇറാഖ് സര്‍ക്കാരിനോടും ഇറാഖിലെ ഷിയാ നേതാക്കളോടും തട്ടിക്കൊണ്ടുപോകലുകാരുമായി ബന്ധം പുലര്‍ത്താന്‍ ഖത്തര്‍ സഹായം തേടി. കത്’ഇബ് ഹിസ്ബൊള്ളയുമായി ബന്ധമുള്ള അത്രയൊന്നും അറിയാത്ത കത്’ഇബ് അല്‍-ഇമാം അലി എന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ഖത്തര്‍ വേഗം മനസിലാക്കി. രണ്ടു സംഘടനകള്‍ക്കും ഇറാനില്‍ നിന്നും ആയുധവും പണവും ലഭിക്കുന്നുണ്ട്. ആദ്യ സംഘത്തിനെ യു എസ് ഭീകര സംഘമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരായ നിരവധി ബോംബാക്രമണങ്ങളും വെടിവെപ്പുകളും കത്’ഇബ് ഹിസ്ബൊള്ളയുമായി ബന്ധപ്പെട്ടതാണ്. 2013 മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ച അവര്‍ സിറിയയിലെ ഭരണാധികാരി ബഷര്‍ അല്‍ അസദിനെ സംരക്ഷിക്കാന്‍ മറ്റ് ഷിയാ സംഘങ്ങള്‍ക്കൊപ്പം ചേരുകയും ചെയ്തു.

ഖത്തറിന് സംഭവിച്ചത്

ഖയാറീന്‍, വിദേശ കാര്യ മന്ത്രി മൊഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍-തനി, അമീറിന്റെ ഉപദേഷ്ടാവ് ഹമദ് ബിന്‍ ഖാലിഫ അല്‍-അത്തിയ എന്നിവരടങ്ങുന്ന ഒരു പ്രതിസന്ധി പരിഹാര സംഘത്തിന് ഖത്തര്‍ രൂപം കൊടുത്തു. ഇറാന്‍ പിന്തുണയുള്ള സംഘമാണ് ഇതിന് പിന്നിലെന് അറിഞ്ഞതോടെ അധികൃതര്‍ സ്വാധീനമുള്ള മധ്യസ്ഥര്‍ മുഖേന ബന്ദികളുടെ മോചനത്തിനായി ശ്രമം ആരംഭിച്ചു.

വിവിധ തീവ്രവാദി സംഘങ്ങള്‍ കയ്യടക്കിവെച്ച നാലു സിറിയന്‍ ഗ്രാമങ്ങള്‍- രണ്ടു സുന്നി, രണ്ടു ഷിയാ- ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധികളുടെ മോചനത്തെ കൂട്ടിക്കെട്ടിയെന്ന വാര്‍ത്ത ഫിനാന്‍ഷ്യല്‍ ടൈംസ് നല്കിയിരുന്നു. ഇത് തുര്‍ക്കിയും ലെബനനിലെ ഹിസ്ബോള്ളയും പിന്തുണ നല്കിയ ഒരു ഇറാന്‍ പദ്ധതിയായിരുന്നു. ഒഴിപ്പിക്കലിനായി സിറിയന്‍ പോരാളികള്‍ക്ക് നല്കാന്‍ എന്നു കരുതുന്ന 360 ദശലക്ഷം ഡോളറോളം വരുന്ന ഖത്തര്‍ പണം ബാഗ്ദാദ് വിമാനത്താവളത്തില്‍ പിടികൂടിയതായി കഴിഞ്ഞ മാസം ന്യൂ യോര്‍ക് ടൈംസ് നല്കിയ വാര്‍ത്തയില്‍ വന്നിരുന്നു. ബന്ദികളുടെ മോചനശ്രമങ്ങള്‍ നടക്കവേ ആയിരുന്നു ഇത്. പക്ഷേ ഇപ്പൊഴും അറിയാത്ത കാര്യം, ബന്ദികളുടെ മോചനത്തിന്നായുള്ള സംഭാഷണങ്ങള്‍ക്കു പുറത്തുനിന്നുള്ളവര്‍ മേല്‍നോട്ടം വഹിച്ചിരുന്നോ എന്നാണ്.

മധ്യസ്ഥന്മാരും നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ തട്ടിക്കൊണ്ടുപോകലില്‍ ഏര്‍പ്പെട്ട തീവ്രവാദ സംഘങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കുന്നതില്‍ ഖത്തര്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ പിന്നീട് അതുതന്നെ ചെയ്യാന്‍ അവര്‍ തയ്യാറാകുന്നു.

സൗദി ഖത്തറിനെ ദ്വീപാക്കും

കുഴപ്പിക്കുന്ന ആവശ്യങ്ങള്‍

ആദ്യമൊക്കെ തട്ടിക്കൊണ്ടുപോയവരുടെ ആവശ്യങ്ങള്‍ ഖത്തര്‍ അധികൃതര്‍ക്ക് കൃത്യമായി പിടികിട്ടിയില്ല. ആദ്യ ആഴ്ചകളിലെ നിശബ്ദതയ്ക്ക് ശേഷം കത്’ഇബ് ഹിസ്ബൊള്ള രണ്ടു ബന്ദികളെ വിട്ടയക്കാനുള്ള സാധ്യതയും ആശയക്കുഴപ്പം നിറഞ്ഞ ആവശ്യങ്ങളും മുന്നോട്ടുവെച്ചു.

പക്ഷേ പിന്നീട് ഒരു ഇറാഖി മധ്യസ്ഥന്‍ മുഖേന അവര്‍ മറ്റ് ഇളവുകള്‍ ആവശ്യപ്പെട്ടു. ഇത് ഇറാന് ഗുണകരമാകുന്നവയായിരുന്നു; യമനില്‍ ഷിയാ-ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സൌദി നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നും ഖത്തറിന്റെ പിന്മാറ്റം, ഖത്തര്‍ പിന്തുണയുള്ള സുന്നി വിമതര്‍ സിറിയയില്‍ തടവിലാക്കിയ ഇറാന്‍ സൈനികരെ വിട്ടയക്കാനുള്ള വാഗ്ദാനം എന്നിവയായിരുന്നു അവ.

“നിങ്ങളുടെ ആവശ്യങ്ങള്‍ ഒട്ടും യുക്തിസഹമല്ല,” തട്ടിക്കൊണ്ടുപോയവര്‍ക്ക് മാര്‍ച്ച് 2016-ല്‍ ഖയാറീന്‍ ഫോണ്‍ സന്ദേശം അയച്ചു.
പക്ഷേ പിന്നീട് വളരെ വേഗത്തില്‍ പണമായി മുഖ്യ വിഷയം. ഫോണ്‍ സന്ദേശങ്ങളിലും സംഭാഷണങ്ങളിലും ഖത്തര്‍ ഉദ്യോഗസ്ഥര്‍ കത്’ഇബ് ഹിസ്ബൊള്ളയ്ക്ക് എല്ലാ ബന്ദികളെയും മോചിപ്പിച്ചാല്‍ 150 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് ആദ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ അബു മൊഹമ്മദ് അല്‍-സാ അദി എന്നു വിളിക്കപ്പെട്ട ഒരു ഇറാഖി മധ്യസ്ഥന് 10 ദശലക്ഷം ഡോളറും.

ഇതാദ്യമായിട്ടായിരുന്നു തങ്ങളുടെ സംഘത്തിലെ മറ്റുള്ളവര്‍ അറിയാതെ ഇടനിലക്കാരായ തീവ്രവാദി നേതാക്കള്‍ തങ്ങള്‍ക്ക് പണം ലഭിക്കാന്‍ വിലപേശല്‍ നടത്തിയത്.

എങ്ങനെ, എന്തുകൊണ്ട് ഖത്തര്‍ ചെറുത്തു നില്‍ക്കുന്നു; നിങ്ങള്‍ അറിയേണ്ടതെല്ലാം

“അല്‍-സാ അദി എന്നോടു ചോദിച്ചു, ‘എനിക്കെന്താണ് കിട്ടുക’?” ഖത്തര്‍ വിദേശകാര്യ മന്ത്രിക്കയച്ച ശബ്ദ സന്ദേശത്തില്‍ ഖയാറീന്‍ പറയുന്നു. “അയാളെന്നോട് തുറന്നു പറഞ്ഞു, ‘എനിക്കു 10 (ദശലക്ഷം ഡോളര്‍)കിട്ടണം. ‘പത്ത്?’ ഞാന്‍ നിങ്ങള്ക്ക് പത്തൊന്നും തരില്ല. അല്ലെങ്കില്‍ എന്റെയാളുകളെ വിട്ടുകിട്ടണം, 100 ശതമാനം. ഞാന്‍ നിങ്ങള്‍ക്ക് 150 ദശലക്ഷം ഡോളറും നിങ്ങളുടെ പത്തും തരും.”

2016 വസന്തകാലം മുഴുവന്‍ ഈ വിലപേശല്‍ തുടര്‍ന്നു. സൊലെയ്മാനിയും മറ്റ് ഉയര്‍ന്ന ഇറാന്‍ അധികൃതരുമടങ്ങുന്ന വലിയ സംഘം മധ്യസ്ഥര്‍ രംഗത്തുവന്നു. മെയ് മാസത്തില്‍ 275 ദശലക്ഷം ഡോളര്‍ എന്ന തുകയിലേക്ക് മധ്യസ്ഥര്‍ എത്തിച്ചേര്‍ന്നതായി ഖയാറീന്‍ തന്റെ മേധാവിയെ അറിയിച്ചു. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വെച്ചു പണം കൈമാറ്റം നടക്കുമെന്നും.

ഇറാന്‍കാരും നാല് ഗ്രാമങ്ങളെ ഒഴിപ്പിക്കലും ഉള്‍ക്കൊള്ളുന്ന സമഗ്ര പരിപാടിക്കായി ഒരു ബില്ല്യണ്‍ ഡോളറാണ് പലപ്പോഴും സൂചിപ്പിക്കപ്പെട്ടത്. സൊലെയ്മാനി ഗ്രാമങ്ങള്‍ ഒഴിപ്പിക്കാനുള്ള പരിപാടി രണ്ടു വര്‍ഷമായി പറയുന്നതാണ്. ഇറാന്‍ അധികൃതര്‍ ബന്ദി പ്രശ്നം ഇത് നടപ്പാക്കാനുള്ള ഒരു വഴിയായി കണ്ടു. ഖത്തറിന്റെ പിന്തുണയുള്ള വിമത സംഘങ്ങളാണ് രണ്ടു ഷിയാ ഗ്രാമങ്ങളെ വളഞ്ഞതെന്നതിനാല്‍ ഖത്തറിന്റെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

ഖത്തര്‍ ഉപരോധം; ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും

“കാസിം തട്ടിക്കൊണ്ടുപോയവര്‍ക്ക് മേല്‍ സാമര്‍ദ്ദം ചെലുത്തുന്നുണ്ട്, അവരുടെ പെരുമാറ്റത്തില്‍ അയാള്‍ തൃപ്തനല്ല,” ഏപ്രില്‍ 2016-നു അയച്ച സന്ദേശത്തില്‍ ഖയാറീന്‍ പറയുന്നു. പിന്നീടുള്ള സന്ദേശങ്ങളില്‍ സൊലെയ്മാനി ഇറാഖിലെ കത്’ഇബ് സംഘവുമായി കൂടിക്കാഴ്ച്ച നടത്താന്‍ പോയതും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കാര്യാലയത്തില്‍ വെച്ചു ഖത്തര്‍ മധ്യസ്ഥന്മാരെയും പ്രതിനിധികളെയും കണ്ടതും പറയുന്നുണ്ട്.

മെയ് 2016-നു സിറിയന്‍ ഗ്രാമങ്ങള്‍ ഒഴിപ്പിക്കാനുള്ള ഇറാന്‍ പദ്ധതിയോട് ഖത്തര്‍ വിസമ്മതം അറിയിച്ചു. അത് ഐക്യരാഷ്ട്ര സഭയുടെ കാര്യമാണെന്ന് ഒരു ഇടനിലക്കാരന്‍ മുഖേന അവര്‍ അറിയിച്ചു. ഖത്തര്‍ അധികൃതര്‍ ഭീകരവാദ സംഘടനകളുമായി തുറന്ന വഴിയിലൂടെ സഹകരിക്കില്ലെന്നും വ്യക്തമാക്കി. പല ഘട്ടങ്ങളിലും ബന്ധികളുടെ സുരക്ഷയും ആവശ്യപ്പെടുന്ന തുക വര്‍ധിക്കുന്നതും പ്രതിസന്ധി അവസാനിപ്പിക്കാന്‍ തങ്ങളുടെ സമ്പത്ത് ഉപയോഗിക്കാന്‍ ദോഹയ്ക്ക് മേലുള്ള രാഷ്ട്രീയ സമ്മര്‍ദവുമെല്ലാം ഇതിനിടയിലെ സംഭാഷണങ്ങളില്‍ തെളിഞ്ഞുകാണാം.

ഡൊണാള്‍ഡ് ട്രംപിന്റെ അറേബ്യന്‍ ഗുണ്ടകള്‍; ഖത്തറില്‍ സംഭവിക്കുന്നത്

2016 അവസാനം വരെ ചര്‍ച്ചകള്‍ ഒരു ഫലവും കാണാതെ തുടര്‍ന്നു. അപ്പോഴേക്കും തീവ്രവാദികള്‍ക്ക് സംഭാഷണങ്ങളോട് വിമുഖത തോന്നിത്തുടങ്ങിയിരുന്നു.

ഏപ്രില്‍ 2017-ഓടെ ഇറാന്‍കാരുമായി നടത്തിയ കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സമഗ്ര പദ്ധതിയുടെ രൂപരേഖയായി. ആസൂത്രണം ചെയ്ത ഒരു തിരക്കഥയില്‍, നാല് സിറിയന്‍ ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി ബസുകള്‍ എത്തി. ഖത്തറി ബന്ദികളെ ബാഗ്ദാദില്‍ എത്തിച്ചു വിട്ടയച്ചു. മുതിര്‍ന്ന ഖത്തര്‍ അധികൃതര്‍ ഇതിന് മേല്‍നോട്ടം വഹിച്ചു എന്നു രേഖകള്‍ കാണിക്കുന്നു.

എത്ര പണമാണ് ബന്ദികളുടെ മോചനത്തിനായി ഖത്തര്‍ അന്തിമമമായി നല്‍കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന് കിട്ടിയ രേഖകളിലില്ല. എന്നാല്‍ ഇടനിലക്കാര്‍ക്കുള്ള പണം നല്‍കുന്നതിന്റെ കാര്യത്തില്‍ ഖത്തര്‍ വളരെ തെളിച്ചു പറയുന്നതു രേഖകളിലുണ്ട്. ബന്ദികളെ മോചിപ്പിച്ച് ദിവസങ്ങള്‍ക്കുളില്‍ 2017, ഏപ്രില്‍ 25-നു ഖയാറീന്‍ വീണ്ടും ഖത്തര്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് പണത്തിന്റെ കണക്കുകള്‍ പറഞ്ഞു. ഖത്തര്‍ പണത്തില്‍ 150 ദശലക്ഷം ഡോളര്‍ വീതിച്ചെടുക്കുന്ന 5 സ്വീകര്‍ത്താക്കളുടെ പട്ടിക അയാള്‍ നല്കി.

പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍