UPDATES

വിദേശം

സോവിയറ്റുകള്‍ക്കെതിരെ മത തീവ്രവാദികളെ വളര്‍ത്താന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് കൂട്ടുനിന്നത് തെറ്റായി പോയി: ഇമ്രാന്‍ ഖാന്‍

‘70,000 ആളുകളും 100 ബില്യണ്‍ ഡോളറും പാകിസ്താന് നഷ്ടമായി’

അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയന്‍ അനുകൂല സര്‍ക്കാരിനെതിരെ അമേരിക്കയുടെ ആഗ്രഹ പ്രകാരം മത തീവ്രവാദ സംഘങ്ങളെ വളര്‍ത്തിയെടുത്തത് തെറ്റായി പോയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ആ രാജ്യം പതിറ്റാണ്ടുകളായി നടപ്പിലാക്കിയ നയങ്ങളെ തളളിപ്പറഞ്ഞ് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നിന്നത് പാകിസ്താന് തിരിച്ചടിയായെന്നാണ് ഇമ്രാന്‍ ഖാന്റെ അഭിമുഖത്തിലെ പ്രധാന ഹൈലൈറ്റ്.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് പാകിസ്താന്‍ പ്രധാനമന്ത്രി നിര്‍ണായകമായേക്കാവുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരിക്കുന്നത്.

അഫ്ഗാനിസ്താനില്‍ നജീബുള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ അനുകൂല സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മുസ്ലീം മതമൗലികവാദ സംഘടനകളെ വളര്‍ത്തിയെടുക്കുന്നതില്‍ അമേരിക്കയുടെ താല്‍പര്യത്തിന് അനുസരിച്ച് പാകിസ്താന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഇമ്രാന്‍ഖാന് വെളിപ്പെടുത്തി. മുജാഹിദ്ദീന്‍ സംഘടനകളെ പാകിസ്താനിലാണ് വളര്‍ത്തിയെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചു. ഈ സംഘടനകളാണ് അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് അനുകൂല സര്‍ക്കാരിനെ അട്ടിമറിച്ചത്. പിന്നീട് ഈ സംഘടനകള്‍ പാകിസ്താനു തന്നെ എതിരായെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളിയായത് തെറ്റി പോയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ‘പാകിസ്താന്‍ യുദ്ധത്തില്‍ പങ്കാളിയാകുന്നതിന് ഞാന്‍ എതിരായിരുന്നു. നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. ‘ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ‘70,000 ത്തോളം പേരെയാണ് പാകിസ്താന് നഷ്ടമായത്. 100 ബില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടം പാകിസ്താനുണ്ടായി. അഫ്ഗാനിസ്താനില്‍ അമേരിക്ക വിജയിക്കാത്തതിന്റെ ഉത്തരവാദിത്തവും പാകിസ്താനില്‍ ചുമത്തപ്പെട്ടു. അത് ശരിയായിരുന്നില്ല’. യുദ്ധത്തില്‍ പങ്കാളിയായിരുന്നില്ലെങ്കില്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമെന്ന പാകിസ്താന്‍ വിളിക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തില്‍ പങ്കെടുത്തത് പാകിസ്താന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്താന്‍ വിവിധ അന്തരാഷ്ട്ര ഏജന്‍സികളില്‍നിന്നും ഇപ്പോള്‍ സഹായം തേടിയിരിക്കുകയാണ്.

താലിബാനുമായി അമേരിക്ക ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ താലിബാന്‍ ആക്രമണം നടത്തിയെന്ന് പറഞ്ഞ് അമേരിക്ക ചര്‍ച്ചയില്‍നിന്ന് പിന്മാറുകയായിരുന്നു. 14,000 ത്തോളം അമേരിക്കൻ സൈനികർ ഇപ്പോഴും അഫ്ഗാനിസ്താനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍