UPDATES

വിദേശം

യുദ്ധമല്ല, സിറിയയില്‍ നടക്കുന്നത് കൂട്ടക്കൊല; ലോകം കണ്ണുതുറക്കാത്തത് എന്താണ്?

മുല്ലപ്പൂ വിപ്ലവം കണ്ട് രാഷ്ട്രിയ ജനാധിപത്യം കൊതിച്ച് തെരുവിലിറങ്ങിയ ഒരു ജനതയെയാണ്‌ അന്തര്‍ദേശീയ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്

അത്യന്തം വേദനാജനകമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് സിറിയയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. വെള്ള പുതപ്പിച്ച് നിരനിരയായി കിടത്തിയിരിക്കുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍, ജനനിബിഡമായ ആശുപത്രികള്‍, ഭയചകിതരായി കെട്ടിടങ്ങളുടെ അടിത്തട്ടില്‍ അഭയം പ്രാപിക്കാന്‍ വെപ്രാളപ്പെട്ടോടുന്ന ജനങ്ങള്‍, ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന വിജനമായ തെരുവുകള്‍… ഗോട്ടയിലെ കൂട്ടക്കുരുതികണ്ട് ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. അറുന്നൂറോളം ജീവനുകളാണ് ഒരാഴ്ചക്കകം അറുകൊല ചെയ്യപ്പെട്ടിരിക്കുന്നത്.

വെറും ഏഴുവര്‍ഷം മുമ്പ് മാത്രം തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷത്തിലധികം മനുഷ്യരാണ് കൊല്ലപ്പെട്ടത്. സമീപകാലം കണ്ടതില്‍വച്ചേറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയിലൂടെയാണ് പ്രദേശം കടന്നുപോകുന്നത്. രണ്ടായിരത്തി പതിനേഴിന്‍റെ അവസാന പാദത്തില്‍തന്നെ സിറിയയിലെ വിഘടനവാദികളുടേയും ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും ശക്തികേന്ദ്രങ്ങളെല്ലാം തകര്‍ക്കപ്പെട്ടിരുന്നു. ഭരണകൂടവും വിഘടനവാദികളും വലിയൊരളവില്‍ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്‍റെ പ്രധാന സംരക്ഷകരായ റഷ്യ ‘അടിസ്ഥാനപരമായി ദൌത്യം നടപ്പിലാക്കപ്പെട്ടിരിക്കുന്നു’ എന്നുവരെ പ്രഖ്യാപിച്ചതാണ്. പക്ഷെ, എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് രക്തകലുഷിതമായ വാര്‍ത്തകള്‍കൊണ്ട് സിറിയ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. കുര്‍ദുകളെ നേരിടുവാന്‍വേണ്ടി തുര്‍ക്കി തങ്ങളുടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിരിക്കുന്നു. അമരിക്കന്‍ പട്ടാളവും റഷ്യന്‍ പട്ടാളവും തമ്മില്‍ തുറന്ന പോരിലേക്ക് വരുന്നു. ഒപ്പം ഇറാനും ഇസ്രയേലും തമ്മിലുള്ള അസ്വാരസ്യങ്ങളും ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നു. അതിലെല്ലാമുപരിയായി നിസ്സഹായരായ ഒരു ജനത കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

യുദ്ധത്തിന്‍റെ ആരംഭം

രണ്ടായിരത്തിലാണ് അസദ് ഭരണകൂടം അധികാരത്തില്‍ വരുന്നത്. കാലാകാലങ്ങളായി രാജ്യത്ത് തുടരുന്ന തൊഴിലില്ലായ്മയും അഴിമതിയും രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മയുമെല്ലാം സിറിയന്‍ ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചു. മുല്ലപ്പൂ വിപ്ലവത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട ജനങ്ങള്‍ 2011ല്‍ ദേരാ പട്ടണത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിക്കൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിച്ചു. ഭരണകൂടം തങ്ങളുടെ എല്ലാ ശകതിയും ഉപയോഗിച്ച് അതിനെ നേരിട്ടു. അത് ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചു. തല്‍ഫലമായി പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി ജനങ്ങള്‍ തെരുവിലിറങ്ങി.

പ്രക്ഷോഭം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ അത് കൂടുതല്‍ അക്രമാസക്തമായി. പ്രക്ഷോഭകാരികള്‍ ആയുധങ്ങള്‍ കയ്യിലെടുത്തു. അവര്‍ സുരക്ഷാ സേനയെ തുരത്തിയോടിക്കാന്‍ തുടങ്ങി. അതിനെ ‘വിദേശ രാജ്യങ്ങളുടെ സഹായത്തോടെ നടത്തുന്ന ഭീകരത’യായി അസദ് ഭരണകൂടം വിലയിരുത്തി. ഏത് വിധേനയും ഭരണകൂട നിയന്ത്രണം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് സൈന്യം നീങ്ങി.

കിഴക്കന്‍ ഗോട്ട മറ്റൊരു സ്രെബ്രനിക്കയാണ്; ജീവിക്കുക എന്നതാണ് സിറിയക്കാരുടെ പ്രശ്നം

എന്തുകൊണ്ട് യുദ്ധം അവസാനിക്കുന്നില്ല?

അസദ് ഭരണകൂടത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള യുദ്ധം എന്നതിലുപരി കൂടുതല്‍ മാനങ്ങളുണ്ട് സിറിയന്‍ സംഘര്‍ഷങ്ങള്‍ക്ക്. പ്രാദേശിക ശക്തികളെകൂടാതെ റഷ്യ, അമേരിക്ക, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ ലോകശക്തികളുടെ ഇടപെടലുകളാണ് പ്രധാനമായും സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഭരണകൂടത്തിനും വിമത വിഭാഗങ്ങള്‍ക്കും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കുന്നു. അത് സിറിയയെ കൂടുതല്‍ യുദ്ധകലുഷിതമാക്കിക്കിമാറ്റുന്നു.

ഒരു പരിധിവരെ മതനിരപേക്ഷ രാഷ്ട്രമായിരുന്ന സിറിയയിലെ ഭൂരിപക്ഷ വിഭാഗക്കാരായ സുന്നികളെയും ന്യൂനപക്ഷമായ ഷിയാ വിഭാഗത്തെയും തമ്മില്‍ ഭിന്നിപ്പിച്ച് രാജ്യത്തെ കുരുതിക്കളമാക്കുന്നതിലും വിദേശ ശതികള്‍ക്ക് പങ്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടയിലാണ് തീവ്രവാദ ഗ്രൂപ്പുകളുടെ തള്ളിക്കയറ്റവും ഉണ്ടാകുന്നത്. സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ മേഖല അല്‍ഖ്വയ്ദയുടെ സഖ്യകക്ഷിയായ ഹയാത് തഹ്രീർ അൽ-ഷാമിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. അതേസമയം വടക്ക് കിഴക്കന്‍ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഐ എസിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലും ആയിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഭരണകൂടം പിടിച്ചെടുത്തു കഴിഞ്ഞു. പക്ഷെ, തുര്‍ക്കിയുടെ സഹായത്തോടു കൂടി പ്രവര്‍ത്തിക്കുന്ന വിമത വിഭാഗങ്ങളും അമേരിക്കയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദ് വിഭാഗങ്ങളും ഇപ്പോഴും ചില ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കയ്യടക്കിവച്ചിരിക്കുകയാണ്.

ഓട്ടോമൻ മുതൽ ഇറാഖ് വരെ: അതിർത്തികൾ തകരുമ്പോൾ

വിദേശ ശക്തികളുടെ ഇടപെടലുകള്‍

ഏത് ആഭ്യന്തരയുദ്ധത്തിലുമെന്നപോലെ തുടക്കംതൊട്ടേ വിദേശശക്തികളുടെ ഇടപെടലുകളാണ് സിറിയയേയും കുരുതിക്കളമാക്കുന്ന പ്രധാന ഘടകം. റഷ്യക്ക് സിറിയയിലെ തങ്ങളുടെ താല്പര്യങ്ങള്‍ സംരഷിക്കപ്പെടാന്‍ അസദ് ഭരണകൂടം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതുകണ്ടാണ് അവര്‍ 2015ല്‍ ‘സ്ഥിരതയാര്‍ന്ന ഭരണ സംവിധാനം കൊണ്ടുവരിക’ എന്ന പ്രമേയത്തോടെ വ്യോമ പ്രചരണം ആരംഭിക്കുന്നത്. ‘ഭീകരവാദികളെ’ മാത്രമേ ഉന്മൂലനം ചെയ്യുകയൊള്ളൂ എന്നതായിരുന്നു പ്രത്യക്ഷ നിലപാടെങ്കിലും സാധാരണ ജനങ്ങളെയാണ് അത് കൂടുതല്‍ ബാധിച്ചത്. റഷ്യയുടെ പിന്തുണയാണ് അസദിന് കൂടുതല്‍ ശക്തി പകരുന്നത്.

ഷിയാ ആശയക്കാരനായ പ്രസിഡന്‍റ് അസദിന് ഇറാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ലബനനിലെ പ്രധാന ഷിയാ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളക്ക് വേണ്ടിയുള്ള ആയുധ സാമ്പത്തിക കൈമാറ്റങ്ങളെല്ലാം ഇറാന്‍ നടത്തുന്നത് സിറിയ വഴിയാണ്. സിറിയയില്‍ ഭരകൂടത്തോടൊപ്പം ചേര്‍ന്ന് ഭൂരിപക്ഷ സുന്നികളെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഷിയാ തീവ്രവാദികള്‍ക്ക് ഇറാന്‍ സഹായം ചെയ്യുന്നു എന്ന ആരോപണവുമുണ്ട്.

യുദ്ധം തകര്‍ത്ത സിറിയയില്‍ ബധിരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം

സിറിയയിലെ വ്യാപകമായ അതിക്രമങ്ങള്‍ക്ക് കാരണം അസദ് ഭരണകൂടമാണെന്നാണ് അമേരിക്കയുടെ നിലപാട്. ആ പേരിലാണ് അവര്‍ വിമത വിഭാഗത്തെ അനുകൂലികുന്നതും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതും. ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യാന്‍ 2014ല്‍ അവര്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ അവര്‍ സര്‍ക്കാര്‍ അനുകൂല സേനകളെയും ആക്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നുവന്നു. കുര്‍ദിഷ് അറബ് തീവ്രവാദ ഗ്രൂപ്പായ സിറിയന്‍ ഡെമോക്രാറ്റിക്‌ ഫോഴ്സ് ആണ് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നത്.

വിമതര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. സിറിയയില്‍ കുര്‍ദുകള്‍ക്ക് വേണ്ടി പോരാടുന്ന കുര്‍ദിഷ് പോപ്പുലര്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്ന സംഘടന പതിറ്റാണ്ടുകളോളം തുര്‍ക്കിയില്‍ സ്വയംഭരണത്തിന് വേണ്ടി പൊരുതിയ കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോഷക സംഘടനയാണെന്നാണ് തുര്‍ക്കി കരുതുന്നത്.
കാലാകാലങ്ങളായി ഇറാനെ മുഖ്യ എതിരാളിയായികാണുന്ന സൌദി അറേബ്യ സിറിയന്‍ കലാപകാരികൾക്ക് സൈനിക സഹായവും സാമ്പത്തിക സഹായവും നൽകുന്നു.

പശ്ചിമേഷ്യയെ വെട്ടി മുറിക്കുകയാണ്; സിറിയയെ വീതം വച്ചു, അടുത്തത് യെമന്‍

യുദ്ധത്തിന്‍റെ ബാക്കിപത്രം

ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം 2015 ഓഗസ്റ്റ്‌ വരെ രണ്ടരലക്ഷം മനുഷ്യരാണ് കൊല്ലപ്പെട്ടത്. എന്നാലിന്നത് നാല് ലക്ഷത്തിലധികമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5.6 ദശലക്ഷം പേരാണ്, അതില്‍ത്തന്നെ കൂടുതലും സ്ത്രീകളും കുട്ടികളും, സിറിയയില്‍നിന്നും പലായനം ചെയ്തത്. ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരിത്രം കണ്ടതില്‍വച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണെന്നാണ് യു എന്‍ പറയുന്നത്.

‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ കഴിയാന്‍ സാധിക്കുമോ?’: സിറിയന്‍ ബാലിക

നിലവില്‍ മൊത്തം ജനസംഖ്യയുടെ 70% കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ്. വര്‍ധിച്ചുവരുന്ന വിഭവരാഹിത്യത്തിനും വിലക്കയറ്റത്തിനുമിടയില്‍ 6 മില്ല്യണ്‍ ജനങ്ങള്‍ ഭക്ഷ്യസുരക്ഷയില്ലാതെ ബുദ്ധിമുട്ടുന്നു. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ശുദ്ധജലത്തിന് വേണ്ടി മാത്രം വിനിയോഗിക്കേണ്ട അവസ്ഥയിലാണെന്നും യു എന്‍ പറയുന്നു.

മൃതശരീരങ്ങള്‍ സംസ്കരിക്കാന്‍ പോലും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണവും പെരുകുകയാണ്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായതും ആതുര ശുശ്രൂഷക്കുള്ള സാമഗ്രികളുടെ ലഭ്യതക്കുറവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

സിറിയയില്‍ നടക്കുന്നതിനെ ഇനിയും ആഭ്യന്തര യുദ്ധമെന്ന് വിളിക്കരുത്

മാനുഷികതക്ക് മുന്‍‌തൂക്കം നല്‍കി സിറിയയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഐക്യരാഷ്ട്ര സംഘടന നടത്തുന്ന സമാധാന ശ്രമങ്ങളെല്ലാം കേവലം ആചാരപ്രകടനം മാത്രമായി ഒതുങ്ങുന്നു. 2014ന് ശേഷം ഒന്‍പത് തവണയാണ് യു എന്‍ സമാധാനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. അതില്‍ അവസാനത്തേത് കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു. അതിന് തൊട്ടുപിറകെയാണ് ഗോട്ടയില്‍ ബോംബാക്രമണം ഉണ്ടായത്.

മുല്ലപ്പൂ വിപ്ലവം കണ്ട് രാഷ്ട്രിയ ജനാധിപത്യം കൊതിച്ച് തെരുവിലിറങ്ങിയ ഒരു ജനതയെയാണ്‌ അന്തര്‍ദേശീയ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി യാതൊരുവിധ മാനുഷിക മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാതെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ നിലവിളികേള്‍ക്കാന്‍ ഇനിയെങ്കിലും ലോകത്തിന്‍റെ കാതുകള്‍ക്കാകുമോ? അവര്‍ക്കിനി എങ്ങനെ നീതിയുറപ്പാക്കും? അതോ, അഫ്ഗാനിസ്ഥാനും ഇറാഖും പോലെ സിറിയയും ഉള്ളുലക്കുന്ന രോദനമായി അവശേഷിക്കുമോ?

സിറിയ കത്തുമ്പോള്‍ തുര്‍ക്കിയുടെ വാലിന് തീപിടിക്കുന്നു

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍