‘അവര്‍ ഞങ്ങളെ വേട്ടയാടുകയായിരുന്നു. യാതൊരു മുന്നറിയിപ്പോ, നോട്ടീസോ, ഒരു റേഡിയോ കോള്‍ പോലുമില്ലാത്ത സൈനികാക്രമണം’
ദുബായ് ഭരണാധികാരിയുടെ 32 കാരിയായ മകള്‍ ഷെയ്ഖ ലത്തീഫ ബിന്‍റ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സേനയ്‌ക്കെതിരെ ഗുരുതര ആരോപണം. ദുബായില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷെയ്ഖ ലത്തീഫയുടെ അമേരിക്കന്‍ നൗകയായ ‘നൊസ്‌ട്രോമോ’ ഗോവന്‍ തീരത്ത് വെച്ച് ആക്രമിച്ചാണ് രാജകുമാരിയെ തിരിച്ചയച്ചതെന്ന് രാജകുമാരിയോട് അവസാനം സംസാരിച്ച അന്താരാഷ്ട്ര സമിതിയായ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായിയുടെ യുഎഇ വിഭാഗം സിഇഒ രാധാ സ്റ്റിര്‍ലിംഗ് അഴിമുഖത്തിനോട് പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനും നരകയാതനകള്‍ക്കും ശേഷം പിതാവിന്റെ പിടിയില്‍ നിന്നും ഷെയ്ഖ ലത്തീഫ രക്ഷപ്പെടാന്‍ ശ്രമിച്ചതായി സ്റ്റിര്‍ലിംഗ് പുറത്തുവിട്ട രാജകുമാരിയുടെ വീഡിയോയില്‍ പറയുന്നുണ്ട്. ഞെട്ടിക്കുന്ന അനേകം വിവരങ്ങളുള്ള ഈ എക്‌സ്‌ക്‌ളുസീവ് അഭിമുഖത്തിലാണ് രാജകുമാരിയെ തടങ്കലിലേക്ക് നയിച്ച നൊസ്‌ട്രോമോയില്‍ നടന്ന ഇടപെടലിലേക്ക് ഇന്ത്യയുടെ വെളിപ്പെട്ടിരിക്കുന്നത്. തീരദേശസേന ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രത്യേക സേനകള്‍ നൊസ്‌ട്രോമോയെ ആക്രമിക്കാന്‍ യുഎഇയുടെ ഓപ്പറേഷനില്‍ പിന്തുണയുമായി ഉണ്ടായിരുന്നതായും സ്റ്റിര്‍ലിംഗ് ആരോപിക്കുന്നു.തന്റെ ആരോപണത്തില്‍ ഇന്ത്യന്‍ തീരദേശസേന മറുപടി പറഞ്ഞിട്ടില്ലെന്നും സ്റ്റിര്‍ലിംഗ് പറഞ്ഞു.
എന്നാൽ ഇത്തരം ഒരു സംഭവം തങ്ങളുടെ സര്‍ക്കിളില്‍ നടന്നതായും ഇല്ലെന്നും ഒരു സംസാരം ഉണ്ടായിരുന്നതായി ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അഴിമുഖത്തോടു പറഞ്ഞു. അങ്ങനെ ഒരു കാര്യം നടന്നാല്‍ തന്നെ അത് തികച്ചും സാധാരണമാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.
‘നൊസ്‌ട്രോമോ’ ഇന്ത്യന്‍ തീരമണഞ്ഞ 2018 മാര്‍ച്ച് 4 നായിരുന്നു മുന്‍ അമേരിക്കന്‍ ഫ്രഞ്ച് ചാരനായ ഹെര്‍വ് ജൗബര്‍ക്കും ഫിന്നിഷ് വനിതയായ ടിനാ ജൂഹിയാനനും ഫിലിപ്പീന്‍സുകാരായ മൂന്ന് നൗക ജീവനക്കാര്‍ക്കുമൊപ്പം ഷെയ്ഖ് ലത്തീഫാ രാജകുമാരിയെ കാണാതായത്.
“പുറത്ത് ആള്‍ക്കാരുണ്ട്. വെടിശബ്ദം കേള്‍ക്കുന്നു. എന്തോ കുഴപ്പമുണ്ട്. സഹായിക്കു.” എന്നാണ് ലത്തീഫ സ്‌റ്റെര്‍ലിംഗിന് അയച്ച ഒരു വോയ്‌സ് മെയിലില്‍ പറയുന്നത്.
ലത്തീഫ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായിയുടെ യുഎഇ വിഭാഗം സിഇഒ രാധാ സ്റ്റിര്‍ലിംഗിന് അയച്ച ഇ-മെയില്‍
ലത്തീഫ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായിയുടെ യുഎഇ വിഭാഗം സിഇഒ രാധാ സ്റ്റിര്‍ലിംഗിന് അയച്ച വാട്സാപ്പ് മെസേജ്
അതിന് ശേഷം ലത്തീഫയില്‍ നിന്നും ഒരു വിവരവും പുറത്തുവന്നിട്ടില്ല. അവളുടെ നിലവിലെ സ്ഥിതി എന്താണെന്ന് യാതൊരു അറിവുമില്ല. യുഎഇയുടെ കസ്റ്റഡിയില്‍ അവര്‍ വീണ്ടും പെട്ടോ ഒന്നും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സ്റ്റെര്‍ലിംഗ് പറയുന്നു.
യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമിന്റെയും അള്‍ജീരിയക്കാരി ഹുര്യ അഹമ്മദ് ലമാരായുടേയും മകളും ദുബായ് രാജകുടുംബാംഗവുമാണ് ഷെയ്ഖ ലതീഫ് ബിന്റ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം.
മൂത്തതും ഇളയതുമായ ഇതേ പേരിലുള്ള രണ്ട് അര്‍ദ്ധസഹോദരിമാര്‍ കൂടി ഷെയ്ഖ ലത്തീഫിനുണ്ട്. 1980 ല്‍ ജനിച്ച ഷെയ്ഖ മെയ്തയാണ് സഹോദരി. 1981 ല്‍ ജനിച്ച ഷെയ്ഖ് ഷംസയും. 1987 ല്‍ ജനിച്ച ഷെയ്ഖ മജിദും സഹോദരിമാരാണ്.
പിതാവില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ജൗബര്‍ട്ടിനും ജൗഹിയാനെനും ഫിലിപ്പീന്‍സുകാരായ മൂന്ന് സഹായികള്‍ക്കുമൊപ്പം 2018 ഫെബ്രുവരി 24 നാണ് ലത്തീഫാ നൊസ്‌ട്രോമയില്‍ പുറപ്പെട്ടത്. ഗോവയിലേക്ക് രക്ഷപ്പെട്ട ശേഷം മുംബൈയില്‍ എത്തുകയും അവിടെ നിന്നും വിമാനം കയറി അമേരിക്കയ്ക്ക് പോകാനും അവിടെ രാഷ്ട്രീയാഭയം തേടാനുമായിരുന്നു പദ്ധതി.
ലത്തീഫയുടെ പാസ്പോര്‍ട്ട്
പിതാവിന്റെ നിര്‍ദേശം അനുസരിച്ച് യുഎഇ അവരെ തടയുകയോ ദുബായിലേക്ക് പിടിച്ചുകൊണ്ടു പോകുകയോ ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചോദ്യം.
ഫെബ്രുവരി 26 നാണ് രാജകുമാരി സ്റ്റിര്‍ലിംഗിന്റെ സഹായം തേടിയത്. താന്‍ യുഎഇയില്‍ നിന്നും പലായനം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കി അവര്‍ ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍ തന്റെ ഫോട്ടോഗ്രാഫുകളും യുഎഇ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്തുള്ള ഈ മെയില്‍ പിടിക്കപ്പെട്ടോ എന്നാണ് ആശങ്ക.
മാര്‍ച്ച് 4 ന് രാജകുമാരിയില്‍ നിന്നും ഒരു വാട്‌സ്ആപ്പ് വോയ്‌സ്‌കോള്‍ സ്റ്റിര്‍ലിംഗിന് ലഭിക്കുകയുണ്ടായി. ഇതില്‍ യാനം തീരത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതായി രാജകുമാരി ഭയപ്പെടുന്നതും എങ്ങിനെയാണ് ആക്രമിക്കപ്പെട്ടതെന്നും വിവരിക്കുന്നുണ്ട്. താന്‍ സഹായിയുമായി ഒളിച്ചിരിക്കുകയാണെന്നും വെടി ശബ്ദം കേട്ടെന്നുമാണ് പറയുന്നത്. എസ്ഒഎസായി അയച്ച ഈ വോയ്‌സ് കോളിന് ശേഷം ലത്തീഫയില്‍ നിന്നും ഒരു വിവരവും കിട്ടിയിട്ടില്ല എന്നതിനാല്‍ ശത്രുക്കളാരെങ്കിലും യാനം തട്ടിയെടുത്തതിന്റെ സൂചനയാണ് കിട്ടുന്നത്.
മാര്‍ച്ച് 5ന് ഈ സംഭവങ്ങള്‍ക്ക് ശേഷം ഒരു തരത്തിലും രാജകുമാരി ബന്ധപ്പെട്ടിട്ടില്ലെന്ന് സ്റ്റിര്‍ലിംഗ് ലണ്ടനിലെ മെട്രോപോളിറ്റന്‍ പോലീസിന് എഴുതിയിരുന്നു. രാജകുമാരിയും ജൗബര്‍ട്ടിനെയും കാണാതായെന്നും അന്വേഷണം തുടങ്ങണമെന്നുമായിരുന്നു കത്തിന്റെ അടിസ്ഥാനം.
ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് രാധ സ്റ്റിര്‍ലിംഗ് അയച്ച കത്ത്
ലണ്ടന്‍ പോലീസിന് രാധ സ്റ്റിര്‍ലിംഗ് അയച്ച കത്ത്
കത്തിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഇടപെടലില്‍ മാര്‍ച്ച് 14 ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ചേംബറിലെ ഉന്നത മനുഷ്യാവകാശ അഭിഭാഷകനായ ടോ കാഡ്മാന്‍ സ്റ്റിര്‍ലിംഗിനും സഹപ്രവര്‍ത്തകര്‍ക്കും അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
ഇന്ത്യയോടും യുഎഇയോടും പ്രതികരിക്കാന്‍ നിര്‍ദേശിക്കാമെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭ സംഭവത്തില്‍ ഇടപെട്ടത് സ്റ്റിര്‍ലിംഗിനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. നേരത്തേ രാജകുമാരി തടങ്കലില്‍ കഴിയുന്നതിന്റെ 40 മിനിറ്റ് വീഡിയോ പുറത്തു വിട്ടതും സ്റ്റിര്‍ലിംഗായിരുന്നു.
ഇതില്‍ തന്റെ മുത്ത സഹോദരി ഷംസ 2000ല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുഎഇ അധികൃതര്‍ ഷംസയെ യുകെയില്‍ നിന്നും പിടികൂടുകയും യുഎഇ യില്‍ തിരിച്ചെത്തിക്കുകയും ചെയ്തതായി ലത്തീഫ പറയുന്നുണ്ട്. 2002ല്‍ താന്‍ ഒമാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തിയില്‍ വെച്ച് യുഎഇ അധികൃതര്‍ തടഞ്ഞു ദുബായിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നതായും അതിന് ശേഷം മൂന്ന് വര്‍ഷം അതികഠിനമായ പീഡനമായിരുന്നു എന്നും ലത്തീഫ വീഡിയോയില്‍ പറയുന്നു. എന്തിനാണ് അവള്‍ വീഡിയോ പുറത്തു വിട്ടത് എന്ന ചോദ്യത്തിന് താന്‍ മരിക്കുകയോ കാണാതാകുകയോ ചെയ്താല്‍ ഈ വീഡിയോ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സ്റ്റിര്‍ലിംഗ് പറഞ്ഞു.
അവളുടെ പ്രതിനിധി എന്ന നിലയിലാണ് വീഡിയോ പുറത്തു വിടുന്നതെന്നും അത് പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുകയാണെന്നും സ്റ്റിര്‍ലിംഗ് പറഞ്ഞു. പലപ്പോഴും ഉള്‍ക്കാഴ്ചയോടെ കാര്യങ്ങളെ സമീപിച്ചിരുന്ന ലത്തീഫ ഇതുപോലെ ഒരു കാര്യം ചെയ്തില്ലെങ്കില്‍ അവളുടെ കഥ ലോകമറിയാതെ പോകുമായിരുന്നു. കാരണം ഈ മാധ്യമപ്രചരണത്തില്‍ പ്രവര്‍ത്തിച്ചത് അഞ്ചു പേരാണ്. അവര്‍ തീര്‍ച്ചയായും വധശിക്ഷയ്ക്ക് ഇരയായേക്കാം.
ലത്തീഫയെ സഹായിച്ചതിന്റെ പേരില്‍ വധഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത് അവരുടെ ഒളിച്ചോട്ടത്തില്‍ പങ്കാളികളായ ജൗബര്‍ട്ട്, ജൂഹിയാനന്‍, മൂന്ന് ഫിലിപ്പിനോ സഹായികള്‍ എന്നിവരാണ്. ലത്തീഫയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ശേഷം മാത്രമാണ് വീഡിയോ പുറത്തു വിടുന്ന കാര്യത്തില്‍ യുഎഇ സമീപനം മാറ്റിയതെന്നും സ്റ്റിര്‍ലിംഗ് കൂട്ടിച്ചേര്‍ക്കുന്നു.
ഷെയ്ഖ ലത്തീഫയുമായി ബന്ധപ്പെട്ട വിവരങ്ങളും അവരുടെ നിലവിലെ സ്ഥിതി എന്താണെന്നും യുഎഇ അധികൃതര്‍ അടിയന്തിരമായി വിവരങ്ങള്‍ പുറത്തു വിടണമെന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ അവരെ അനുവദിക്കണമെന്നും മദ്ധ്യേഷ്യന്‍ മനുഷ്യാവകാശ ഡയറക്ടര്‍ സാറാ ലെ വൈറ്റ്‌സണും ആവശ്യപ്പെട്ടു. ഇനി അവര്‍ തടങ്കലിലാണെങ്കില്‍ ഒരു സ്വതന്ത്ര ന്യായാധിപന് മുന്നില്‍ ഹാജരാക്കുന്നത് ഉള്‍പ്പെടെ ഒരു തടവുകാരിക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.
2010ല്‍ പരിചയപ്പെട്ടതിന് പിന്നാലെ ജൗഹിയനുമായി ഒരു സുദീര്‍ഘമായ ബന്ധമാണ് ലത്തീഫയ്ക്ക് ഉണ്ടായിരുന്നതെന്നും വൈറ്റ്‌സണ്‍ പറയുന്നു. 2014 ല്‍ സ്‌ക്കൈ ഡൈവിംഗ് പരീശീലനത്തിനിടെ ലത്തീഫ തന്റേയും സുഹൃത്തായെന്ന് അമേരിക്കക്കാരിയായ മറ്റൊരു സ്ത്രീയും പറയുന്നു. 2017 വേനലിലാണ് രക്ഷപ്പെടാനുള്ള പദ്ധതി ലത്തീഫ സുഹൃത്ത് ജൂഹിയാനനുമായി പങ്കുവെയ്ക്കുന്നത്. ഫെബ്രുവരി 24 ന് രണ്ടു പേരും അപ്രത്യക്ഷരാവുകയും ചെയ്തു. പിന്നീട് ജൗബര്‍ട്ട് തന്റെ സ്വകാര്യബോട്ടില്‍ എത്തി ഇവര്‍ക്കൊപ്പം നൊസ്‌ട്രോമോ യാനത്തില്‍ ചേരുകയായിരുന്നു.
ബോട്ടില്‍ നിരവധി ഫിലിപ്പീന്‍സുകാര്‍ ഉണ്ടായിരുന്നെന്നും ഗോവന്‍ തീരത്തു നിന്നും 50 മൈല്‍ അകലെയാണ് ബോട്ട് നിര്‍ത്തിയതെന്നും ജൂഹിയാനനന്‍ പറഞ്ഞത്. ജൗബര്‍ട്ടാണ് പ്രദേശത്തെക്കുറിച്ച് വിവരം നല്‍കിയത്. അപ്പോള്‍ സമയം രാത്രി പത്തു മണിയായിരുന്നു. ഷെയ്ഖ് ലത്തീഫയും താനും താഴെയായിരുന്നെന്നാണ് ജൗബര്‍ട്ട് പറഞ്ഞത്. പെട്ടെന്ന് വെടിശബ്ദം കേട്ടതോടെ ഇരുവരും യാനത്തിലെ ബാത്ത്‌റൂമില്‍ കയറി ഒളിച്ചു. ക്യാബിന്‍ ഗ്യാസ് നിറഞ്ഞതോടെ ഇരുവരും മുകളിലേക്ക് പോകാന്‍ നിര്‍ബ്ബന്ധിതരായി.
തങ്ങളുടെ ബോട്ടിനെ നിരവധി ബോട്ടുകള്‍ വലംവെയ്ക്കുന്നത് കണ്ടെന്ന് ജൂഹിയാനനന്‍ പറഞ്ഞു. ചിലര്‍ ബോട്ടിലേക്ക് കയറി. തോക്ക് ചൂണ്ടി തങ്ങളെ താഴേയ്ക്കിറക്കി, കാലും കയ്യും കെട്ടി. ഇംഗ്ലീഷിലായിരുന്നു യാനത്തിലേക്ക് കയറിയവര്‍ സംസാരിച്ചത്. ‘ആരാണ് ലത്തീഫ’ എന്ന് ചോദിച്ചു. തനിക്ക് പിന്നീട് ഒന്നും കാണുവാന്‍ കഴിഞ്ഞില്ലെന്നും ലത്തീഫ ആള്‍ക്കാരോട് തട്ടിക്കയറുന്നതും അഭയാര്‍ത്ഥിയായി പോകുകയാണെന്നും ലത്തീഫ പറയുന്നത് കേട്ടു. പിന്നീട് അവര്‍ ഷെയ്ഖ് ലത്തീഫയെ ബോട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോകുകയും ചെയ്തു. ജൗബര്‍ട്ടിനോടും മറ്റ് സഹായികളോടും അവര്‍ മോശമായിട്ടാണ് പെരുമാറിയതെന്നും ജൂഹിയാനനന്‍ പറഞ്ഞു.
യുഎഇ അധികൃതര്‍ക്കൊപ്പം ഇന്ത്യന്‍ തീരദേശ സേനയേയും ലത്തീഫ ഓപ്പറേഷനില്‍ പങ്കാളികളാക്കിയിരുന്നതായിട്ടാണ് ജൂഹിയാനനന്‍ പറഞ്ഞത്. ജൗബര്‍ട്ടിനെയും മറ്റുള്ളവരെയും താഴേ തട്ടില്‍ ഉപേക്ഷിച്ച് രാജകുമാരിയുമായി അധികൃതര്‍ യുഎഇയിലേക്ക് തന്നെ മടങ്ങിയെന്നാണ് ഇവര്‍ പറയുന്നത്. നാലു ദിവസം കഴിഞ്ഞപ്പോള്‍ ഇവരെ യുഎഇ യുടെ നാവികകപ്പലിലേക്ക് മാറ്റുകയും മൂന്ന് ദിനം യാത്ര ചെയ്ത് അവര്‍ യുഎഇയില്‍ എത്തുകയും ചെയ്തു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ പാര്‍പ്പിക്കുന്ന സീക്രട്ട് സ്‌റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെന്റര്‍ ഫോര്‍ പീപ്പിളിലാണ് രാജകുമാരിക്ക് പിടിച്ചു കൊണ്ടുപോയവര്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. രാജകുമാരിക്കായി പലതവണയായി നടന്ന അന്വേഷണത്തിനിടയില്‍ വധശിക്ഷയടക്കമുള്ള ഭീഷണി ആവര്‍ത്തിച്ചാവര്‍ത്തിച്ച് നേരിടേണ്ടി വന്നതായി ജൗബര്‍ട്ട് പറയുന്നു.
ആരോപിക്കപ്പെട്ട കാര്യങ്ങളില്‍ ചെയ്ത പല കാര്യങ്ങളും സമ്മതിച്ചെങ്കിലും ലത്തീഫയുടെ വീഡിയോ പുറത്തു വിടുന്നത് പോലെയുള്ള കുറ്റം ജൗബര്‍ സമ്മതിച്ചില്ല. നാലു ദിവസത്തിന് ശേഷം വീഡിയോ ചിത്രീകരിച്ചത് സമ്മതിക്കുകയോ അറബി ഭാഷയില്‍ മനസ്സിലാകാത്ത അനേകം രേഖകളില്‍ ഒപ്പിടുകയോ ചെയ്താല്‍ മോചിപ്പിക്കാമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അവരോട് പറഞ്ഞു.
തുടര്‍ന്ന് അവര്‍ രേഖകളില്‍ ഒപ്പുവെക്കുകയായിരുന്നു. ലത്തീഫയെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും മിണ്ടാതിരിക്കുന്നതിനുള്ള നിബന്ധനകളാണ് ഇംഗ്‌ളീഷില്‍ എഴുതിയിരിക്കുന്ന കരാറില്‍ ഉള്ളതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. ബോട്ടില്‍ നിന്നും പിടിച്ചെടുത്ത അവരുടെ കമ്പ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ നല്‍കാതെ മാര്‍ച്ച് 22 ന് യുഎഇ അധികൃതര്‍ ഫിന്‍ലന്റിലേക്ക് മടങ്ങാന്‍ ജൂഹിയാനനെ അനുവദിച്ചു.
അതേസമയം തന്നെ ജൗബര്‍ട്ടിനെയും മറ്റു ജീവനക്കാരെയും അയാളുടെ ബോട്ടില്‍ തന്നെ രാജ്യം വിടാനും അനുവദിച്ചു. തങ്ങളുടെ മതവിശ്വാസങ്ങളെ മറികടന്നു ലത്തീഫയെ രക്ഷപ്പെടാന്‍ സഹായിച്ചെന്നതൊഴിച്ചാല്‍ ജൗബര്‍ട്ടിന്റെ പേരില്‍ യുഎഇ അധികൃതര്‍ക്ക് ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് മോചിപ്പിക്കാന്‍ കാരണമായത്. ഇസ്‌ളാമിക നിയമം അനുസരിച്ച് സ്ത്രീകളെ കീഴില്‍ വെയ്ക്കാന്‍ പിതാവിനോ, സഹോദരനോ, ഭര്‍ത്താവിനോ ആണ് അവകാശം. ലത്തീഫയെ സഹായിക്കാന്‍ ശ്രമിച്ചത് അവരുടെ പിതാവില്‍ നിന്നും അവരെ തട്ടിക്കൊണ്ടുപോയതിന് തുല്യമായിട്ടാണ് ഇസ്‌ളാമിക നിയമത്തില്‍ വിലയിരുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തന്റെ യാനത്തിന് നേരെ സൈനിക ആക്രമണം ഉണ്ടാകാനും തങ്ങളെ പിടിച്ചെടുത്ത് യുഎഇയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ കാരണമായതെന്ന് ജൗബര്‍ട്ട് പറഞ്ഞു.
തെരച്ചിലിന് ശേഷം യുഎഇ അധികൃതര്‍ പോയതിന് തൊട്ടു പിന്നാലെ തന്റെ ബോട്ട് ഇന്ത്യന്‍ അധികൃതര്‍ പിടിച്ചെടുത്തതായും ഇയാള്‍ പറഞ്ഞു. യാനത്തില്‍ ഇന്ത്യന്‍ തീരദേശസേനയാണ് എമിറേറ്റ്‌സിലേക്ക് മടങ്ങാന്‍ ഇന്ധനം നിറച്ചു കൊടുത്തത്.
യുഎഇയിലേക്ക് മടക്കിക്കൊണ്ടുപോവുമ്പോള്‍ കണ്ണും കയ്യും കെട്ടിയിരുന്നു. തട്ടിക്കൊണ്ടു പോയി തങ്ങള്‍ക്ക് യാതൊരു പിടിയും കിട്ടാത്ത ജയിലിലേക്ക് അയക്കുകയായിരുന്നു. എവിടെയാണ് അവര്‍ ഞങ്ങളെ പാര്‍പ്പിച്ചെന്നും അറിയില്ല.
ആകെ അഞ്ചു യുദ്ധക്കപ്പലുകളും രണ്ടു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ഉണ്ടായിരുന്നതായും ഒരു നൈതികതയും ഇല്ലാതെ തന്നെ അമേരിക്കന്‍ മേല്‍നോട്ടത്തിന് കീഴിലായിരിക്കാം യാനത്തിന് നേരെ മിലിട്ടറി ഓപ്പറേഷന്‍ നടന്നിരിക്കുകയെന്നും ജൗബര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സായുധസേന പോലും തങ്ങളെ ആക്രമിച്ചു എന്നത് തന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയവും ഞെട്ടിക്കുന്നതുമായിരുന്നു. അതൊരു മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം പോലെയായിരുന്നു. അഞ്ച് യുദ്ധക്കപ്പലുകളും മിസൈലുകളെയും പെട്രോളിംഗ് എന്ന് എങ്ങിനെ വിശേഷിപ്പിക്കുമെന്ന് ജൗബര്‍ട്ട് ചോദിച്ചു. അവര്‍ ഞങ്ങളെ വേട്ടയാടുകയായിരുന്നു. യാതൊരു മുന്നറിയിപ്പോ, നോട്ടീസോ, ഒരു റേഡിയോ കോള്‍ പോലുമില്ലാത്ത സൈനികാക്രമണം.
തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണോ എന്നതുള്‍പ്പെടെ ഷെയ്ഖ ലത്തീഫയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടേണ്ടത് യുഎഇ അധികൃതരാണെന്നാണ് വിഷയത്തില്‍ ഇടപെട്ട അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.
ഇപ്പോഴായാലും പിന്നീടായാലും ലത്തീഫയെ മോചിപ്പിക്കേണ്ടി വരുമെന്നാണ് സ്റ്റിര്‍ലിംഗും കരുതുന്നത്. പൊതുസമൂഹത്തിന്റെ ശബ്ദം ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ യുഎഇയ്ക്ക് കാര്യങ്ങള്‍ ലളിതമായി പോകുകയില്ല. ലത്തീഫയുടെ നിര്‍ബ്ബന്ധിത അപ്രത്യക്ഷമാകലില്‍ യുഎന്നും ഹ്യൂമന്റൈറ്റ് വാച്ച് പോലെയുള്ള അന്താരാഷ്ട്ര രംഗത്തെ മുന്‍നിര മനുഷ്യാവകാശ സംഘടനകളും ഇടപെട്ടിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം തുടരുമ്പോള്‍ അവളുടെ മോചനം വിദൂരമല്ല. സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടിയുള്ള ഒരു യുവതിയുടെ തൃഷ്ണയെ മാനിക്കാതെ അന്താരാഷ്ട്ര സമൂഹം നീങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.
ഒരു സുപ്രധാന ശക്തി എന്ന നിലയില്‍ അന്താരാഷ്ട്ര തത്വങ്ങളേയും നിയമങ്ങളേയും യുഎഇക്കും മാനിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ലത്തീഫയെ മോചിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം നല്‍കി തങ്ങളുടെ വിശ്വാസ്യത നില നിര്‍ത്തേണ്ട ബാധ്യതയിലാണ് യുഎഇ യെന്നും സ്റ്റിര്‍ലിംഗ് കൂട്ടിച്ചേര്‍ക്കുന്നു. ഇന്റര്‍പോളിന്റെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തില്‍ യുഎഇ 50 ദശലക്ഷം ഡോളര്‍ ഇന്റര്‍പോളിന് നല്‍കേണ്ടി വരും.