UPDATES

വിദേശം

മുസ്ലിങ്ങളെ കൊന്നൊടുക്കിയ ഇന്ത്യയോടുള്ള ദാവൂദിന്റെ പ്രതികാരമായിരുന്നു മുംബൈ സ്‌ഫോടനം: മുഷറഫ്‌

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടാകാമെന്നും എന്നാല്‍ ദാവൂദിനെ കണ്ടെത്താനുളള ഇന്ത്യയുടെ ശ്രമത്തെ ഒരു വിധത്തിലും സഹായിക്കില്ലെന്നും മുഷ്‌റഫ്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടാകാമെന്നും എന്നാല്‍ ദാവൂദിനെ കണ്ടെത്താനുളള ഇന്ത്യയുടെ ശ്രമത്തെ ഒരു വിധത്തിലും സഹായിക്കില്ലെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷ്‌റഫ്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. പാക്കിസ്ഥാന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് പറഞ്ഞ് ഇന്ത്യ ഏറെ നാളായി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. പിന്നെ എന്തിനാണ് ഞങ്ങള്‍ ഇന്ത്യയെ സഹായിക്കുന്നത്. ദാവൂദ് എവിടെയാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടാകാം, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആകാം. ഇന്ത്യ മുസ്ലീങ്ങളെ കൊന്നൊടുക്കി. ഇതിനെതിരെ ദാവൂദ് ഇബ്രാഹിം പ്രതികരിച്ചു’ എന്നായിരുന്നു മുഷ്‌റഫ് അഭിമുഖത്തില്‍ പറഞ്ഞത്.

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നിഷേധിക്കായിരുന്നു ഇതുവരെ. നേരത്തെ അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇതും പാക്കിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു. ഒടുവില്‍ 2011 മേയില്‍ പാക്കിസ്ഥാനിലെ അബ്ട്ടബാദ്ദില്‍ അമേരിക്കന്‍ സേന നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ കൊല്ലുകയായിരുന്നു. ഈ സംഭവം വിവാദമായപ്പോള്‍ ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നായിരുന്നു മുഷ്‌റഫിന്റെ മറുപടി.

260 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം നടത്തിയ ദാവൂദിനെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാക് സര്‍ക്കാരിന്റെയും ചാരസംഘടന ഐഎസ്‌ഐയുടെയും പിന്തുണയോടെ ദാവൂദ് കറാച്ചിയില്‍ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍