UPDATES

വിദേശം

അഗസ്റ്റവെസ്റ്റ്ലാൻഡ്: ദുബായ് രാജകുമാരിയെ വെച്ച് യുഎഇയുമായി ഇന്ത്യ വിലപേശുന്നു? ലക്ഷ്യം സോണിയ ഗാന്ധി?

തനിക്കു കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്ന് വ്യാജമൊഴി നൽകാൻ ഇന്ത്യ മൈക്കലിനു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു

അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ലത്തീഫ രാജകുമാരിയെ മടക്കി അയച്ചതിന് പകരമായി നയതന്ത്ര ബന്ധങ്ങള്‍ ‘ശക്തിപ്പെടുത്തുന്നത്’ ചൂണ്ടിക്കാട്ടി, അഗസ്റ്റവെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിലെ കുറ്റാരോപിതനായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കലിനെ വിട്ടുതരാന്‍ ഇന്ത്യ ആവശ്യപ്പെടുന്നുവെന്ന് ലത്തീഫ രാജകുമാരിയെ പ്രതിനിധീകരിക്കുന്ന Detained in Dubai സി ഇ ഒ രാധ സ്റ്റിർലിങ്ങിന്റെ ആരോപണം.

ജൂലായ് 18-ന് ദുബായിൽ തടഞ്ഞുവെച്ച മൈക്കലിനെ തങ്ങൾക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ദുബായ് അധികൃതരെ സമീപിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. “തടഞ്ഞുവെച്ച മൈക്കലിനെ ഇന്ത്യൻ ഉദ്യോഗസ്ഥർ കാണുകയും കൈമാറ്റം ചെയ്തു കിട്ടുന്നതിനായി അഭിഭാഷകരെ ഏർപ്പാടുക്കുകയും ചെയ്തു” എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിനോപ്പമാണ്, വിവാദമായ അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് നടന്ന കാലത്ത് തനിക്കു കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്ന് വ്യാജമൊഴി നൽകാൻ ഇന്ത്യയിൽ നിന്നുള്ള അന്വേഷക സംഘം മൈക്കലിനു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മൈക്കലിന്റെ അഭിഭാഷനെ ഉദ്ധരിച്ചുള്ള ഇന്ത്യ ടുഡേ റിപ്പോർട്ടും പുറത്തുവരുന്നത്.

അതേസമയം സോണിയ ഗാന്ധിയുടെ പേര് പറയാൻ അന്വേഷകർ സമ്മർദ്ദം ചെലുത്തിയെന്ന് മൈക്കൽ ആരോപിച്ചതിനു പിന്നാലെ “ക്രിസ്റ്റ്യൻ മൈക്കലിനെ അഗസ്റ്റവെസ്റ്റ്ലാൻഡ് സംഭവത്തിൽ കുറ്റസമ്മതം നടത്താൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല” എന്ന് സിബിഐ വക്താവ് അഭിഷേക് ദയാൽ പറഞ്ഞു. മൈക്കലിനെ ഈ വർഷം അറസ്റ്റ് ചെയ്തിരുന്നു എന്ന വാർത്തയും ദയാൽ നിഷേധിച്ചു.

“ക്രിസ്റ്റ്യൻ മൈക്കലിനെ ഫെബ്രുവരി 2017-ന് യുഎഇ അധികൃതരാണ് പിടികൂടിയത്. അയാളുടെ അഭിഭാഷകൻ അവകാശപ്പെടുന്നപോലെ അയാളെ ഈ വർഷമല്ല പിടികൂടിയത്. നിയമത്തെ വെട്ടിച്ചു കടന്നവർക്കെതിരായ കൈമാറ്റ നടപടികൾ യുഎഇയിൽ നടക്കുകയാണ്.”

അതേസമയം യു കെയിലും സ്വിട്സർലാൻഡിലും പൗരത്വമുള്ള മൈക്കലിനെതിരെ ആ രണ്ടു രാജ്യങ്ങളിലും ഒരു കുറ്റാരോപണവും ഇല്ലെന്നു കാണിച്ച് ഇന്ത്യയുടെ കൈമാറ്റ അപേക്ഷകളെ അയാളുടെ അഭിഭാഷകൻ എതിർക്കുന്നുണ്ട്. ഹെലികോപ്റ്റർ ഇടപാട് ആദ്യം കൈകാര്യം ചെയ്ത ഇറ്റലിയിലെ കോടതികളിലും മൈക്കലിനെതിരെ കുറ്റാരോപണമൊന്നും ഇല്ലെന്നും അവർ പറയുന്നു. ഇറ്റാലിയന്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ അഞ്ചു വർഷമായി മൈക്കൽ ദുബായിൽ താമസിക്കുകയാണ്. ഹെലികോപ്റ്റർ ഇടപാടിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നല്‍കിയതിനെ തുടർന്നാണ് ദുബായ് പോലീസ് മൈക്കലിനെ തടഞ്ഞുവെച്ചത്.

അഴിമതിവിവാദത്തിൽ മൈക്കലിന് പങ്കുണ്ടെന്ന് ഇറ്റലിയിലെ ഒരു കോടതിയിൽ നൽകിയ മൊഴികളും രേഖകളും പുറത്തുവരികയും അയാൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്തതോടെ ഈ അഴിമതി വിവാദം 2013ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയിരുന്നു.

മൈക്കലിന്റെ മരിച്ചുപോയ പിതാവ് വൂൾഫ്‌ഗാങ് മൈക്കൽ ഒരു ആയുധ ഇടപാടുകാരനായിരുന്നു. 1980-കളുടെ പകുതിയിൽ ചില വിവാദ ആയുധ ഇടപാടുകളുടെ പേരിൽ ഇന്ത്യ ഇയാളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. 2015-ൽ ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം മൈക്കലിനെതിരെ ഒരു റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

അഴിമതി ഇടപാടിൽ പങ്കുണ്ടെന്നു കരുതുന്ന മറ്റു രണ്ട് ഇറ്റലിക്കാരായ ഗുയ്‌ഡോ ഹാഷ്‌ക്കേ, കാർലോ ഗെ റോസ എന്നിവര്‍ക്കെതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, കുറ്റവിമുക്തനാക്കുന്നതിനു പകരമായി സോണിയ ഗാന്ധിയുടെ പേര് പറയുന്ന ഒരു വ്യാജ കുറ്റസമ്മത മൊഴി കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും മൈക്കലിൽ നിന്നും നിർബന്ധപൂർവം എഴുതി വാങ്ങിയെന്ന് ജൂലായ് 19-ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ആരോപിച്ചിരുന്നു.

ജൂലായ് 18-ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് Giuseppe Orsi, Bruno Spagnolini എന്നിവര്‍ക്കും Finmeccanica, Agustawestland എന്നിവയുടെ മുൻ ഡയറക്ടർമാരും മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയും അടക്കം 34 പേർക്കെതിരെ അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ കുറ്റവിചാരണ പരാതി സമർപ്പിച്ചു.

കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ചും 2015-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദർശനത്തിനുശേഷം, ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഒരു നിർണായക സുരക്ഷാ പങ്കാളിയാണ് യുഎഇ.

എന്നാൽ മൈക്കലിനെ കൈമാറുന്നതിന് യുഎഇയോടുള്ള ഇന്ത്യയുടെ അഭ്യർത്ഥന ഷെയ്‌ഖ ലത്തീഫ അൽ മക്തൂമിനെ തട്ടിക്കൊണ്ടുപോയതിൽ യുഎഇയുമായി ഇന്ത്യ നടത്തിയ സഹകരണമാണെന്നാണ് Detained in Dubai സിഇഒ പറയുന്നത്.

“അന്താരാഷ്‌ട്ര നിയമ മാനദണ്ഡങ്ങളും മര്യാദകളും ലംഘിക്കാനുള്ള പ്രവണതയാണ് ഇരുരാജ്യങ്ങളും തമ്മിൽ കാണുന്നത്. ആനുകൂല്യങ്ങളുടെ രാഷ്ട്രീയമാണ് നടക്കുന്നത്,” സ്റ്റിർലിംഗ് പറഞ്ഞു. കൈമാറ്റം കോടതികളുടെ നടപടിയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടേതല്ലെന്നും എന്നാൽ മൈക്കലിനെ വിട്ടുകിട്ടാൻ ഇന്ത്യൻ അധികൃതർ ദുബായിൽ ഒത്തുതീർപ്പു ചർച്ചകൾക്കായി ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“കഴിഞ്ഞ മാർച്ചിൽ രക്ഷപ്പെട്ടോടിപ്പോന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദിന്റെ മകളെ പിടികൂടാന്‍ യുഎഇ, ഇന്ത്യയുടെ സഹായം തേടി എന്നതും നിങ്ങൾ കാണണം,” സ്റ്റിർലിംഗ് പറഞ്ഞു.

അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചതിനും ലത്തീഫയുടെ ബോട്ടിൽ ഇന്ത്യൻ തീരസേന നടത്തിയ പരിശോധനയുടെ പേരിലും ഇന്ത്യ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ ഇത് സംബന്ധിച്ച ചോദ്യങ്ങൾ നേരിട്ടു.

നിലവിലുള്ള നിയമപ്രക്രിയയെ മറികടക്കാൻ യുഎഇയുമായി വേണ്ടത്ര രാഷ്ട്രീയ മൂലധനം ഇതുവഴി ഇന്ത്യ സമ്പാദിച്ചു. മകളെ തിരിച്ചയക്കാൻ ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടപ്പോൾ ആവശ്യമായ കൈമാറ്റ നടപടിക്രമങ്ങൾക്ക് മോദി സര്‍ക്കാര്‍ നിർബന്ധം ചെലുത്തിയില്ല. ഇപ്പോൾ യുഎഇയിൽ നിന്നും ആരെയെങ്കിലും വിട്ടുകിട്ടാൻ ഈ ആനുകൂല്യം പകരം ചോദിക്കുകയാണ് ഇന്ത്യ എന്നാണ് ആരോപണം.

ഈ വിഷയത്തിൽ ഇന്ത്യക്കും യുഎഇക്കുമെതിരെ നിയമനടപടികൾ തുടരുകയും യുഎന്നിനെയും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെയും സഹായിക്കുകയാണ് Detained in Dubaiയും Guernica International Justice ലെ ടോബി കാഡ്‌മാനും.

ഷെയ്‌ഖ ലത്തീഫ എവിടെയാണ് എന്നത് ഇപ്പോൾ അറിയില്ലെന്ന് കാഡ്‌മാൻ പറയുന്നു. അവരിപ്പോൾ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി യുഎഇ അധികൃതരുടെ പക്കലാണ് എന്നാണ് അനുമാനം.

“സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത അപ്രത്യക്ഷമാകലിന് വിധേയയാണ് അവർ; അതിൽ ഇന്ത്യയും ഉത്തരവാദികളാണ്,” കാഡ്‌മാൻ പറഞ്ഞു.

ലത്തീഫ രാജകുമാരിയുടെ കാര്യത്തിൽ മോദി സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് Detained in Dubai വക്താവ് പറഞ്ഞു.

പീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും രക്ഷപ്പെട്ട് അഭയം തേടുകയാണ് എന്ന് പറഞ്ഞ ഒരു യുവതിയെ ബലമായി മടക്കിക്കൊണ്ടുപോവുന്നതിന് യുഎഇയെ സഹായിക്കുകയാണ് ഇന്ത്യ ചെയ്തത് എന്നത് നേരത്തെ പുറത്തു വന്നിരുന്നു. അന്താരാഷ്ട്ര, പ്രാദേശിക നിയമങ്ങളെ ലംഘിച്ചുകൊണ്ട് കടലിൽ ഒരു യു എസ് കപ്പലിനെ ആക്രമിക്കുന്നതുവരെയെത്തി യുഎഇയും ഇന്ത്യയും എന്ന് സ്റ്റിർലിംഗ് പറയുന്നു.

“ഇത്തരത്തിലുള്ള തെമ്മാടിപ്പെരുമാറ്റം ലോക പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയും ചോദ്യം ചെയ്തില്ലെങ്കിൽ അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്യും,” അവർ പറഞ്ഞു.

EXCLUSIVE: ലത്തീഫയെ പിടികൂടി തിരിച്ചയച്ചത് ഇന്ത്യ തന്നെ; ദുബായ് രാജകുമാരിയോട് അവസാനം സംസാരിച്ചയാളുടെ വെളിപ്പെടുത്തല്‍

രക്ഷപ്പെട്ട ദുബായ് രാജകുമാരിയെ പിടികൂടി കുടുംബത്തിന്റെ കസ്റ്റഡിയിലാക്കിയതിന് പിന്നില്‍ മോദി?

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍