UPDATES

വിദേശം

ഈ ആലിംഗനത്തിന്റെ സന്ദേശം ട്രംപിന് ബോധ്യപ്പെടുമോ? ഇരു കൊറിയന്‍ നേതാക്കളും ഇന്ന് കണ്ടുമുട്ടുമ്പോള്‍

ആണവനിരായുധീകരണത്തെയും കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാകും എന്ന പ്രതീക്ഷയോടെ ലോകം

ആണവനിരായുധീകരണത്തെയും കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനെയും കുറിച്ച് ദുർബലമായിക്കൊണ്ടിരിക്കുന്ന സംഭാഷണ പ്രക്രിയ ഊർജ്ജിതമാക്കാനായി പ്യോങ്‌യാങിലെത്തിയ തെക്കൻ കൊറിയ പ്രസിഡണ്ട് മൂൺ ജെ ഇന്നിനെ വിടർന്ന ചിരിയും ആലിംഗനവുമായാണ് വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സ്വാഗതം ചെയ്തത്.

നൂറുകണക്കിന് വടക്കൻ കൊറിയക്കാരും പരമ്പരാഗത വേഷത്തിൽ പൂക്കളുമായി കൊറിയൻ ഉപഭൂഖണ്ഡത്തിന്റെയും വടക്കൻ കൊറിയയുടെയും കൊടികള്‍ വീശി മൂണിനെ വരവേറ്റു. “പ്യോങ്‌യാങിലേക്കുള്ള പ്രസിഡണ്ട് മൂണിന്റെ സന്ദർശനത്തെ ഞങ്ങൾ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു,” എന്ന് അവർക്കു പിന്നില്‍ എഴുതിയിരുന്നു.

മുകൾവശം തുറന്ന കറുത്ത മെഴ്‌സിഡസ് വണ്ടിയിൽ ഒരുമിച്ചാണ് ഇരുനേതാക്കളും മൂൺ താമസിക്കുന്ന പെയ്ക്വൻ അതിഥി മന്ദിരത്തിൽ എത്തിയത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലുമായി 2000, 2007 വർഷങ്ങളിൽ നടന്ന ഉച്ചകോടികളിലും അന്നത്തെ തെക്കൻ കൊറിയൻ പ്രസിഡണ്ടുമാർ താമസിച്ചത് ഇതേ അതിഥി മന്ദിരത്തിലായിരുന്നു.

മൂണും കിമ്മും തമ്മിൽ നടക്കുന്ന ഈ കൊറിയൻ ഉച്ചകോടി, കിം നിർദ്ദേശിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വീണ്ടുമൊരു കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് വളരെ നിർണായകമാണ്.
കഴിഞ്ഞ മാസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പ്യോങ്‌യാങ് സന്ദർശനം റദ്ദാക്കിയ ട്രംപ്, തനിക്കും കിമ്മിനും ഇടയിൽ ‘മുഖ്യ മധ്യസ്ഥൻ’ ആകാൻ മൂണിനോട് ആവശ്യപ്പെട്ടു എന്നാണു മൂണിന്റെ സഹായികൾ പറയുന്നത്.

കൊറിയൻ യുദ്ധം (1950- 53) അവസാനിപ്പിക്കുന്നു എന്ന ഔദ്യോഗികമായ പ്രഖ്യാപനമെന്ന നിർണായകമായ ലക്ഷ്യത്തിനു മുമ്പായി വടക്കൻ കൊറിയയുടെ ആണവ നിരായുധീകരണത്തിലേക്ക് മൂർത്തമായ നടപടികൾ ഉണ്ടാക്കാനാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്.

“ഈ സന്ദർശനത്തിന് ശേഷം വടക്കൻ കൊറിയ-യു. എസ് സംഭാഷണം പുനരാരംഭിച്ചാൽ അതിനു വലിയ പ്രാധാന്യമുണ്ട്,” തന്റെ യാത്രയ്ക്ക് മുമ്പായി മൂൺ പറഞ്ഞു.

നിലച്ചുപോയ ആണവ ചർച്ചയുടെ കാര്യത്തിൽ ‘യു എസിനാണ് പൂർണ ഉത്തരവാദിത്തം’ എന്ന് വടക്കൻ കൊറിയ ഔദ്യോഗിക മാധ്യമം റോഡോങ് സിന്മുൻ സൂചിപ്പിച്ചു.

“മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുന്‍പ് നമ്മുടെ രാജ്യം പൂർണമായും നമ്മുടെ ആണവ ശേഷി ഇല്ലാതാക്കണമെന്ന അവരുടെ അസംബന്ധവും അർത്ഥശൂന്യവുമായ കടുംപിടിത്തമാണ് കാരണം. യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള വിശ്വാസവര്‍ധക നടപടികൾക്ക് താത്പര്യം കാണിക്കാതെയാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്,” പത്രം അതിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു.

യുദ്ധത്തിൽ പലായനം ചെയ്യേണ്ടിവന്ന ഒരു കുടുംബത്തിൽ നിന്നുള്ള മൂൺ ഈ വർഷം രണ്ടുതവണ അതിർത്തിഗ്രാമമായ പാൻമുൻജോമിൽ കിംമുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പ്യോങ്‌യാങിലെ സുനൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മൂണിനെ കിമ്മും ഭാര്യ റി സോൾ ജുവും ഉന്നത വടക്കൻ കൊറിയൻ നേതൃത്വവും വലിയ സൈനിക പ്രകടനത്തോടെയാണ് സ്വീകരിച്ചത്.
കിമ്മിന്റെ ഇളയ സഹോദരിയും മുഖ്യ പ്രചാരണ മേധാവിയുമായ കിം യോ ജോങ്, മൂൺ എത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും കിം ജോ ഉന്നിനെയും ഭാര്യയേയും അനുഗമിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയുടെ ഭാഗമായി സാംസങ്, എസ്.കെ ഗ്രൂപ്, എൽ.ജി എന്നീ തെക്കൻ കൊറിയൻ കോർപ്പറേറ്റു കമ്പനികളുടെ ഉന്നതർ വടക്കൻ കൊറിയയുടെ ധനമന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി റി റിയോങ്ങുമായി ചർച്ച നടത്തും.

ബുധനാഴ്ച്ച നടത്തുന്ന രണ്ടാം വട്ട ഉദ്യോഗസ്ഥതല ചർച്ചകൾക്കുശേഷം ഇരുനേതാക്കളും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും സംഘർഷവും സൈനിക സംഘട്ടനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഒരു സൈനിക ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച്ച രാവിലെ മൂൺ തിരികെയെത്തും.

ഉപരോധ സമ്മർദ്ദം

പ്യോങ്യാങ്ങിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കുള്ള ധനലഭ്യത ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള യു എൻ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ യു. എസ് മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനിടയിലാണ് ഈയാഴ്ച്ചത്തെ ഉച്ചകോടി നടക്കുന്നത്.

തങ്ങളുടെ പ്രധാന ആണവ, മിസൈൽ പരീക്ഷണ കേന്ദ്രം തങ്ങൾ നശിപ്പിച്ചു എന്നും ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചു എന്നും വടക്കൻ കൊറിയ പറയുന്നു. പക്ഷെ രഹസ്യമായി അവരതു ചെയ്യുന്നുണ്ട് എന്നാണു യു.എസും മറ്റു പല നിരീക്ഷകരും കരുതുന്നത്.

വടക്കൻ കൊറിയക്കു മേലുള്ള യു എൻ ഉപരോധത്തെ ‘വഞ്ചിക്കുന്നതായി’ യു എന്നിലെ യു എസ് പ്രതിനിധി നിക്കി ഹാലി റഷ്യക്കെതിരെ തിങ്കളാഴ്ച്ച ആരോപണമുയർത്തുകയുണ്ടായി.

വടക്കൻ കൊറിയയുടെ ആണവനിരായുധീകരണത്തിനും കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനത്തിനുമുള്ള ഒരു ചട്ടക്കൂടുള്ള ഒരു നിർദ്ദേശം ഉണ്ടാക്കാനാകും എന്ന് മൂൺ കരുതുന്നതായി സിയൂളിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സമാധാന ഉടമ്പടിയിലല്ല, ഒരു വെടിനിർത്തലിലാണ് യുദ്ധം നിർത്തിവെച്ചത്. ഇതുമൂലം യു. എസ് നേതൃത്വത്തിലുള്ള യു എൻ സേനയും തെക്കൻ കൊറിയയും ഇപ്പോഴും സാങ്കേതികമായി യുദ്ധത്തിലാണ് എന്ന നിലയാണുള്ളത്.

എന്നാൽ ആണവ നിരായുധീകരണം സംബന്ധിച്ച് വടക്കന്‍ കൊറിയയിൽ നിന്നും കാര്യമായെന്തെങ്കിലും നടക്കാതെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് അധികൃതർ വലിയ ആവേശം കാണിക്കുന്നില്ല എന്ന് തെക്കൻ കൊറിയൻ വൃത്തങ്ങൾ പറയുന്നു. ട്രംപിന്റെ ആദ്യ കാലാവധി 2021 ആദ്യം അവസാനിക്കുന്നതിനു മുമ്പ് തന്നെ ആണവ നിരായുധീകരണം സാധ്യമാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൂണിന്റെ പ്രത്യേക ദൂതന്മാരോട് ഈ മാസമാദ്യം കിം പറഞ്ഞതിൽ തെക്കൻ കൊറിയ വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട്. ഒരു സമയക്രമത്തിൽ എത്തിച്ചേരുക എന്നതാണ് മൂണിന്റെ മുന്നിലുള്ള വെല്ലുവിളി. കാരണം ഇതിന് യു.എസ് കൂടി സഹകരിക്കണം.

“ആണവനിരായുധീകരണത്തിനുള്ള കിമ്മിന്റെ സന്നദ്ധതയെ തെക്കൻ കൊറിയ അമിതമായി വിശ്വസിക്കുന്നു എന്ന യു. എസ് വിമർശനം നിലനിൽക്കെ എങ്ങനെയാണ് ആണവ നിരായുധീകരണം സംബന്ധിച്ച തന്റെ ആത്മാർത്ഥത മൂണിന് ട്രംപിനെ ബോദ്ധ്യപ്പെടുത്താനാവുക എന്നത് രണ്ടാം ഉച്ചകോടിയുടെ വിധി നിർണയിക്കുന്ന ഒരു നിർണായക ഘടകമാണ്,” സിയൂളിലെ സൂങ്സിൽ സർവകലാശാലയിലെ അദ്ധ്യാപകൻ ലീ ജുങ് ചുൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍