UPDATES

വിദേശം

“സ്വേച്ഛാധിപതിക്ക് മരണം”: ഇറാന്‍ ഭരണകൂടത്തിനും ഖൊമെയ്നിയ്ക്കും എതിരെ ജനകീയ പ്രക്ഷോഭം ശക്തം

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാഷദില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രകടനങ്ങള്‍ ടെഹ്രാന്‍, കെര്‍മാന്‍ഷാ, ആരക്, ഖ്വാസ്വിന്‍, ഖൊറാമബാദ്, കറാജ് തുടങ്ങിയ പട്ടണങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ഇറാനില്‍ മൂന്ന് ദിവസമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ ശനിയാഴ്ച അക്രമാസക്തമായതായി റിപ്പോര്‍ട്ടുകള്‍. ‘സ്വേച്ഛാധിപതിക്ക് മരണം,’ ‘രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക,’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അക്രമാസക്തമായത്. പടിഞ്ഞാറന്‍ ഇറാനിലെ ദോറുദില്‍ രണ്ട് പ്രകടനക്കാര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളില്‍ പ്രകടനക്കാര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീവെക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ശനിയാഴ്ച ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അനധികൃതമായി സംഘം ചേരുകയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനെതിരെ ഇറാന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ മുന്നറിയിപ്പുകള്‍ പ്രതിഷേധക്കാര്‍ അവഗണിച്ചിരിക്കുകയാണ്. 2009ല്‍ പരിഷ്‌കരണങ്ങള്‍ക്ക് അനുകൂലമായി നടന്ന പ്രകടനങ്ങള്‍ സമാനമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ പ്രകടനങ്ങളെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്രത്തോളം വിശ്വസിക്കാം എന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബിബിസി ചൂണ്ടിക്കാണിക്കുന്നു.

ഇറാന്‍ പരമോന്നത പുരോഹിത നേതാവായ അയത്തൊള്ള ഖൊമൈനിക്ക് എതിരായി നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പലയിടത്തും ഖൊമൈനിയുടെ ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാഷദില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രകടനങ്ങള്‍ ടെഹ്രാന്‍, കെര്‍മാന്‍ഷാ, ആരക്, ഖ്വാസ്വിന്‍, ഖൊറാമബാദ്, കറാജ് തുടങ്ങിയ പട്ടണങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു എന്ന് വൈസ് പ്രസിഡന്റ് ഇഷാഖ് ജാഹന്‍ഗിരിയെ ഉദ്ധരിച്ചുകൊണ്ട് ഔദ്യോഗിക മാധ്യമമായ ഇര്‍ന കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെട്ടിട്ടുണ്ട്. പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാന്‍ ഭരണകൂടം മനസിലാക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഭരണകൂടത്തിന്റെ അഴിമതിയിലും വിദേശ ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതിനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിലും ഉള്ള സമാധാനപരമായ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നതെന്നും അതിന് യുഎസിന്റെ പിന്തുണ ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്റേഴ്‌സും പറഞ്ഞു. ഇറാനിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കും അഴിമതി അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിന് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ആഹ്വാനം ചെയ്തു.

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനജീവിതം ഇറാനില്‍ ദുസഹമായിരിക്കുകയാണ്. രാജ്യത്തെ പുരോഹിത ഭരണം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും സര്‍ക്കാരിനെതിരായി തെരുവിലിറങ്ങുന്നത്. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ വ്യാപകമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.

റുഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റ്; പക്ഷേ മന:സമാധാനത്തോടെ ഭരിക്കാമെന്ന് കരുതേണ്ട

പ്രസിഡന്റ് റൂഹാനിക്കെതിരെയല്ല തങ്ങള്‍ സമരം നടത്തുന്നതെന്ന് ചില പ്രതിഷേധക്കാര്‍ അറിയിച്ചു. ഇറാനിലെ ഭരണസംവിധാനം തന്നെ ദുഷിച്ചതായും സമൂലമായ പരിവര്‍ത്തനമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ചില പ്രതിഷേധക്കാര്‍ ബിബിസിയോട് പറഞ്ഞു. നേരത്തെ ടെഹ്രാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ അയത്തൊള്ള ഖൊമൈനി സ്ഥാനമൊഴിയണം എന്ന ആവശ്യം ഉയര്‍ന്നു. ഇവിടെ പ്രകടനക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു. 2009ല്‍ നടന്ന ഹരിത പ്രതിഷേധത്തിന്റെ എട്ടാം വാര്‍ഷികദിനത്തിലാണ് പുതിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അന്ന് നടന്ന തെരുവ് പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ച്ചിയിരുന്നു.

ഇതിനിടയില്‍ ശനിയാഴ്ച സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. പ്രതിവിപ്ലവകാരികളും വിദേശ ഏജന്റുമാരുമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ ഈ മൃദുസമീപനം അധികകാലം തുടരാന്‍ ഇടയില്ലെന്ന് ഇറാന്‍ വിഷയത്തില്‍ വിദഗ്ധരായവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ കോവ്‌സാരിയുടെ പ്രസ്താവനയെ വരാനിരിക്കുന്ന കര്‍ശന നടപടികളുടെ സൂചനയായി അവര്‍ കണക്കാക്കുന്നു.

ഇറാന്‍ ജനത വികസനത്തിനോ കൂടുതല്‍ സംഘര്‍ഷത്തിനോ? ലോകം ഉറ്റുനോക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍