UPDATES

വിദേശം

പിടിച്ചെടുത്ത രണ്ട് ഏണ്ണക്കപ്പലുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സൂചന നല്‍കി ഇറാന്‍

യൂറോപ്യൻ രാജ്യങ്ങളുമായി യാതൊരുവിധ സംഘർഷത്തിനും തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യക്ക് ആശ്വാസവാക്കുകളുമായി ഇറാന്‍ രംഗത്ത്. തങ്ങള്‍ പിടിച്ചെടുത്ത രണ്ട് ഏണ്ണക്കപ്പലുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. യൂറോപ്യൻ രാജ്യങ്ങളുമായി യാതൊരുവിധ സംഘർഷത്തിനും തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പറഞ്ഞു. ‘ജിബ്രാൾട്ടറിലെ തെറ്റായ നടപടികളിൽ നിന്ന് ബ്രിട്ടൻ മാറിനിൽക്കുകയാണെങ്കിൽ അവർക്ക് ഇറാനിൽ നിന്ന് ഉചിതമായ പ്രതികരണം ലഭിക്കുമെന്ന്’ റുഹാനി വ്യക്തമാക്കി.

ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദിയുടെ രണ്ട് ദിവസത്തെ ഇറാന്‍ സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽനിന്നും ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോയും മറ്റൊരു എണ്ണക്കപ്പലും ഇറാന്‍ പിടിച്ചെടുത്തത്. അതോടെ ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു.

കപ്പല്‍ മോചിപ്പിക്കാനുള്ള ചർച്ചകൾക്കായി യു.കെ-യുടെ പ്രതിരോധ സെക്രട്ടറി പെന്നി മൊർഡോണ്ടിന്റെ അഭ്യർത്ഥന മാനിച്ചാണ് താൻ ഈ ആഴ്ച ടെഹ്‌റാന്‍ സന്ദര്‍ശിക്കുന്നതെന്ന് അബ്ദുൾ മഹ്ദി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ കൂടിക്കാഴ്ച ഫലം കണ്ടുവെന്നുവേണം അനുമാനിക്കാന്‍.

ജിബ്രാൾട്ടറിൽ നിന്ന് ഗ്രേസ്-1 എന്ന ഇറാനിയൻ കപ്പൽ യുകെ പിടിച്ചെടുത്തതിനെത്തുടർന്നാണ് സ്റ്റെന ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. യു.കെ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വിട്ടുനല്‍കുന്നതിന് ലണ്ടനിലെ ഇറാനിയൻ ഉദ്യോഗസ്ഥരുമായി അനുരഞ്ജന ചർച്ചകൾ നടക്കുന്നതിനിടെയാണ് അവരെ ഞെട്ടിച്ചുകൊണ്ട് ഇറാന്‍ സ്റ്റെന ഇംപെറോ പിടിച്ചെടുത്ത് ശക്തമായ മറുപടി നല്‍കിയത്. സിറിയയിലേക്ക് എണ്ണ കയറ്റി അയക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ഗ്രേസ്-1 വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടണ്‍ ഉറപ്പു നല്‍കിയിരുന്നു. ഗ്രേസ്-1ലുള്ള ഏണ്ണ സിറിയയിലേക്കല്ല അയക്കുന്നതെന്നും എന്നാല്‍ അത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇറാന്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ഇല്ലാതാക്കാനാണ് അമേരിക്കയും ആഗ്രഹിക്കുന്നതെന്ന് പുതിയ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ബുധനാഴ്ച പറഞ്ഞിരുന്നു.

സംഘർഷാന്തരീക്ഷത്തിന് അയവുവരുത്തുന്നതാണ് ഇറാന്റെ പ്രസ്താവനയ‌്ക്ക് പിന്നാലെ ബ്രിട്ടീഷ് ചരക്ക് കപ്പൽ ബിഡബ്ല്യു എലം ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയി. വെള്ളിയാഴ്ച ബ്രിട്ടീഷ് എണ്ണ കപ്പൽ സ്‌റ്റെന എംപെേറാ ഇറാൻ പിടികൂടിയശേഷം ഇതുവഴി കടന്നുപോകുന്ന ആദ്യ ബ്രിട്ടീഷ് കപ്പലാണിത്.

പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൈനിക നടപടിയല്ല, നയതന്ത്ര മാര്‍ഗ്ഗങ്ങളാണ് നോക്കുന്നതെന്നും, എന്നാല്‍ പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹണ്ട്, പ്രദേശത്തെ നാവിഗേഷന്‍ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, എല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ കഴിയണമെന്നും പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാൻ യൂറോപ്യൻ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കാൻ യുകെ പദ്ധതിയിടുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.

അതേസമയം, ഇറാൻ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായി കമ്പനി അറിയിച്ചു.

Explainer: ഹോര്‍മുസ് കടലിടുക്ക് എന്തുകൊണ്ട് തന്ത്ര പ്രധാനമാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍